East Coast Special

ഇറോം ശര്‍മ്മിളയും മണിപ്പൂരിന്‍റെ വിഘടനവാദ ചരിത്രവും

ശ്രീദേവി പിള്ള എഴുതുന്നു

21,900 ചതുരശ്ര കിലോമീറ്റർ വിസ്തൃതി മാത്രമുള്ള ഈ ചെറു സംസ്ഥാനം, ഭാരതത്തിലെ രത്നം എന്നറിയപ്പെടുന്ന, മലകളും താഴ്വരകളും നദികളും നിറഞ്ഞ ഈ അതിസുന്ദരമായ പ്രദേശം ഇന്ന് ഒരു ഭാഗത്ത് ഇന്ത്യൻ സേനയും മറുഭാഗത്ത് അതി ഭീതിദമാം വിധം ആയുധധാരികളായ എഴുപത്തിരണ്ടോളം തീവ്രവാദ/വിഘടന ഗ്രൂപ്പുകളും പരസ്പരം മത്സരപോരാട്ടം നടക്കുന്ന ഒരു യുദ്ധക്കളമായി മാറിയിരിക്കുന്നു. ഗ്രാമങ്ങൾ തോറും യുവാക്കൾ പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കി ആയുധധാരികളായി വിലസുന്നു. അവർ പട്ടാളത്തെ ആക്രമിക്കുന്നു, പട്ടാളം തിരിച്ചടിക്കുന്നു. അടുത്തൊന്നും മണിപ്പൂരിന്റെ പ്രശ്നത്തിൽ ഒരു സമവായം ഉണ്ടാവാനുള്ള സ്ഥിതി കാണുന്നില്ല. സായുധ വിപ്ലവകാരികളിൽ വിവിധ ഗ്രൂപ്പുകൾക്ക് വിവിധ നിലപാടുകളും ലക്ഷ്യങ്ങളുമാണ്. ചിലർ ഭരണം നോട്ടമിടുമ്പോൾ, ചിലർ മണിപ്പൂരിന്റെ ഭൂപ്രകൃതി സംരക്ഷിക്കാനുള്ള ശ്രമം നടത്തുന്നു. ഇനി ചിലരാകട്ടെ മണിപ്പൂരിന്റെ തനതു കലാസാംസ്കാരിക രംഗം മലീമസമാകാതെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്. ലക്‌ഷ്യം ഏതായാലും മാർഗം സായുധവും, രക്തരൂഷിതവുമാണ് എന്നതാണ് മണിപ്പൂരിന്റെ വിധിയെ അതിദയനീയമാക്കുന്നത്. സായുധവിപ്ലവകാരികളോട് വേദമോതാൻ വെള്ളക്കൊടി പിടിച്ച സമാധാന ദൂതർക്ക് സാധ്യമാവുന്നില്ല. അതിനാൽ അഫ്‌സ്പ അതിന്റെ എല്ലാ തീവ്രതയോടും കൂടി ഈ സംസ്ഥാനത്തിന്മേൽ പ്രയോഗിക്കപ്പെടുന്നു.

മണിപ്പൂരിൽ വിഘടന വാദികൾ ചുരുക്കം ചില സന്ദർഭങ്ങളിൽ ഒഴികെ സംസ്ഥാന ഭരണകൂടത്തെയോ നേതാക്കളെയോ ആക്രമിച്ചിട്ടില്ല. അവരുടെ പ്രധാനലക്ഷ്യം ഇന്ത്യൻ സേനയാണ്. ഇതിൽ നിന്നുതന്നെ മണിപ്പൂർ വിഘടനവാദം എന്നത് ഇന്ത്യൻ ദേശീയതയിൽ നിന്നും വിട്ടുനിൽക്കാനുള്ള ആഹ്വാനമാണ് എന്നത് വ്യക്തമാണ്. ഭാരതം ഇത് എന്തുവിലകൊടുത്തും തടയാനും നോക്കുന്നു. ഇന്ത്യൻ പട്ടാളത്തിന്റെ ഇതുവരെ ലക്‌ഷ്യം കാണാത്ത തീവ്രശ്രമങ്ങളിൽ ഒന്നാണ് മണിപ്പൂരിലെ വിഘടനവാദികളെ വരുതിയിലാക്കുക എന്നത്.

ഇറോം ശർമ്മിള നിരാഹാരം തുടങ്ങുന്നതിനു മുൻപുതന്നെ ഭാരതീയ സേന തീവ്രവാദികളെ തിരയുന്നതിനിടയിൽ മണിപ്പൂരി സ്ത്രീകളെയും കുട്ടികളെയും മാനഭംഗപ്പെടുത്തുന്നു എന്ന് വ്യാപകമായ പരാതി ഉയർന്നിരുന്നു. തീവ്രവാദികളെന്നോ, അവർക്ക് സഹായം ചെയ്യുന്നുവെന്നു സംശയിക്കപ്പെടുന്ന സ്ത്രീകളോടുള്ള പട്ടാളത്തിന്റെ പെരുമാറ്റത്തിലും മറ്റും പ്രതിഷേധിച്ചാണ് അഫ്‌സ്പ പിൻവലിക്കാനുള്ള ആഹ്വാനം തുടങ്ങുന്നത്. ഇത്തരത്തിൽ 2004 ജൂലൈയിൽ നടന്ന ഒരു സംഭവം ലോകശ്രദ്ധ തന്നെ ആകർഷിച്ചിരുന്നു. താങ്‌ജം മനോരമ എന്ന മുപ്പത്തിരണ്ടുകാരി ഇന്ത്യൻ പട്ടാളത്തിന്റെ കയ്യാൽ ബലാൽസംഗം ചെയ്യപ്പെട്ടു മരിക്കാനിടയായി എന്നാരോപിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കാനായി പന്ത്രണ്ടു മണിപ്പൂരി വനിതകൾ വസ്ത്രമുപേക്ഷിച്ച് പട്ടാള ക്യാമ്പ് കാര്യാലയത്തിലേക്ക് ഇരച്ചു കയറി.

കേന്ദ്രസർക്കാർ നയങ്ങളാണോ, പട്ടാളത്തിന്റെ നടപടി ദോഷമാണോ, തീവ്രവാദികളുടെ നിലപാടുകളാണോ, എന്തുതന്നെയായാലും അരനൂറ്റാണ്ടായി മണിപ്പൂരി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം അതീവ ദുഷ്കരമായിരിക്കുന്നു. ഇരുപതിനായിരത്തിലധികം വിധവകൾ മണിപ്പൂരിൽ ഉണ്ടെന്നാണ് കണക്ക്. മണിപ്പൂരിൽ സമാധാന ശ്രമ ചർച്ചകളിൽ സ്ത്രീകളെയും ഉൾപ്പെടുത്തണം എന്ന ആവശ്യം അതിശക്തമായി ഉയർന്നുവരുന്ന സാഹചര്യമാണ് ഇന്നുള്ളത്.

വിഘടനവാദത്തിന്റെ മറ്റൊരു ഇര മണിപ്പൂർ സംസ്ഥാനം തന്നെയാണ്. ഒരുതരത്തിലുമുള്ള വ്യവസായമോ, അടിസ്ഥാനവികസനമോ നടത്തിയെടുക്കാനാവാത്ത വിധം തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനം സംസ്ഥാനമാകെ വ്യാപിച്ചിരിക്കുന്നു. ചെലവ് നടത്തിയെടുക്കാനായി തട്ടിക്കൊണ്ടുപോകൽ, പണം പിരിക്കൽ തുടങ്ങിയ അനേകം നടപടികളിലൂടെ ഇവർ മുന്നേറുമ്പോൾ സംസ്ഥാന ഭരണകൂടം നോക്കുകുത്തിയാവുകയും നാട്ടുകാർക്ക് വിഘടനവാദികൾ പറയുന്നത് കേട്ട് ജീവിക്കുകയും വേണ്ടിവരുന്നു.

മണിപ്പൂരിലെ വിഘടനവാദത്തിനു ഇറോമിന്റെ നിരാഹാരം ശക്തി പകർന്ന ഒരു കാലമുണ്ടായിരുന്നു ഒരുകുടക്കീഴിലല്ലെങ്കിലും വിവിധ സംഘടനകളെല്ലാം തന്നെ ശർമിളയെ തങ്ങളുടെ ലക്ഷ്യത്തിന്റെ പ്രതിബിംബമായി പ്രതിഷ്ഠിച്ചു. എങ്ങുമെത്താതെ നിൽക്കുന്ന മണിപ്പൂർ പ്രശ്നം വാർത്തകളിൽ ഇടംപിടിക്കുന്നതിനു പോലും ശർമിളയുടെ ഉപവാസത്തിനു കഴിഞ്ഞു. കാലം ചെല്ലും തോറും അക്രമങ്ങളും കൊലപാതകങ്ങളും വെറുമൊരു കൗതുകവാർത്ത പോലും ആകാത്ത മണിപ്പൂരിന്റെ മണ്ണിൽ നിന്ന് ശർമിള വീണ്ടും തന്റെ ആത്മശക്തി ലോകത്തിനു കാട്ടിക്കൊടുത്തു.

പക്ഷെ ഉപവാസം നിർത്താനും, വിവാഹിതയാവാനും, തെരഞ്ഞെടുപ്പിൽ നിൽക്കാനും, മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകാനും ശർമിള ആഗ്രഹിച്ചപ്പോൾ മണിപ്പൂരികളുടെ മനസ്സിലെ വിഗ്രഹം ഉടഞ്ഞിരിക്കുന്നു. എന്തായിരുന്നു അവർ ശർമിളയിൽ നിന്നും ആഗ്രഹിച്ചത്? പതിനാറു വർഷത്തിന് ശേഷവും അഫ്‌സ്പ അതിന്റെ എല്ലാ ശൗര്യത്തോടും കൂടി മണിപ്പൂരിൽ വിലസുന്നു. ശർമിള തിരിഞ്ഞു നടക്കാൻ, അല്ലെങ്കിൽ വഴിയൊന്നു മാറി നടക്കാൻ ആഗ്രഹിക്കുന്നു. പിന്നെന്തിനായിരുന്നു ഈ നാടകം എന്ന് സാധാരണക്കാർ ചോദിച്ചാൽ ഉത്തരം ലഭിക്കാൻ ബുദ്ധിമുട്ടും. ഒന്നുകിൽ ലക്‌ഷ്യം കാണുക, അല്ലെങ്കിൽ രക്തസാക്ഷിയാവുക, ചരിത്രം ആവശ്യപ്പെടുന്നത് അതാണ്. കാലമെത്ര കഴിഞ്ഞാലും ചരിതം അതുതന്നെ ആവശ്യപ്പെടും. തിരിഞ്ഞു നടക്കുന്നവർക്ക് അവിടെ സ്ഥാനമില്ല. വിപ്ലവവീര്യത്തിന് അപചയം സംഭവിച്ചാൽ അന്നം പോലും മുടങ്ങുകയും, തലയ്ക്കു മുകളിലുള്ള തണലുകൾ സ്വയം അപ്രത്യക്ഷമാവുകയും ചെയ്യും. ശർമിളയ്ക്ക് സംഭവിച്ചത് അതാണ്. അവൾ ലക്‌ഷ്യം കണ്ടില്ല. മരിച്ചുമില്ല.

വിഘടനവാദികളേക്കാൾ സ്ത്രീകളാവും ഇനി ശർമിളയ്ക്കെതിര് നിൽക്കുക. അവരുടെ കുടുംബങ്ങളും ജീവിതവും സമൂഹവും പുനർ നിർമ്മിയ്ക്കുവാൻ കഴിയാത്തവൾക്ക് വെറുമൊരു വഞ്ചകിയുടെ സ്ഥാനം മാത്രമാവുമോ മണിപ്പൂരി സ്ത്രീകൾ നൽകുക? വിധവകളെയും, കുടുംബ നാഥൻ നഷ്ടപ്പെട്ടവരെയും വകഞ്ഞുമാറ്റി വിവാഹിതയാവാനും, മുഖ്യമന്ത്രിയാകാനും പോകുന്ന ശർമിള അവർക്ക് തീർത്തും അപരിചിതയാവും, ഒരുപക്ഷെ ഭാരതീയ സേനയേക്കാൾ വെറുക്കപ്പട്ടവളാവാനും സാധ്യത വളരെ കൂടുതലാണ്.

മുഖം തിരിച്ചു നിൽക്കുന്ന സ്ത്രീ സംഘടനകൾ, നിശ്ശബ്ദരായ സ്തുതിപാഠകാർ, ഭീഷണിപ്പെടുത്തുന്ന വിഘടനവാദികൾ………….. ശർമിള ഒരുപറ്റം ശത്രുക്കളെത്തന്നെ തന്റെ ജന്മനാട്ടിൽ സൃഷ്ടിച്ചിരിക്കുന്നു.

എങ്കിലും, നിക്ഷ്പക്ഷ നിരീക്ഷകർ ഇരുമ്പുവനിതയെന്നു ഘോഷിച്ചു ഒരു ഗിനിപ്പന്നിയായി തങ്ങളുടെ പരീക്ഷണങ്ങൾക്ക് വിധേയയാക്കുകയായിരുന്നോ ഈ ധീരയെ എന്ന് ആലോചിച്ചുപോയാൽ കുറ്റപ്പെടുത്താനാകില്ല.

ഭീഷണികളുടെയും ഒറ്റപ്പെടുത്തലുകളുടെയും സാന്ദ്രത കൂടിവരുന്ന സാഹചര്യത്തിൽ ആർക്കെതിരെ ഇത്രയും നാൾ നിരാഹാരമിരുന്നോ, ആ പട്ടാളം തന്നെ ഐറോമിന്റെ സംരക്ഷണം ഏറ്റെടുത്തേക്കാനുള്ള സാധ്യതയാണ് കാണുന്നത്, അതിലൂടെ ലോകം സാക്ഷ്യം വഹിക്കുവാൻ പോകുന്നതോ, അതിവിശിഷ്ടമായൊരു കാവ്യനീതിയ്ക്കു കൂടിയാണുതാനും.

അവലംബം : ബിനാലക്ഷ്മിനെപ്രാം, കൊക്കോ ഉഷം, വിവിധ ഇന്റർനെറ്റ് സൈറ്റുകൾ.

അവസാനിച്ചു

(ആദ്യഭാഗം ഇവിടെ വായിക്കാം: http://bit.ly/2b2wfvA)

shortlink

Related Articles

Post Your Comments

Related Articles


Back to top button