
ഖാണ്ട്വ: ‘പ്രിയ പ്രധാനമന്ത്രീ, താങ്കളുടെ സമ്മേളനമാണോ എന്റെ പഠനമാണോ പ്രധാനം?’- ദേവാന്‍ശ് ചോദിക്കുന്നു. സ്‌കൂള്‍ വാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിനായി വിട്ടു നല്‍കിയതിനാല്‍ രണ്ടു ദിവസത്തെ പഠനം നഷ്ടപ്പെട്ടതിന്റെ നിരാശയാണ് മധ്യപ്രദേശിലെ ഈ എട്ടാംക്ലാസുകാരനെ പ്രധാനമന്ത്രിക്ക് ഒരു കത്തെഴുതാന്‍ പ്രേരിപ്പിച്ചത്. കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡയിയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
മധ്യപ്രദേശിലെ ബാബ്രയില്‍ സ്വാതന്ത്ര്യസമര സേനാനി ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മസ്ഥലത്ത് പ്രധാനമന്ത്രി പെങ്കെടുക്കുന്ന സമ്മേളനത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. സമ്മേളനത്തിന് ജനങ്ങളെ എത്തിക്കുന്നതിനായി ദേവാന്‍ശ് പഠിക്കുന്ന വിദ്യാകുന്‍ജ് സ്‌കൂളിലെ ബസുകളും വിട്ടുനല്‍കിയതിനാല്‍ ചൊവ്വ, ബുധനന്‍ ദിവസങ്ങളില്‍ സ്‌കൂളിന് അവധി നല്‍കി. രണ്ട് പഠനദിനങ്ങള്‍ നഷ്ടപ്പെട്ടതില്‍ മനംനൊന്താണ് ദേവാന്‍ശ് പ്രധാനമന്ത്രിക്ക് ഹൃദയത്തില്‍ തൊടുന്ന ഒരു കത്തെഴുതിയത്.
മോദിയുടെ ആകാശവാണി പ്രഭാഷണ പരമ്പരയായ ‘മന്‍ കി ബാത്ത്’ ഒരു തവണ പോലും മുടക്കാത്ത, മോദി ആരാധകനാണ് താന്‍ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ദേവാന്‍ശ് തന്റെ കത്ത് ആരംഭിക്കുന്നത്. താങ്കളുടെ പ്രസംഗം കേള്‍ക്കാന്‍ അമേരിക്കയില്‍ നിരവധി ജനങ്ങള്‍ തടിച്ചു കൂടിയത് ഞാന്‍ കണ്ടിരുന്നു. അവിടെ വന്നവരാരും സ്‌കൂള്‍ ബസില്‍ ആയിരുന്നില്ല സമ്മേളന സ്ഥലത്ത് എത്തിയത്.
ഇത്തരം പരിപാടികള്‍ക്കായി ഇനിയെങ്കിലും തങ്ങളുടെ സ്‌കൂള്‍ മുടക്കരുതെന്ന് മുഖ്യമന്ത്രി ശിവരാജ് ചൗഹാനോട് പറയണം. കോണ്‍ഗ്രസ് നേതാക്കളെപ്പോലെയല്ല, താങ്കളെപ്പോലുള്ളവര്‍ക്ക് വിദ്യാര്‍ത്ഥികളുടെ പഠനത്തിലും ഭാവിയിലും പ്രത്യേക ശ്രദ്ധയുണ്ടാവണമെന്നും ദേവാന്‍ശ് കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
ദേവാന്‍ശ് കത്തെഴുതിയത് വെറുതെയായില്ല. കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചര്‍ച്ചയാവുകയും ചെയ്തതോടെ അധികൃതര്‍ സ്‌കൂള്‍ ബസുകള്‍ സമ്മേളനത്തിനായി വിളിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments