തിരുവനന്തപുരം: സുരക്ഷാ ഭീഷണിയുയർത്തി സംസ്ഥാനത്ത് വ്യാജ സിംകാർഡ് വിൽപ്പന പുരോഗമിക്കുന്നു. തിരിച്ചറിയൽ രേഖകൾ ഇല്ലാതെയാണ് സിംകാർഡ് വിൽക്കുന്നത്.അന്യ സംസ്ഥാന തൊഴിലാളികൾക്കും വിദേശ വിനോദ സഞ്ചാരികൾക്കുംഇത്തരത്തിലാണ് മിക്ക മൊബൈൽ ഷോപ്പുകളിലും സിം കാർഡുകൾ നൽകുന്നത്. അന്യ സംസ്ഥാന തൊഴിലാളികൾ തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. റീടെയിൽ ഷോപ്പുകളെക്കൂടാതെ ഇതിനു പിന്നിൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.
സംസ്ഥാനത്തിനകത്തുള്ളവരുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന സിം കാർഡുകളാണ് അന്യ സംസ്ഥാന തൊഴിലാളികൾക്കും മറ്റും മറിച്ചു വിൽക്കപ്പെടുന്നത്.സിം കാർഡിനായി തിരിച്ചറിയൽ രേഖയുടെ കോപ്പി അപേക്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തി ഒപ്പിട്ടു നൽകേണ്ടതുണ്ട്. ഏതെങ്കിലും കാരണം പറഞ്ഞ് ഇത്തരത്തിൽ ഒന്നിലധികം തിരിച്ചറിയൽ രേഖകൾ അപേക്ഷകന്റെ കയ്യിൽ നിന്നും കരസ്ഥമാക്കിയാണ് വ്യാജ സിം കാർഡുകൾ രജിസ്റ്റർ ചെയ്യുന്നത്.നൽകുന്ന തിരിച്ചറിയൽ രേഖ പര്യാപ്തമല്ലെന്ന് , ഡീലർ പറയുമ്പോൾ ആദ്യം ഒപ്പിട്ടു നൽകിയ രേഖ പലപ്പോഴും ഉപഭോക്താക്കൾ തിരികെ വാങ്ങാറില്ല . ഇത്തരത്തിൽ എടുക്കപ്പെടുന്ന വ്യാജ സിം കാർഡുകൾ സംസ്ഥാനത്ത് മേൽവിലാസമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ളവർക്ക് വില കൂട്ടി വിറ്റഴിക്കപ്പെടുന്നു . ഇവരുടെ കൂട്ടത്തിൽ ക്രിമിനൽ സ്വഭാവമുള്ളവർ ഉണ്ടെങ്കിൽ അവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് നിരപരാധികൾ കൂടി ഇരയാകുന്ന സാഹചര്യത്തിന് ഇത്തരത്തിലുള്ള വ്യാജ സിം കാർഡുകൾ വഴി വയ്ക്കുന്നുണ്ട്
Post Your Comments