മുംബൈ: വൃക്ക തട്ടിപ്പിലൂടെ കോടികൾ സമ്പാദിച്ച സ്വകാര്യ ആശുപത്രി സിഇഒയും ഡോക്ടര്‍മാരും അറസ്റ്റില്‍. മുംബൈയിലെ പ്രമുഖ ആശുപത്രിയായ ഹിരാനന്ദാനി ഹോസ്പിറ്റല്‍ സി ഇ ഓ യും 5 ഡോക്ടർമാരും ആണ് അറസ്റ്റിൽ ആയത്. ഹീരാനന്ദാനി ഹോസ്പിറ്റല്‍ സിഇഒ ഡോക്ടര്‍ സുജിത് ചാറ്റര്‍ജി, ഡോ. അനുരാഗ് നായ്ക്ക് (മെഡിക്കല്‍ ഡയറക്ടര്‍), ഡോ. മുകേഷ് ഷേട്ടേ, ഡോ. മുകേഷ് ഷാ, ഡോ. പ്രകാശ് ഷെട്ടി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ വൃക്ക വില്‍പന സംഘവുമായി പ്രവര്‍ത്തിച്ച് കോടികളുടെ അവയവ കച്ചവടമാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞമാസം ആരംഭിച്ച അന്വേഷണത്തില്‍ കിഡ്നി റാക്കറ്റിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. വ്യാജരേഖകള്‍ ചമച്ച് ശസ്ത്രക്രിയകള്‍ നടത്തിയ ആശുപത്രി അധികൃതര്‍ വൃക്ക ദാനത്തിനെത്തിയവരുടെ വിവരങ്ങളും വ്യാജമായി സൃഷ്ടിക്കുകയായിരുന്നു.
ആശുപത്രിയില്‍ നിയമവിരുദ്ധമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയതായുള്ള വിവരം ലഭിച്ചതോടെ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് കിഡ്നി റാക്കറ്റിന്റെ സാന്നിദ്ധ്യം മനസിലാക്കിയ പോലീസിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരുടേയും ഇവര്‍ക്ക് കൂട്ടുനിന്ന ആശുപത്രി സിഇഒയുടേയും പങ്ക് തെളിഞ്ഞതോടെ കഴിഞ്ഞ ദിവസം ഇവരേയും പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിനെക്കുറിച്ചു വിശദമായി അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നാണ് ആശുപത്രി വക്താക്കള്‍ അറിയിച്ചിരിക്കുന്നത്.
Post Your Comments