എടത്വ : എച്ച്.ഡി.എഫ്.സി തിരുവല്ല ശാഖയില്‍ നിന്ന് ലോണെടുത്ത് പണിതീരും മുന്‍പ് ബാങ്ക് ജപ്തി ചെയ്തതോടെ വൃദ്ധമാതാപിതാക്കളും പ്രായപൂര്‍ത്തിയായ രണ്ടു പെണ്‍മക്കളുമടങ്ങുന്ന കുടുംബം പെരുവഴിയിലായി. എടത്വ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കളപ്പുരയ്ക്കല്‍ചിറ ബിജുവിന്റെ കുടുംബവീടാണ് ജപ്തി ചെയ്തത്. ജനറല്‍ റിസര്‍വ് എന്‍ജിനീയറായി ജോലി ചെയ്തിരുന്ന ബിജു പാന്‍ക്രിയാസിസ് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. ബിജുവിന്റെ ചികിത്സയ്ക്കായി ഇതിനോടകം തന്നെ ലക്ഷങ്ങള്‍ മുടക്കിയിരിക്കുകയാണ്
2010-ല്‍ വീടു നിര്‍മ്മാണത്തിനായി എടുത്ത 7,50,000 രൂപ തിരിച്ചടയ്ക്കാത്തതാണ് ജപ്തിയില്‍ കലാശിച്ചത്. ഇതിനോടകം 3,75,000 രൂപ അടച്ചെങ്കിലും ജപ്തി നടപടിയില്‍ നിന്ന് ഒഴിവായില്ല. കഴിഞ്ഞ ജൂണ്‍ 6 ന് ജപ്തി നടപടികള്‍ നടന്നു. നടപടി ആരംഭിച്ചപ്പോള്‍ ഉച്ചഭക്ഷണം പോലും കഴിക്കാന്‍ സമ്മതിക്കാതെയാണ് വീട്ടുകാരെ പുറത്തിറക്കി ബാങ്കുകാര്‍ വീടു പൂട്ടിയത്. വീടു മുറ്റത്ത് അടുപ്പ് കൂട്ടി പാചകം ചെയ്തും വരാന്തയില്‍ കിടന്ന് ഉറങ്ങിയുമാണ് ഇവര്‍ ഇപ്പോള്‍ ജീവിക്കുന്നത്. ഓഗസ്റ്റ് പത്തിന് മുന്‍പ് 3,55,997 രൂപ അടച്ചില്ലെങ്കില്‍ ലേലനടപടിയിലേക്ക് തിരിയാനാണ് ബാങ്കിന്റെ തീരുമാനം.
ബാങ്ക് ജപ്തിയെ തുടര്‍ന്ന് വൃദ്ധരായ മാതാപിതാക്കളേയും പ്രായപൂര്‍ത്തിയായ പെണ്‍മക്കളേയും കയറ്റിക്കിടത്താന്‍ സ്വന്തക്കാര്‍ പോലും തയാറായില്ല. രാത്രിയില്‍ വരാന്തയില്‍ ഉറങ്ങുന്ന പെണ്‍മക്കള്‍ക്ക് ബിജുവും ഭാര്യയും ഉറക്കമില്ലാതെ കാവലിരിക്കുകയാണ്. പഞ്ചായത്ത് അധികൃതരെ വിവരം ധരിപ്പിച്ചെങ്കിലും ജനപ്രതിനിധികളും ഇവരെ കൈയ്യൊഴിഞ്ഞു. ജപ്തിയായ വീട് ലേലത്തിലാകുന്നതോടെ പെരുവഴിയിലാകുന്ന കുടുംബം ആത്മഹത്യയുടെ വക്കിലാണ്. ഈ കുടുംബത്തിന് സഹായഹസ്തവുമായി ആരെങ്കിലും എത്തുമെന്നാണ് നാട്ടുകാരുടെയും ഇവരുടെയും പ്രതീക്ഷ. ബന്ധപ്പെടേണ്ട നമ്പര്‍ : 9539519340.
Post Your Comments