KeralaNews

ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കിയില്ല : യുവതിയുടെ ശസ്ത്രക്രിയ മാറ്റിവെച്ചു : ഗര്‍ഭപാത്രം പുറത്തേയ്ക്ക് തള്ളി

കാസര്‍ഗോഡ്: ആദിവാസി യുവതിയുടെ ചികിത്സയ്ക്ക് ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയ മാറ്റിവെച്ചു. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ
മധൂര്‍ ചേനക്കോട്ടെ ചെനിയുടെ ഭാര്യ സരസ്വതിക്കാണ്(26) ജനറല്‍ ആശുപത്രിയില്‍ ദുരനുഭവം നേരിടേണ്ടിവന്നത്. ഗര്‍ഭപാത്രം പുറത്തേക്കു തള്ളിയതിനേത്തുടര്‍ന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു യുവതി.

ഇന്നലെ രാവിലെ പത്തോടെ സരസ്വതി ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ പുലിക്കുന്നിലെ ക്ലിനിക്കിലെത്തി ഡോക്ടറെ കാണുകയും ഗര്‍ഭപാത്രം പുറത്തേക്ക് തള്ളിനില്‍ക്കുന്ന കാര്യം അറിയിക്കുകയും ചെയ്തു. ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവരുമെന്നും ഇപ്പോള്‍ത്തന്നെ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റാകണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ സരസ്വതിയെ അഡ്മിറ്റ് ചെയ്തു. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീയാണെന്ന് തെളിയിക്കുന്ന രേഖകള്‍ സരസ്വതിയുടെ കൈവശമുണ്ടായിരുന്നു.

സരസ്വതിയുടെ സഹോദരി ഇതിനിടെ പട്ടികവര്‍ഗ ഓഫീസിലേക്ക് പോയി ചികിത്സാസഹായം ലഭിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഇതിനിടെ എത്തിയ ഡോക്ടര്‍ സരസ്വതിയോട് രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ പട്ടികവര്‍ഗ ഓഫീസില്‍ പോയ സഹോദരി ഉടന്‍തന്നെ അതെത്തിക്കുമെന്ന് മറുപടി നല്‍കി. എന്നാല്‍ രേഖകള്‍ മാത്രം പോരെന്നും രണ്ട് ഡോക്ടര്‍മാര്‍ക്കായി ആയിരം രൂപ വീതം വേണമെന്നുമായിരുന്നു ഡോക്ടറുടെ മറുപടി. പണമില്ലെന്നറിയിച്ച സരസ്വതിയെ ഡോക്ടര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിക്കുകയും ഇനി പണവുമായി വന്നാല്‍ മതിയെന്ന് അറിയിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ചികിത്സ കിട്ടാതെ സരസ്വതി ആശുപത്രി വിടുകയാണുണ്ടായത്.

ജനറല്‍ ആശുപത്രിയിലെ െകെക്കൂലി വാങ്ങുന്ന രണ്ടു ഡോക്ടര്‍മാരെക്കുറിച്ച് നേരത്തേ തന്നെ പരാതി നിലവിലുണ്ട്. ഇവരിലൊരാള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രികളുടെ വേണ്ടപ്പെട്ടയാളുമാണ്. ജില്ലാ ആസ്ഥാനത്തെ ജനറല്‍ ആശുപത്രി ജില്ലയിലെ തന്നെ മികച്ച ആശുപത്രികളിലൊന്നാണ്. കാസര്‍ഗോഡു നിന്ന് പരമാവധി രോഗികളെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് അയക്കുന്ന ഡോക്ടര്‍മാര്‍ക്ക് പാരപണിയുന്നത് ഈ ഡോക്ടര്‍മാരാണെന്ന് നേരത്തേ പരാതി ഉയര്‍ന്നിട്ടുള്ളതാണ്.

shortlink

Post Your Comments


Back to top button