KeralaNews

ഇന്ന്‍ ഓണത്തിന്‍റെ പുറപ്പാടറിയിക്കുന്ന പിള്ളേരോണം

ബാല്യത്തിന്റെ പുഞ്ചിരി മൊട്ടുകളില്‍ പൂവിളി ഉണരുകയായി. ഇനി തിരുവോണ നാളിലേക്ക് വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരം.. വാര്‍ദ്ധക്യത്തിന്റെ പഴംപാട്ടുകളില്‍ ഇന്നും മങ്ങാതെ നില്‍ക്കുന്ന ഓണമാണ് പിള്ളേരോണം. മനസിന്റെ തൂശന്‍ തളിരിലയില്‍ ഓര്‍മകള്‍ വിളമ്പിത്തുടങ്ങുമ്പോള്‍ നിങ്ങളും കേള്‍ക്കുന്നില്ലേ ഇളംവെയിലുമായി ഒരു കൊച്ചോണത്തിന്റെ താളപ്പെരുക്കം..മുന്നോട്ടുള്ള വഴികളിലെവിടെയോ വച്ച് ഇന്നിന്റെ ബാല്യങ്ങള്‍ക്ക്‌ കൈമോശം വന്ന നഷ്ടസൌഭാഗ്യമാണ് പിള്ളേരോണം. ഇന്ന്‍ പിള്ളേരോണമാണെന്ന് അറിയുന്നവര്‍ എത്രപേരുണ്ട് നമുക്കിടയില്‍..സാധാരണയായി പിള്ളേരോണം ചിങ്ങം പുലരുന്നതിനു മുന്‍പാണ്… ചിങ്ങത്തിലെ തിരുവോണത്തിനു 27 ദിവസം മുന്‍പ് കര്‍ക്കടകത്തിലെ തിരുവോണ നാളില്‍ ആയിരുന്നു പിള്ളേരോണം കൊണ്ടാടിയിരുന്നത്. എന്നാല്‍ ഇത്തവണ ചിങ്ങം ഒന്നിനാണ് പിള്ളേരോണം. ചിങ്ങത്തിലെ ഓണത്തിനു കൃത്യം ഇരുപത്തിയേഴു ദിവസം മുമ്പ് ചിങ്ങമാസ പുതുപുലരിയില്‍ തിരുവോണം നാളില്‍ അത് സമാഗതമായിരിക്കുന്നു..

ബാല്യത്തിന്റെ ഉല്‍സവമായിരുന്നു പിള്ളേരോണം.. മാവേലിയെ ചവുട്ടിതാഴ്ത്തിയ, രൂപത്തില്‍ ചെറിയവനായ വാമനന്റെ ഓര്‍മയ്ക്കു വൈഷ്ണവര്‍ ആഘോഷിച്ചു വന്ന ചെറിയ ഓണമായിരുന്നു അത്. എന്നാല്‍ പിന്നീട് അത് പിള്ളേരോണം എന്നു പേരു മാറുകയായിരുന്നു. ഓണക്കോടിയും പൂക്കളവും മനസില്‍ നിറച്ച് കൊണ്ടുള്ള ഒരു കൊച്ചു ഓണം. കാലം കടന്നു പോകെ ഐതിഹ്യങ്ങളുടെ മച്ചില്‍ പിള്ളേരോണവും ഉറക്കമായി. ഇന്ന് അധികമാര്‍ക്കും അറിയില്ല ബാല്യത്തിന് നിറവും ആഘോഷവുമായി ഇങ്ങനെയൊരു ഓണം ഉണ്ടായിരുന്നുവെന്ന്.

കര്‍ക്കടക മാസത്തില്‍ പത്തു നാള്‍ മഴ മാറി നില്‍ക്കുമെന്നാണ് മുത്തശ്ശിക്കഥ. അതില്‍ പത്താം വെയില്‍ ദിവസം പിള്ളേരോണമായിരുന്നു … സദ്യയൊരുക്കി കളികളുമായി വലിയ ആഘോഷമായിരുന്നു പണ്ടൊക്കെ.. തിരുവോണത്തിന്റെ അതേ പ്രാധാന്യത്തോടെ കുട്ടികള്‍ അരയും തലയും മുറുക്കി തൊടിയിലേക്കിറങ്ങും. മരക്കൊമ്പുകളില്‍ ആര്‍പ്പുവിളിയുമായി ഊഞ്ഞാലുകള്‍ കുതിച്ചുപൊങ്ങും. ബാല്യത്തിന്റെ നിഷ്‌കളങ്കതയില്‍ മലയാള നാട് നന്മയുടെ പൂരമാകും. ഓണം യാത്ര തുടങ്ങിയെന്നു മുതിര്‍ന്നവര്‍ക്കുള്ള അറിയിപ്പ് കൂടിയായിരുന്നു അത് ..

ആധുനികതയുടെ കടന്നുകയറ്റതോടെ പിള്ളേരോണത്തിനു മുമ്പുണ്ടായിരുന്ന പ്രാധാന്യം ഇന്നില്ലെങ്കിലും ഇന്നും കേരളത്തിന്റെ പല ഭാഗങ്ങളിലും പിള്ളേരോണം ആഘോഷിക്കുന്നുണ്ട്..തിരുവോണത്തിന്റെ കൊച്ചുപതിപ്പാണ്‌ ഇത്. അത്തപ്പൂക്കളമിടലും പുത്തനുടുപ്പുകളുമില്ലാതെ ഒരു ഓണാഘോഷം. എന്നിരുന്നാലും ഇത് ബാല്യകാലത്തിന്റെ അവകാശവും ഉത്സവവുമായിരുന്നു..മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികള്‍ക്കും ഉത്സവാഘോഷങ്ങള്‍ക്ക് അവകാശമുണ്ടെന്നു പറയാതെ പറഞ്ഞിരുന്ന ഒരു നാട്ടുനടപ്പ് ..അതുവഴി പ്രകൃതിയെയും മണ്ണിനെയും അറിയുവാനും സ്നേഹിക്കുവാനും പഠിപ്പിച്ചിരുന്ന ഒരു ഗൃഹപാഠം കൂടിയായിരുന്നു അത്. തോരാതെ പെയ്യുന്ന കര്‍ക്കിടകമഴയ്ക്കിടെയാണല്ലോ പിള്ളേരോണം വരുന്നത്. കുട്ടികള്‍ കോടിമുണ്ടുടുത്ത് തൂശനിലയില്‍ വിളമ്പിയ സദ്യക്ക് മുന്നിലിരിക്കുമ്പോള്‍ വറുതിയുടെ കരിമേഘങ്ങള്‍ പോലും നിറചിരിയുമായി ആമോദത്തോടെ നില്ക്കുമായിരുന്നു. തറവാട്ടുമുറ്റങ്ങള്‍ നിറയെ കലപിലയും കളി ചിരിയുമായി കുട്ടിപട്ടാളം നെട്ടോട്ടം ഓടുമ്പോള്‍ മുതിര്‍ന്നവര്‍ക്കൊപ്പം നിറഞ്ഞ മനസ്സുമായി പ്രകൃതിയും നില്ക്കും.

കുട്ടികള്‍ കൂടുതലുണ്ടെന്നതുതന്നെയാണ്‌ ഈ പിള്ളാരോണം ഗംഭീരമാകാന്‍ കാരണം. പിള്ളേരുകൂട്ടം ഇല്ലാതാവുമ്പോള്‍ പിന്നെന്ത്‌ പിള്ളേരോണം? ഇന്നത്തെ കുട്ടികളുടെ ഒരു വലിയ നഷ്ടമാണ്‌ ഈ പിള്ളേരോണം. കളികളും ആര്‍പ്പുവിളികളും സദ്യയുണ്ണലുമായി വന്നുപോകുമായിരുന്ന പിള്ളേരോണം ഇപ്പോഴത്തെ കുട്ടികള്‍ക്ക്‌ എവിടെ മനസ്സിലാകാന്‍ അല്ലേ? അവര്‍ക്ക്‌ ഓണമെന്നതും ഏതെങ്കിലും ഹോട്ടലിലോ ഫ്ളാറ്റുകളുടെ നാലുചുവരുകള്‍ക്കുള്ളിലോ ഒതുങ്ങുന്ന ഉണ്ണാന്‍ വിഭവങ്ങള്‍ കൂടുതലുള്ള ഒരു ദിനം മാത്രം. ഒപ്പം വിപണിയിലെ മേളകള്‍ കാണാനും ഷോപ്പിംഗ്‌ നടത്താനും മാത്രമുള്ളൊരു അവധിക്കാലം മാത്രമാകുമ്പോള്‍ ഇത്തരം ആചാരങ്ങള്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ആഘോഷം മാത്രമായി തീരുന്നു. ഇന്ന് കൂട്ടുകുടുംബ വ്യവസ്ഥിതി മാറി അണുകുടുംബങ്ങളായി..ഓരോ വീട്ടിലും ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമായി ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി ..കുട്ടികളുടെ ലോകമോ സൈബര്‍വലയ്ക്കുള്ളില്‍ ചുരുങ്ങി ..കാലത്തിനു മുന്നേ പായുന്ന മലയാളി മറവിയുടെ ഓരത്തുകൂട്ടിവച്ച ഒരുപാട് കുന്നിമണിക്കുരുക്കളുടെ കൂട്ടത്തില്‍ പിള്ളേരോണവും ഒതുങ്ങി ..മടിശ്ശീലയില്‍ കഥനുറുങ്ങുകള്‍ ഒളിപ്പിച്ചുവച്ച മുത്തശ്ശിക്കൊപ്പം ഇല്ലാതെയായത്‌ നാട്ടുമണം പേറുന്ന ഇത്തരം ഒത്തിരി ആഘോഷങ്ങള്‍ കൂടിയാണ് ..

വീടുകള്‍ നിറയെ കുട്ടികള്‍ ഉണ്ടായിരുന്ന ഒരു നല്ലകാലത്തിന്റെ നഷ്ടസ്മൃതികളുമായി തറവാട്ടുമുറ്റങ്ങളും കുളങ്ങളും ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ എല്ലാം ഇന്നൊരോര്‍മ മാത്രമായി നമ്മള്‍ മലയാളികളും…പക്ഷേ ആ നഷ്ടത്തിന്റെ വില എത്രയെന്ന് അളക്കാന്‍ ഇന്നു നമുക്കാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം ..

shortlink

Related Articles

Post Your Comments

Related Articles


Back to top button