അടിമാലി: എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടായ ഏകമകള്‍ പനി ബാധിച്ചു മരിച്ചത് ഇപ്പോഴും വിശ്വസിക്കാനാവാതെ ഷിബുവും ജെസിയും.അടിമാലി താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിലിരിക്കെ നാലുവയസുകാരി ബാലിക മരിച്ചത്. ഇതേതുടര്‍ന്ന് ആശുപത്രിയില്‍ വ്യാപക പ്രതിഷേധമുണ്ടായി.
അടിമാലി കല്ലാര്‍കുട്ടി പീടിയേതറയില്‍ ഷിബു-ജെസി ദമ്പതികളുടെ ഏകമകള്‍ എയ്ഞ്ചല്‍ മരിയയാണു മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയാണു സംഭവം.മൂന്നു ദിവസമായി പനിയും മൂത്രത്തില്‍ പഴുപ്പും ബാധിച്ചതിനെ തുടര്‍ന്നാണു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭക്ഷണം കഴിക്കാന്‍ വിമുഖത കാണിച്ചതിനെ തുടര്‍ന്നു കുട്ടിക്കു ക്ഷീണം വര്‍ദ്ധിച്ചതോടെ വ്യാഴാഴ്ച രാത്രിയില്‍ കുത്തിവെയ്പ് അടക്കമുള്ള ചികിത്സകള്‍ നടത്തിയിരുന്നു. രണ്ടു ദിവസമായി കുട്ടി ഛര്‍ദ്ദിച്ചിരുന്നതായും പറയുന്നു. ഇന്നലെ രാവിലെ എഴുന്നേറ്റിരുന്നു റൊട്ടി കഴിക്കുന്നതിനിടെ രോഗം മൂര്‍ഛിച്ചു കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ഡോക്ടറെ വിവരം അറിയിച്ചതിനെ തുടര്‍ന്നു ഡോക്ടര്‍മാര്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയോടെ കുഞ്ഞിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കു കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ ചികിത്സയിലെ പിഴവോ മറ്റോ സംഭവിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളു.
ആശുപത്രി ജീവനക്കാരുടെ വീഴ്ച മൂലമാണ് കുഞ്ഞു മരിച്ചതെന്ന് ആരോപിച്ചു ആശുപത്രിയില്‍ വ്യാപക പ്രതിഷേധം ഉണ്ടായി. പ്രതിഷേധം സംഘര്‍ഷത്തിലേക്കു തിരിയുമെന്ന നിലയെത്തിയതോടെ പൊലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. കുട്ടിയുടെ പിതാവ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഷിബുവിനും ജെസിക്കും ഏറെ ചികിത്സകള്‍ക്കു ശേഷമാണ് എയ്ഞ്ചല്‍ മരിയ ജനിച്ചത്.ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ടി.ആര്‍. രേഖ, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ജോണ്‍ ജോര്‍ജ്, ജില്ലാ ആര്‍.സി.എച്ച്: ഡോ. സിത്താര മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ഉന്നത സംഘമെത്തി ആശുപത്രിയില്‍ പ്രാഥമിക അന്വേഷണം നടത്തി.
Post Your Comments