കോഴിക്കോട്● ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ക്കു മുമ്പില്‍ വിദേശമദ്യം വാങ്ങാനായി നില്‍ക്കുന്നവരുടെ നീണ്ട നിര സംസ്ഥാനത്തിനപമാനമാണെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യനിരോധനത്തിനു ശേഷം കേരളത്തില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവെന്നാണ് കഴിഞ്ഞ രണ്ടുമാസമായി എക്‌സൈസ് വിഭാഗം നടത്തിയ റെയിഡുകളില്‍ നിന്ന് മനസ്സിലാവുന്നത്. കേരളത്തിനു പുറത്തുനിന്നുള്ള അനധികൃത മദ്യക്കടത്ത് വന്‍തോതില്‍ വര്‍ധിച്ചു.
മയക്കുമരുന്നുള്‍പ്പെടെയുള്ള ലഹരി ഉപയോഗം കൂടിവരികയും ചെയ്യുന്നു. മദ്യനിരോധനത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് പ്രതിപക്ഷത്തിനു പോലും ഏകാഭിപ്രായമില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. മദ്യനിരോധനമല്ല മദ്യ വര്‍ജ്ജനമാണ് ഇടതുപക്ഷ സര്‍ക്കാറിന്റെ നയം. നിയമം കൊണ്ടല്ല ബോധവല്‍ക്കരണത്തിലൂടെയാണ് ഇത് സാധ്യമാക്കേണ്ടത്. വിദ്യാലയങ്ങള്‍ മുതല്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞതായും മന്ത്രി പറഞ്ഞു.
പരിഷ്‌കൃത രാജ്യങ്ങളില്‍ ഷോപ്പിംഗ് മാളുകളില്‍ മദ്യഷാപ്പുകളുടെ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് സാധാരണമാണ്. ആവശ്യക്കാര്‍ക്ക് അവിടെച്ചെന്ന് അത് വാങ്ങാം. എന്നാല്‍ മദ്യഉപയോഗം പ്രോല്‍സാഹിപ്പിക്കുന്ന നയമല്ല സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടില്‍ നിലവിലുള്ള എല്ലാ തൊഴില്‍ ആനുകൂല്യങ്ങളും ലഭ്യമാക്കും. ഇതിന്റെ ഭാഗമായി എല്ലാവിഭാഗം തൊഴിലാളികളെയും ഉള്‍പ്പെടുത്തി സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതി സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്. ഇതര സംസ്ഥാനത്തൊഴിലാളികളുടെ കൃത്യമായ കണക്കെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായും മന്ത്രി പറഞ്ഞു.
Post Your Comments