എന്റെ പ്രിയപ്പെട്ട നാട്ടുകാരെ,
നമ്മുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഈ മംഗളകരമായ വേളയില്‍ 125 കോടി സഹപൗരന്മാര്‍ക്കും ലോകമെമ്പാടുമുള്ള മുഴുവന്‍ ഇന്ത്യന്‍ വംശജര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഈ എഴുപതാം വര്‍ഷം പുതിയൊരു ഉത്സാഹത്തോടെയും ഊര്‍ജ്ജത്തോടെയും രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള പുതിയൊരു നിശ്ചയദാര്‍ഢ്യത്തിന്റെ കൂടി ആഘോഷമാണ് .നമ്മുടെ ദശലക്ഷം പൂര്‍വ്വപിതാമഹന്മാരുടെ ത്യാഗങ്ങളുടെയും ആത്മാര്‍പ്പണത്തിന്റെയും തപസ്സിന്റെയും ഫലമായാണ് നമുക്ക് സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി വിശ്രമമില്ലാതെ പോരാടിയ മഹാത്മാ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍, പണ്ഡിറ്റ് നെഹ്‌റു തുടങ്ങിയവരെയും എണ്ണമറ്റ മഹാപുരുഷന്മാരെയും നാം ഓര്‍ക്കുന്നു. അവരുടെ പോരാട്ടങ്ങളുടെ ഫലമായാണ് നാമിന്ന് സ്വതന്ത്രമായി കഴിയുന്നത്.
ഇന്ത്യയുടെ പ്രായം കേവലം 70 വയസ്സല്ല. നീണ്ട നാളത്തെ അടിമത്തത്തിന് ശേഷം സ്വാതന്ത്ര്യം ലഭിച്ചതിനാല്‍ ഈ 70 വര്‍ഷക്കാലത്തെ യാത്രയ്ക്കിടയില്‍ രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ നാം നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാഷ്ട്രത്തെ ഏകീകരിച്ചു. ഈ രാഷ്ട്രത്തെ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ചുമതല നമുക്ക് ഏവര്‍ക്കുമാണ്. ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് നമുക്കെല്ലാവര്‍ക്കും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കേണ്ടതുണ്ട്.
സഹോദരീ സഹോദരന്മാരെ,
നാം സ്വാതന്ത്ര്യം നേടിയത് സൗജന്യമായിട്ടല്ല. പീഡനങ്ങള്‍ അസംഖ്യമായിരുന്നു, പക്ഷെ, നമ്മുടെ നിശ്ചയദാര്‍ഢ്യം പിന്തിരിപ്പിക്കാനാകാത്തതായിരുന്നു. ഓരോ ഇന്ത്യാക്കാരനും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിലെ സേനാനിയായിരുന്നു. അവര്‍ ഓരോരുത്തരും ഒരു സ്വതന്ത്ര ഇന്ത്യയെ സ്വപ്നം കണ്ടു. പക്ഷെ ഓരോ ഇന്ത്യാക്കാരനും ഒരു നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. മഹാത്മജിയുടെ നേതൃത്വവും എല്ലാം ത്യജിച്ച എണ്ണമറ്റ വിപ്ലവകാരികളുടെ പ്രചോദനവുമുണ്ടായിരുന്നു. ഇത്തരത്തിലുള്ള എല്ലാ പ്രസ്ഥാനങ്ങളും നമ്മുടെ സ്വാതന്ത്ര്യ സമ്പാദനത്തിന് സംഭാവന നല്‍കി. പക്ഷെ, ഇന്ന് നമുക്ക് ഈ സ്വാതന്ത്ര്യത്തെ ‘യഥാര്‍ത്ഥ സ്വാതന്ത്ര്യ’മാക്കി മാറ്റണം. ഇപ്പോള്‍ ഇതാണ് 125 കോടി ഇന്ത്യാക്കാരുടെ നിശ്ചയദാര്‍ഢ്യം.പരിത്യാഗവും മനുഷ്യപ്രയത്‌നവും, ധീരതയും, ആത്മസമര്‍പ്പണവും ധീരതയും അച്ചടക്കവും ഇല്ലാതെ ‘യഥാര്‍ത്ഥ സ്വാതന്ത്ര്യം നേടാനാവില്ല.. അതിനാല്‍ 125 കോടി ഇന്ത്യാക്കാരുടെ ഈ നിശ്ചയദാര്‍ഢ്യം മുന്നോട്ടു കൊണ്ടുപോകാന്‍, ഏറ്റവും പ്രതിബദ്ധമായ രീതിയില്‍ വ്യക്തമായ ചുമതലകളോടെ നമുക്ക് ഏവര്‍ക്കും മുന്നോട്ടു നീങ്ങേണ്ടതുണ്ട്. പഞ്ചായത്താകട്ടെ പാര്‍ലമെന്റാകട്ടെ, ഗ്രാമമുഖ്യനാകട്ടെ പ്രധാനമന്ത്രിയാകട്ടെ നാം ഓരോരുത്തരും എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും തങ്ങളുടെ ചുമതലകള്‍ പൂര്‍ണ്ണമായും കൃത്യമായും നിര്‍വ്വഹിക്കണം. എന്നാല്‍ മാത്രമേ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ സ്വപ്നം എത്രയും വേഗം സാദ്ധ്യമാവുകയുള്ളൂ.
ഇന്നത്തെ കാലത്ത് നമ്മുടെ രാജ്യം നിരവധി പ്രശ്‌നങ്ങളുടെ നടുക്കാണ് എന്ന് പറയുന്നത് ശരിയാണ്. പക്ഷെ, നമുക്ക് പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവ പരിഹരിക്കാനുള്ള ശേഷിയും നമുക്കുണ്ടെന്നത് നാം ഒരിക്കലും മറക്കരുത്. നമ്മുടെ എല്ലാ ശേഷികളോടും കൂടി നാം മുന്നേറിയാല്‍ ഇക്കാണുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളും നാം കണ്ടെത്തും. അതിനാല്‍ സഹോദരീ സഹോദരന്മാരെ, നമുക്ക് ലക്ഷക്കണക്കിന് പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ ശേഷിയുള്ള 125 കോടി തലച്ചോറുകളുമുണ്ട്.
അധിക്ഷേപങ്ങളാല്‍ ഗവണ്‍മെന്റ് ചുറ്റപ്പെട്ട ഒരു സമയമുണ്ടായിരുന്നു. പക്ഷെ ഇന്ന് കാലം മാറി. നിലവില്‍ ഗവണ്‍മെന്റിനെതിരെ ഒരധിക്ഷേപവും ഉന്നയിക്കപ്പെട്ടിട്ടില്ല. മറിച്ച്, ജനങ്ങള്‍ക്ക് അതില്‍ നിന്ന് വലിയ പ്രതീക്ഷകളാണുള്ളത്. പ്രതീക്ഷകള്‍ സദ്ഭരണത്തിലേക്കുള്ള വേഗം കൂട്ടുകയും ഊര്‍ജ്ജം പകരുകയും ചെയ്യുന്നതിനാല്‍ പ്രതിജ്ഞകള്‍ തടസ്സം കൂടാതെ നിറവേറ്റപ്പെടും.ഇന്ന് ഞാന്‍ ചുവപ്പുകോട്ടയിൽ നിന്ന് നിങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍, സദ്ഭരണത്തിന്റെ പ്രയാണവും ഗവണ്‍മെന്റ് കാഴ്ചവെയ്ക്കുന്ന പ്രവര്‍ത്തനങ്ങളും രാജ്യത്തിനു വേണ്ടി ചെയ്തതും ചെയ്യേണ്ടുന്നതുമായ കാര്യങ്ങളും, സ്വാഭാവികമായും നാം ചര്‍ച്ച ചെയ്യണം. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും, കൈക്കൊണ്ട നടപടികളെക്കുറിച്ചും, ബഹുവിധ വിഷയങ്ങളെക്കുറിച്ചുമുള്ള വിശദമായ കണക്ക് എനിക്ക് നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കാം.രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ എണ്ണമറ്റ സംരംഭങ്ങള്‍ക്ക് ഗവണ്‍മെന്റ് തുടക്കമിടുകയും പലമടങ്ങായ ജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അവയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ഞാന്‍ മുതിര്‍ന്നാല്‍ ചുവപ്പുകോട്ടയുടെ ഈ കൊത്തളത്തില്‍ നിന്ന് ഏതാണ്ട് ഒരാഴ്ചയോളം അതേക്കുറിച്ച് പറയേണ്ടിവരുമെന്ന് ഞാന്‍ ഭയക്കുന്നു. ആ ആകര്‍ഷണത്തിന് പകരം ഗവണ്‍മെന്റിന്റെ തൊഴില്‍ സംസ്‌ക്കാരത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഗവണ്‍മെന്റ് ഉത്തരവാദിത്ത്വമുള്ളതായിരിക്കണം. കാരണം, അങ്ങനെയല്ലെങ്കില്‍ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹാരം കാണാതെ കെട്ടിക്കിടക്കും. ഈ മാറ്റം എങ്ങനെ വന്നു. ഇന്ന് സാങ്കേതികവിദ്യ ലഭ്യമാണ്. പക്ഷെ, സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒരു മിനിറ്റില്‍ കേവലം രണ്ടായിരം റെയില്‍വെ ടിക്കറ്റുകള്‍ മാത്രം ലഭിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതു കണ്ടവര്‍ക്ക് ഓര്‍മ്മയുണ്ടാകും, വെബ്ബ്‌സൈറ്റ് എപ്പോള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നറിയാതെ ബഫറിംഗ് മാത്രം ദൃശമായിരുന്നത്. പക്ഷെ ഒരു മിനിറ്റില്‍ 15,000 ടിക്കറ്റുകള്‍ ലഭിക്കുമെന്ന് ഇന്നെനിക്ക് സംതൃപ്തിയോടെ പറയാം. ഗവണ്‍മെന്റ് ഉത്തരവാദിത്ത്വമുള്ളതായിരിക്കണം. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും, പ്രതീക്ഷകള്‍ക്കും ഒത്തുള്ള നടപടികള്‍ അത് കൈക്കൊള്ളണം. പലപ്പോഴും പോലീസുകാരെക്കാള്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ മൂലം ബുദ്ധിമുട്ടുന്ന വലിയൊരു വിഭാഗം, പ്രത്യേകിച്ച് മധ്യവര്‍ഗ്ഗ, ഉയര്‍ന്ന മധ്യവര്‍ഗ്ഗ വിഭാഗം രാജ്യത്തുടനീളമുണ്ട്. ഈ സ്ഥിതിവിശേഷം എനിക്ക് മാറ്റിയേ പറ്റൂ. അതിനായി ഞാന്‍ ശ്രമിക്കുകയാണ്. തീര്‍ച്ചയായും അത് മാറ്റുക തന്നെ ചെയ്യും.
സദ്ഭരണത്തിന്റെ സുതാര്യതയ്ക്ക് ഊന്നല്‍ കൊടുക്കേണ്ടതും അത്ര തന്നെ പ്രധാനപ്പെട്ടതാണ്. ഒരു ആഗോള ബന്ധം സമൂഹത്തിലിന്ന് ഒരു സാധാരണ കാര്യമായി മാറിക്കഴിഞ്ഞുവെന്ന് നിങ്ങള്‍ക്കറിയാം. മധ്യവര്‍ഗ്ഗത്തില്‍പ്പെട്ട ഒരാള്‍ക്ക് പാസ്‌പോര്‍ട്ട് വേണമെങ്കില്‍-40 ലക്ഷം, 50 ലക്ഷം അപേക്ഷകള്‍ വരെ സ്വീകരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ഏകദേശം രണ്ടുകോടി ജനങ്ങള്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നു. നേരത്തെ ശുപാര്‍ശകളൊന്നുമില്ലെങ്കില്‍ അപേക്ഷയുടെ പരിശോധനയ്ക്കായി നാലു മുതല്‍ ആറു മാസം വരെ എടുത്തിരുന്നു. ഈ സ്ഥിതിവിശേഷത്തിന് ഞങ്ങള്‍ മാറ്റംവരുത്തി. ശരിയായ വിശദാംശങ്ങളുള്ള അപേക്ഷകളിന്മേല്‍ പൗരന്മാര്‍ക്ക് ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ ഇന്ന് പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് എനിക്ക് അഭിമാനത്തോടെ പറയാം. അതില്‍ സുതാര്യതയുണ്ട്, യാതൊരു ശുപാര്‍ശയുടെയോ ചാഞ്ചല്യത്തിന്റെയോ ആവശ്യവുമില്ല. എനിക്കിന്ന് പറയാം, 2015-16-ല്‍ മാത്രം ഞങ്ങള്‍ 1.75 കോടി പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തുവെന്ന്.
ഗവണ്‍മെന്റ് ഏതെങ്കിലും ഒരു പദ്ധതി പ്രഖ്യാപിച്ചാല്‍ അതുകൊണ്ടുമാത്രം സാധാരണക്കാരന്‍ തൃപ്തിയടയുന്ന ഒരു കാലമുണ്ടായിരുന്നു. കേവലം പ്രഖ്യാപനം മാത്രമുണ്ടായാലും എന്തെങ്കിലും പ്രത്യക്ഷമായി നടക്കുമെന്ന് അവര്‍ കരുതിയിരുന്നു. പിന്നീട് ജനങ്ങള്‍ പദ്ധതിയുടെ രൂപരേഖ ചോദിച്ച കാലംവന്നു. പിന്നീട് ജനങ്ങള്‍ പദ്ധതിയുടെ ബജറ്റിനെക്കുറിച്ച് ആരാഞ്ഞ കാലവും വന്നു. ഈ 70 വര്‍ഷത്തിനിടെ രാജ്യത്തിന്റെ ഭാവംതന്നെ മാറി. കേവലം പ്രഖ്യാപനം കൊണ്ട് തൃപ്തിയടയില്ല, പദ്ധതിയുടെ രൂപരേഖ കണ്ടാലോ, ബജറ്റ് വിഹിതം അറിഞ്ഞാലോ അംഗീകരിക്കാന്‍ തയ്യാറല്ല. യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ നടപ്പിലായതുമാത്രമെ അവര്‍ സ്വീകരിക്കുകയുള്ളൂ. പഴയ ഗതിവേഗത്തില്‍ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ നമുക്കിന്നാവില്ല. നമ്മുടെ ജോലിയുടെ ഗതിവേഗം കൂടുതല്‍ വര്‍ദ്ധിപ്പിച്ചാല്‍ മാത്രമെ എന്തെങ്കിലും ചെയ്തുവെന്ന് നമുക്ക് പറയാന്‍ കഴിയൂ. ഗ്രാമീണ റോഡുകള്‍ നമ്മുടെ രാജ്യത്ത് എല്ലാക്കാലത്തും നിലനിന്നിരുന്ന ഒരു വിഷയമാണ്. ശരിയായ റോഡുകള്‍ക്ക് വേണ്ടി ഓരോ ഗ്രാമീണ പൗരനും കേണിരുന്നു. അതൊരു വലിയ ജോലിയാണ്. അടല്‍ ബിഹാരി വാജ്‌പേയ്ജി ഈ ജോലി പ്രത്യേകമായി ഏറ്റെടുത്തു. പിന്നീട് വന്ന ഗവണ്‍മെന്റുകളും ഇത് തുടര്‍ന്നു. ഇതിനെ വേഗത്തിലാക്കാന്‍ ഞങ്ങള്‍ ശ്രമങ്ങള്‍ നടത്തി. നേരത്തെ പ്രതിദിനം 70 മുതല്‍ 75 കിലോമീറ്റര്‍ വരെ ഗ്രാമീണ റോഡുകള്‍ പൂര്‍ത്തിയാക്കിയിരുന്ന സ്ഥാനത്ത് പ്രതിദിനം 100 കിലോമീറ്റര്‍ വരെയാക്കി ഞങ്ങള്‍ ഗതിവേഗം വര്‍ദ്ധിപ്പിച്ചു. വരുംനാളുകളില്‍ ഈ ഗതിവേഗം സാധാരണക്കാരന്റെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കും.
കഴിഞ്ഞ 10 വര്‍ഷക്കാലത്തെ റെയില്‍വെ ലൈനുകളുടെ കമ്മീഷനിംഗ് എടുത്താല്‍ അത് 1500 കിലോമീറ്റര്‍ എന്ന നിരക്കിലായിരുന്നു. കമ്മീഷനിംഗ് എന്നാല്‍ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി ട്രെയിനുകള്‍ ഓടിക്കാന്‍ ശേഷി കൈവരിക്കുന്നു എന്നര്‍ത്ഥം. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇത് 3500 കിലോമീറ്ററാക്കി ഞങ്ങള്‍ ഉയര്‍ത്തി. ഇത് കൂടുതല്‍ ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍.
പ്രധാനമന്ത്രി ജന്‍ധന്‍ യോജനക്ക് ഞങ്ങള്‍ തുടക്കമിട്ടപ്പോള്‍ അത് ഏതാണ്ട് അസാദ്ധ്യമായൊരു ദൗത്യമായിരുന്നു. ഗവണ്‍മെന്റുകളും ബാങ്കുകളും ഉണ്ടായിരുന്നുവെങ്കിലും, ദേശസാല്‍ക്കരണം നേരത്തെ നടപ്പിലായിരുന്നുവെങ്കിലും രാജ്യത്തെ സാധാരണക്കാരന് ദേശീയ സമ്പദ്ഘടനയുടെ മുഖ്യധാരയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞിരുന്നില്ല.ജന്‍ ധന്‍ യോജനയില്‍ 21 കോടി പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ ഈ അസാദ്ധ്യ ദൗത്യം പൂര്‍ത്തിയാക്കി. ഇത് ഗവണ്‍മെന്റിന്റെ നേട്ടമല്ല, മറിച്ച് രാജ്യത്തെ 125 കോടി നാട്ടുകാരുടെ നേട്ടമാണ്. ഞാനതിന് അവരെ അഭിവാദ്യം ചെയ്യുന്നു. രാജ്യത്തെ ഗ്രാമങ്ങളിലെ സ്ത്രീകളുടെ അഭിമാനത്തിനായുള്ള പ്രചാരണം ഇന്ന് പ്രധാനപ്പെട്ട ഒരു വിഷയമാണ്. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്ന സമ്പ്രദായം അവസാനിപ്പിക്കണം. ഗ്രാമങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കണം.ഈ കുറഞ്ഞ കാലത്തിനുള്ളില്‍ രാജ്യത്തെ ഗ്രാമങ്ങളില്‍ രണ്ടുകോടിയിലധികം ശൗചാലയങ്ങള്‍ ഇതിനകം നിര്‍മ്മിച്ചു കഴിഞ്ഞുവെന്ന് എനിക്ക് അവകാശപ്പെടാനാകും. 70,000-ത്തിലധികം ഗ്രാമങ്ങളാണ് ഇന്ന് തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതില്‍ നിന്ന് വിമുക്തമായിട്ടുള്ളത്. സാധാരണക്കാരന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനായിട്ടാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
നിങ്ങളുടെ വീടുകളില്‍ എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുക വഴി രാജ്യത്തിന്റെ 1,25,000 കോടി രൂപ നിങ്ങള്‍ക്ക് ലാഭിക്കാം. 20,000 മെഗാവാട്ട് വൈദ്യുതി ലാഭിച്ചുകൊണ്ട് ആഗോള താപനത്തിനെതിരെ നമുക്ക് പോരാടുകയും പ്രകൃതി സംരക്ഷണത്തിനായുള്ള ശ്രമങ്ങളില്‍ സംഭാവന നല്‍കുകയും ചെയ്യാം. ഒരു സാധാരണക്കാരനു പോലും ഇതില്‍ സംഭാവനകളര്‍പ്പിക്കാം.ഊര്‍ജ്ജത്തിനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമായി നാം മറ്റുരാജ്യങ്ങളെ ആശ്രയിക്കുന്ന കാര്യം നിങ്ങള്‍ക്കറിയാം. നീണ്ടകാലയളവില്‍ നിശ്ചിത വിലക്ക് ഈ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ അവരുമായി നാം ദീര്‍ഘകാല കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. 2024 വരെ വാതകം വാങ്ങിക്കുന്നതിന് ഖത്തറുമായി നമ്മള്‍ കരാറിലെത്തിയിരുന്നു. പക്ഷേ ഈ വില നമ്മുടെ സാമ്പത്തികരംഗത്തെ സംബന്ധിച്ചിടത്തോളം വളരെ കൂടുതലാണ്. നമ്മുടെ നയതന്ത്രബന്ധം വഴി ഖത്തറുമായി വിലപേശാനും, അവരുടെ അവകാശമായിരുന്ന ഈ കരാറില്‍ പുനര്‍വിലനിര്‍ണ്ണയം നടത്താനും സാധിച്ചു. ഇതുവഴി പൊതുഖജനാവിന് 2,000 കോടി രൂപ ലാഭിക്കാനായി. ഈ 2,000 കോടി രൂപ ലഭിക്കാന്‍ ഖത്തറിന് അര്‍ഹതയുണ്ടായിരുന്നു. പക്ഷേ, അവരുമായുള്ള നമ്മുടെ ബന്ധവും നമ്മുടെ നയങ്ങളും അസാധ്യമായതിനെ സാധ്യമാക്കി. എല്ലാ ഗവണ്‍മെന്റുകളുടെയും കാലത്ത് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരുന്നു. നമ്മെ മധേഷ്യയുമായി ബന്ധിപ്പിക്കുന്ന ചാബാഹര്‍ തുറമുഖത്തിനായും നാം ശ്രമിച്ചു. അസാധ്യമായത് സാധ്യമാക്കിയതില്‍ ഞാന്‍ ഏറെ സംതൃപ്തി അനുഭവിക്കുന്നു.
ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന മറ്റൊരു കാര്യം സാധാരണക്കാരനെ ബാധിക്കുന്ന ഒരു കാര്യമാണ് വിലക്കയറ്റം. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് പണപ്പെരുപ്പ നിരക്ക് 10 ശതമാനം കടന്നുവെന്നത് സത്യമാണ്. നമ്മുടെ തുടര്‍ച്ചയായുള്ള പരിശ്രമങ്ങള്‍ വഴി ഇത് ആറ് ശതമാനത്തില്‍ താഴെയാക്കി നിര്‍ത്താന്‍ നമുക്ക് സാധിച്ചു. ഇതുമാത്രമല്ല. പണപ്പെരുപ്പ നിരക്ക് നാല് ശതമാനമാക്കി നിലനിര്‍ത്താന്‍ റിസര്‍വ്വ് ബാങ്ക് നടപടികളെടുക്കാന്‍ ആര്‍ബിഐയുമായി ഗവണ്‍മെന്റ് കരാറിലെത്തി . പണപ്പെരുപ്പത്തെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ പഴങ്കഥയാക്കി നാം മുന്നോട്ടുപോകണം.
പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന നാം ആവിഷ്‌കരിച്ചു. താരതമ്യേന കുറഞ്ഞ പ്രീമിയത്തിന് സുനിശ്ചിതമായ കവറേജോടുകൂടി കൃഷിഭൂമിക്കും കാര്‍ഷിക വിഭവങ്ങള്‍ക്കും ഇത് പരിരക്ഷ നല്‍കുന്നു. 15 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാനായി പുതിയ വെയര്‍ഹൗസുകള്‍ നാം പണിതു. മൂല്യവര്‍ധന നടപ്പിലാക്കിയാലേ നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കൂ. ഇതിനായി ഇതാദ്യമായി ഭക്ഷ്യസംസ്‌കരണത്തിന് നാം പ്രത്യേകം ഊന്നല്‍ വല്‍കുന്നു. ഈ മേഖലയില്‍ 10 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം നാം പ്രോത്സാഹിപ്പിക്കുന്നു. കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് ഇത് കരുത്ത് പകരുകയും 2022 ഓടെ നമ്മുടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള സ്വപ്‌നം സഫലമാക്കുകയും ചെയ്യും. സ്റ്റാര്‍ട്ട് അപ്ഇന്ത്യയെക്കുറിച്ച് പറയുമ്പോള്‍ സ്റ്റാര്‍ട്ട് അപ് ഇന്ത്യക്കായും നാം മുന്നോട്ട് ചുവടുകള്‍ വെയ്ക്കുന്നു. പ്രതീകങ്ങളിലല്ല, കാര്യത്തിലാണ് നാം ഊന്നല്‍ കൊടുക്കുന്നത്. ഒറ്റപ്പെട്ട വികസനത്തേക്കാള്‍ സംയോജിതമായ വികസനത്തിനാണ് നാം പ്രാമുഖ്യം നല്‍കുന്നത്.
സഹോദരീ സഹോദരന്മാരേ,
അന്താരാഷ്ട്ര പരാമര്‍ശ പ്രകാരം, ചടുലവും, പ്രവചനാത്മകവുമായ ഒരു സമ്പദ് വ്യവസ്ഥയായി നമ്മള്‍ മുന്നേറുന്ന രീതി- അടുത്ത കാലത്തായി പാസാക്കിയ ജിഎസ്ടി നിയമം അതിലേക്ക് ശക്തിപകരുന്ന ചുവടുവെയ്പായിരുന്നു, അതിന് എല്ലാ രാഷ്ട്രീയകക്ഷികളും അഭിനന്ദനം അര്‍ഹിക്കുന്നു. ഞങ്ങള്‍ എത്ര വേഗത്തില്‍ പ്രവര്‍ത്തിച്ചാലും, ഞങ്ങള്‍ ആരംഭിച്ച പദ്ധതികളുടെ എണ്ണം എത്ര തന്നെ ആയിരുന്നാലും, ഏത് ഗവണ്‍മെന്റിന്റെയും സദ്ഭരണത്തിന്റെ ഉരകല്ല് അവസാനത്തെയാള്‍ക്കുമത് ലഭ്യമാക്കുന്നതില്‍, അഥവാ ഗുണഫലങ്ങള്‍ അയാള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിലാണിരിക്കുന്നത്.
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് എല്‍പിജി കണക്ഷനുകള്‍ നല്‍കുന്ന ഒരു പദ്ധതി ഞങ്ങള്‍ ആരംഭിച്ചു. പാവപ്പെട്ട അമ്മമാര്‍ക്ക, അടുപ്പുകളില്‍ നിന്നുയരുന്ന പുകയില്‍ നിന്നും രക്ഷ നല്‍കാനായി ഉജ്വല എന്ന പേരില്‍ ചടുലമായ ഒരു പദ്ധതി ഞങ്ങള്‍ ആരംഭിച്ചു. വരുന്ന മൂന്ന് വര്‍ഷത്തിനിടയില്‍ അഞ്ച് കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പാചക വാതക കണക്ഷനുകള്‍ നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വിവര സാങ്കേതിക വിദ്യ, വാട്ട്‌സ്ആപ്പ്, മെസ്സേജുകള്‍ , ഇ-മെയിലുകള്‍ തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ മൂലം പോസ്റ്റ് ഓഫീസുകളുടെ പ്രാധാന്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യം പോസ്റ്റ് ഓഫീസ് ശൃംഖലകള്‍ക്ക് പ്രസിദ്ധമാണ്, ഈ പോസ്റ്റ് ഓഫീസുകളെ ഞങ്ങള്‍ പുനരുജ്ജീവിപ്പിച്ചു. പാവപ്പെട്ടവരോടും, പാര്‍ശ്വവത്കൃതരോടുമാണ് പോസ്റ്റ് ഓഫീസുകള്‍ ബന്ധപ്പെട്ട് കിടക്കുന്നത്. സാധാരണക്കാരന്റെ വികാരങ്ങളോടും, സ്‌നേഹവായ്പിനോടും ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരേയൊരു സര്‍ക്കാര്‍ പ്രതിനിധി പോസ്റ്റ്മാനാണ്. എല്ലാവരുടെയും സ്‌നേഹങ്ങളേറ്റു വാങ്ങുന്ന, എല്ലാവര്‍ക്കും പരിഗണന നല്‍കുന്ന ആ പോസ്റ്റ്മാന്റെ താത്പര്യങ്ങള്‍ ഞങ്ങള്‍ സംരക്ഷിച്ചില്ല. ഞങ്ങള്‍ പോസ്റ്റ് ഓഫീസുകളെ പേയ്‌മെന്റ് ബാങ്കുകളാക്കി മാറ്റാന്‍ നടപടികള്‍ സ്വീകരിച്ചു. പേയ്‌മെന്റ് ബാങ്കുകള്‍ സജ്ജീകരിക്കുന്നതിലൂടെ, രാജ്യത്തെ ഗ്രാമങ്ങളിലുടനീളം ബാങ്കുകളുടെ ശൃംഖല സ്ഥാപിക്കപ്പെടും. ജന്‍-ധന്‍ അക്കൗണ്ടിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തുക സാധാരണക്കാരന് ആധാറിലൂടെ സ്വന്തം അക്കൗണ്ടുകളിലേക്കാണ് നല്‍കുന്നത്, ഇതിലൂടെ അഴിമതിക്കേസുകളില്‍ കുറവുണ്ടായി. പോസ്റ്റ് ഓഫീസുകളെ പേയ്‌മെന്റ് ബാങ്കുകളാക്കുന്ന പദ്ധതിയുടെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കും.
നമ്മുടെ രാജ്യത്ത് മിക്കപ്പോഴും അഴിമതിയെക്കുറിച്ച് വലിയ സംസാരമുണ്ടാകുന്നതായി നാം കണ്ടിട്ടുണ്ട്. സമൂഹത്തിന്റെ താഴേത്തട്ടില്‍ നില്‍ക്കുന്ന പാവപ്പെട്ടവരെ അഴിമതി എങ്ങനെയാണ് ബാധിക്കുന്നതെന്നും, എങ്ങനെയാണ് വന്‍തോതില്‍ പണം പാഴാകുന്നതെന്നും ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് നയങ്ങളുമായി ഞങ്ങള്‍ ആധാര്‍ കാര്‍ഡും, ആധാര്‍ നമ്പരും ബന്ധിപ്പിച്ചു. പ്രിയ സഹോദരീ സഹോദരന്മാരേ, പൊതു ഖജനാവില്‍ നിന്നും പണം വിധവാ പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ്, വികലാംഗര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കായി അനുവദിക്കുന്ന സംവിധാനമായിരുന്നു മുന്‍പുണ്ടായിരുന്നത്, ഗുണഭോക്താക്കളുടെ പട്ടികയും ലഭിച്ചിരുന്നു. എന്നാല്‍ അതിലേക്ക് ശ്രദ്ധാപൂര്‍വ്വം നോക്കിയപ്പോള്‍ ജനച്ചിട്ടില്ലാത്ത കുട്ടികള്‍ വരെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും, പദ്ധതികളുടെ ഗുണഫലങ്ങള്‍ വാങ്ങുന്നതായും ഞങ്ങള്‍ കണ്ടെത്തി. മധ്യവര്‍ത്തികള്‍ ബില്യണ്‍കണക്കിന് രൂപ അപഹരിക്കുകയാണെന്ന കാര്യം ആരും ശ്രദ്ധിച്ചിട്ട് പോലുമില്ല.
ആധാര്‍ സംവിധാനത്തിലൂടെ, എല്ലാ മധ്യവര്‍ത്തികളെയും നീക്കം ചെയ്യുകയും, ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കുകയും, ദശലക്ഷക്കണക്കിന് വ്യാജ ഗുണഭോക്താക്കളെ കണ്ടെത്തുകയും അതിലൂടെ ബില്യണ്‍കണക്കിന് രൂപ ലാഭിക്കുകയും ചെയ്തു.അടുത്ത കാലത്തായി നിങ്ങള്‍ കണ്ടുകാണും ലോക ബാങ്കും, ഐഎംഎഫും, വേള്‍ഡ് എക്കണോമിക് ഫോറവും, അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ്ങ് ഏജന്‍സികളും, മറ്റ് ഏജന്‍സികളും എങ്ങനെയാണ് ഇന്ത്യയുടെ പുരോഗതിയെ അഭിനന്ദിച്ചതെന്ന്. നിയമ പരിഷ്‌കരണങ്ങള്‍, സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍, സമീപനത്തിലെ മാറ്റം എന്നിവയില്‍ ഒന്നിനു പിറകേ ഒന്നായി ഇന്ത്യയെടുത്ത തീരുമാനങ്ങള്‍ ലോകം നിരന്തരമായി നിരീക്ഷിക്കുകയാണ്. അനായാസമായി ബിസിനസ്സ് ചെയ്യുന്നതിലെ റേറ്റിങ്ങില്‍ നമ്മള്‍ വളരെപ്പെട്ടെന്ന് മുന്നേറി. വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍, നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ നമ്മുടെ രാജ്യം ലോകത്തെ ഏറ്റവും പ്രിയങ്കരമായ ഇടമായി ഇന്ന് മാറി. വളര്‍ച്ചാ നിരക്കിലും, ജിഡിപിയിലും നാം ലോകത്തെ വലിയ സമ്പദ്‌വ്യവസ്ഥകളെ പിന്നിലാക്കി.
ഇവിടെ നിന്നാണ് ഞാന്‍ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പ്രചാരണ പരിപാടിയെക്കുറിച്ച് സംസാരിച്ചത്.നമുക്കൊരു സമഗ്ര സമീപനമുണ്ടെങ്കിലും ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ സംരംഭങ്ങള്‍ക്കായി സമൂഹത്തിന്റെ സഹകരണം അവശ്യമുണ്ട്. എല്ലാ രക്ഷിതാക്കള്‍ക്കും അതിനെക്കുറിച്ച് അറിവുണ്ടാകണം. നാം പെണ്‍മക്കളെ ആദരിക്കണം, സംരക്ഷിക്കണം, ഗവണ്‍മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം. പെണ്‍മക്കള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന സുകന്യ സമൃദ്ധി യോജനയില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ അംഗമായി. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ക്ക് ഞങ്ങള്‍ അതീവ പ്രാധാന്യം നല്‍കുന്നു.ജിഎസ്ടിയിലൂടെ ഏകീകൃത നികുതി സംവിധാനം നടപ്പാക്കുന്നതിലൂടെ ഒരു ഏകീകൃത രീതി നിലവില്‍ വരുകയും അത് രാജ്യത്തെ വീണ്ടും ഐക്യപ്പെടുത്തുകയും ചെയ്യും. മുന്‍പ് അധികം ഊര്‍ജ്ജം കൈവശമുള്ളതും, ആരും ആവശ്യക്കാരില്ലാത്തതുമായ ഒരു മേഖലയുണ്ടായിരുന്നുവെന്ന കാര്യം നിങ്ങളെ അതിശയിപ്പിക്കും. മറ്റൊരു മേഖലയില്‍ വൈദ്യുതിയ്ക്ക് വമ്പിച്ച ആവശ്യമുണ്ടായിരിക്കുകയും, ഇരുട്ടിലായിരിക്കുകയും, ഫാക്ടറികള്‍ അടച്ചിടേണ്ടി വരുകയും ചെയ്തിരുന്നു. ‘ഒരേ രാഷ്ട്രം, ഒറ്റ ഗ്രിഡ്, ഒരു വില’ വിജയകരമായതിലൂടെ ഇതിനൊരു മാറ്റം വരുത്താനായി.
ഭാരത്-മാല, സേതു-ഭാരതം, ഭാരത്-നെറ്റ് തുടങ്ങിയ സംരംഭങ്ങളെ ഞങ്ങള്‍ ശക്തിപ്പെടുത്തി. രാജ്യത്തെയാകമാനം ബന്ധിപ്പിക്കാനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്, അവയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വികസനവും.ഇന്ത്യ യുവാക്കളുടെ ഒരു രാജ്യമാണെന്ന് ഇന്ന് മുഴുവന്‍ ലോകവും അംഗീകരിക്കുന്നു. ജനസംഖ്യയുടെ 65 ശതമാനം അതായത്, ഏകദേശം 800 ദശലക്ഷം ജനങ്ങള്‍ 35 വയസ്സില്‍ താഴെയുള്ള ഒരു രാജ്യത്തിന് എന്താണ് കൈവരിക്കാന്‍ സാധിക്കാത്തത്? അതിനാല്‍ എന്റെ സഹോദരീ, സഹോദരന്മാരേ, യുവാക്കള്‍ക്ക് അവസരവും തൊഴിലും ലഭിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ന് നാം പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിയിലേക്ക് നീങ്ങുകയാണ്. ഏറ്റവും ഒടുവിലത്തെ മനുഷ്യന്റെ കൂടി ക്ഷേമത്തെ കുറിച്ച് പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യയായ സംസാരിച്ചിരുന്നു. അതു തന്നെയായിരുന്നു മഹാത്മാ ഗാന്ധിയുടെ വീക്ഷണവും. അന്ത്യോദയ എന്ന തത്വചിന്തയിലാണ് പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യയായ വിശ്വസിച്ചത്. ഏറ്റവും പാവപ്പെട്ടവന്റെയും ഏറ്റവും ദുര്‍ബലന്റെയും ക്ഷേമമായിരുന്നു പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യയായജിയുടെ രാഷ്ട്രീയ തത്വചിന്തയുടെ കേന്ദ്ര ബിന്ദു. എല്ലാ യുവാക്കള്‍ക്കും വിദ്യാഭ്യാസം ലഭിക്കണമെന്നും, എല്ലാ യുവാക്കളും നൈപുണ്യമുള്ളവരാകണമെന്നും, എല്ലാ യുവാക്കള്‍ക്കും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ അവസരം ലഭിക്കണമെന്നും അദ്ദേഹം പറയുമായിരുന്നു. പണ്ഡിറ്റ് ദീന്‍ ദയാല്‍ജിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും രാജ്യത്തെ 800 ദശലക്ഷം യുവാക്കളുടെ ആശകളും അഭിലാഷങ്ങളും നിറവേറ്റാനും നാം ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടു.സഹോദരീ സഹോദരന്മാരേ, കാര്യങ്ങള്‍ വച്ചു താമസിപ്പിക്കുന്ന ഒരു ഗവണ്‍മെന്റല്ല ഇത്. ഞങ്ങള്‍ക്ക് എങ്ങനെ വൈകിക്കാം എന്നല്ല, എങ്ങനെ പോരാടാം എന്നാണ് അറിയുന്നത്. നാം പ്രശ്‌നങ്ങളെ നേര്‍ക്കു നേര്‍ നിന്ന് നേരിട്ടാല്‍ അല്ലാതെ അത് സംഭവിക്കാന്‍ പോകുന്നില്ല. നാം ഇന്ന് നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍, രാജ്യത്തിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന നമ്മുടെ സൈനിക ജവാന്മാരില്‍ ആരെങ്കിലും,
അതിര്‍ത്തിയില്‍ വെടിയുണ്ടകളേറ്റു വാങ്ങാന്‍ സജ്ജനായിരിക്കുകയാകണം, ചിലര്‍ ബങ്കറുകളില്‍ ഇരിക്കുകയാകാം, മറ്റു ചിലര്‍ക്ക് രക്ഷാബന്ധന്‍ അവസരത്തില്‍ തന്റെ സഹോദരിയെ കാണാനുള്ള ഭാഗ്യം പോലുമുണ്ടാവില്ല. എത്ര സൈനികരാണ് സായുധ സേനകളില്‍ ജോലിയെടുക്കുന്നത്? നാം എന്തു കൊണ്ട് അവരെ മറന്നു, എങ്ങനെ നമുക്കത് സാധിക്കുന്നു? ഈ ജനങ്ങള്‍ കാരണമാണ് നാം സമാധാനത്തോടും സന്തോഷത്തോടുമുള്ള ജീവിതം നയിക്കുന്നത്. ഒരേ റാങ്ക്, ഒരേ പെന്‍ഷന്‍ വിഷയം വര്‍ഷങ്ങളായി തീര്‍പ്പാകാതെ കിടക്കുകയായിരുന്നു. ഞങ്ങള്‍ വിഷയങ്ങള്‍ വൈകിപ്പിക്കില്ല, മറിച്ച് അവയെ നേരിടും. ഒരേ റാങ്ക്, ഒരേ പെന്‍ഷന്‍ എന്ന വാഗ്ദാനം നിറവേറ്റിയ ഞങ്ങള്‍ ഓരോ ഇന്ത്യന്‍ സൈനികന്റെയും കുടുംബത്തില്‍ സന്തോഷം പടര്‍ത്തി. ഞങ്ങള്‍ ഈ കര്‍മ്മം ചെയ്തു.
നിങ്ങളുടെ മാതാപിതാക്കളുടെ സ്വപ്നത്തെ കുറിച്ച് ഒന്ന് ചിന്തിക്കൂ; അവരുടെ ആശകളും പ്രതീക്ഷകളും ഒന്ന് പ്രതിഫലിപ്പിക്കൂ; മുഖ്യധാരയിലേക്ക് മടങ്ങി വന്ന് സന്തോഷകരവും സമാധാനപരവുമായ ജീവിതം നയിക്കൂ, എന്നെന്നാല്‍ ഹിംസയുടെ പാത ആര്‍ക്കും ഒരു ഗുണവും ചെയ്യില്ല
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നമ്മുടെ വിമോചനത്തിനായി ജീവന്‍ ബലി കഴിച്ച ആ മഹത് വ്യക്തിത്വങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് നമുക്ക് പുതിയ നിശ്ചയദാര്‍ഢ്യത്തോടെയും, പുതിയ ഊര്‍ജ്ജത്തോടെയും, പുതിയ ഉന്മേഷത്തോടെയും മുന്നോട്ട് പോകാം. രാജ്യത്തിന് വേണ്ടി മരിക്കാനൊരു അവസരം നമുക്ക് ലഭിച്ചില്ല, എന്നാല്‍ രാജ്യത്തിനു വേണ്ടി ജീവിക്കാനൊരു അവസരം നമുക്കുണ്ട്. നാം നമ്മുടെ ജീവിതം രാജ്യത്തിനു വേണ്ടി സമര്‍പ്പിക്കണം. രാജ്യത്തിനു വേണ്ടി പ്രധാനപ്പെട്ടത് എന്തെങ്കിലും നാം കൈവരിക്കണം. നാം നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും മറ്റുള്ളവരെ അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ പ്രചോദിപ്പിക്കുകയും വേണം. ഒരു സമൂഹം, ഒരു സ്വപ്നം, ഒരു പ്രതിജ്ഞ, ഒരു ദിശ, ഒരു ലക്ഷ്യസ്ഥാനം എന്നിവ നിര്‍മ്മിക്കാന്‍ നാം വേഗത്തില്‍ മുന്നേറണം. ഈ ധര്‍മ്മനിഷ്ഠമായ വികാരത്തോടെ ഞാനൊരിക്കല്‍ കൂടി രാജ്യത്തെ മഹത്ത് വ്യക്തിത്വങ്ങള്‍ക്കും, നമ്മുടെ സുരക്ഷയ്ക്കു വേണ്ടി ജല,കര,വ്യോമ മേഖലകളില്‍ തങ്ങളുടെ ജീവിതങ്ങള്‍ അപകടത്തിലാക്കുന്ന സൈനികര്‍ക്കും, നമുക്ക് വേണ്ടി ജീവത്യാഗം നടത്തിയ ആ 33000ത്തോളം രക്തസാക്ഷികള്‍ക്കും മുന്നില്‍ തല കുനിക്കുന്നു. ഞാന്‍, ഇതിനാല്‍ രാജ്യത്തിന്റെ ഭാവിയെ കുറിച്ചുള്ള സ്വപ്നത്തിനായി എന്നെത്തന്നെ സമര്‍പ്പിക്കുന്നു. . ചുവപ്പ് കോട്ടയുടെ പ്രാകാരത്തില്‍ നിന്ന് നിങ്ങളുടെ എല്ലാ ശക്തിയോടും കൂടി ഭാരത് മാതാ കീ ജയ് എന്നു വിളിക്കാന്‍ ഞാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.
ഈ ശബ്ദം ലോകത്തിന്റെ എല്ലാ കോണുകളിലും എത്തട്ടെ.
ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്!
വന്ദേമാതരം! വന്ദേമാതരം! വന്ദേമാതരം!
ജയ് ഹിന്ദ്! ജയ് ഹിന്ദ്! ജയ് ഹിന്ദ്!
നിങ്ങള്‍ക്കേവര്‍ക്കും നന്ദി.
Post Your Comments