കുവൈറ്റ് : ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി കൊടുംചൂടാണ് അനുഭവപ്പെടുന്നത്. ഖത്തര്‍, കുവൈറ്റ്, യു.എ.ഇ, ഇറാഖ്, സൗദി തുടങ്ങി ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളും കൊടുംചൂടില്‍ കത്തുകയാണ്. ഖത്തറില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇവിടെ ചുടുകാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഉച്ചയോടെ ശക്തിയായ ചുടുകാറ്റ് വിശുമെന്നാണ് മുന്നറിയിപ്പ്.
അല്‍ ഖോറിലായില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ രേഖപ്പെടുത്തിയത് 47 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. ഖത്തറിലെ മറ്റിടങ്ങളില്‍ 45 ഡിഗ്രിക്ക് മുകളിലാണ് ചൂട്. പ്രദേശത്തെ കാലാവസ്ഥയില്‍ വന്‍ മാറ്റമാണ് വന്നിരിക്കുന്നത്. വരുംദിവസങ്ങളില്‍ കടലില്‍ നിന്ന് തീരത്തേക്ക് ശക്തമായ കാറ്റ് വീശും. മണിക്കൂറില്‍ 44 കിലോമീറ്റര്‍ വരെ വേഗതയില്‍ ചുടുകാറ്റാണ് അടിക്കാന്‍ സാധ്യത.
കുവൈറ്റിലാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. കുവൈത്തില്‍ 129 ഡിഗ്രി ഫാരന്‍ഹൈറ്റ് (54 ഡിഗ്രി സെല്‍ഷ്യസ്) ചൂടാണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്. ഇത് റെക്കോര്‍ഡ് ചൂടാണ്. അടുത്തിടെ ഇറാഖില്‍ 53 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു.
കാലാവസ്ഥാ നിരീക്ഷണ വെബ്‌സൈറ്റായ വെതര്‍ അണ്ടര്‍ഗ്രൗണ്ടിലെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. വരുംനാളുകളില്‍ ഈ മേഖലയില്‍ സംഭവിക്കാന്‍ പോകുന്ന വലിയ മാറ്റങ്ങളുടെ സൂചന കൂടിയണിത്. ഈ റെക്കോര്‍ഡ് ചൂട് ദിനത്തെ ചരിത്രദിവസം എന്നാണ് കാലാവസ്ഥാ നിരീക്ഷകന്‍ ഡോ. ജെഫ് മാസ്റ്റേഴ്‌സ് പറഞ്ഞത്. വരും നാളുകളില്‍ ഈ രാജ്യങ്ങളെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണെന്നും അദ്ദേഹം പ്രവചിക്കുന്നു. കാലിഫോര്‍ണിയയിലെ ഡെത്ത് വാലിയില്‍ 1913 ലാണ് ഇത്രയും ഉയര്‍ന്ന ചൂട് ഇതിനു മുന്‍പ് രേഖപ്പെടുത്തിയിട്ടുള്ളത്. അന്ന് 53.7 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയിരുന്നത്.
2100 ആകുമ്പോഴേക്കും മനുഷ്യന് ജീവിക്കാന്‍ പറ്റാത്ത വിധമാകും മധ്യ പൗരസ്ത്യദേശത്തെ ചൂടെന്ന പഠനറിപ്പോര്‍ട്ട് വന്നിട്ട് അധികമാസങ്ങളായിട്ടില്ല. മനുഷ്യന് താങ്ങാനാകാത്ത ചൂടായ 170 ഡിഗ്രി ഫാരന്‍ഹീറ്റ് (76.6 ഡിഗ്രി സെല്‍ഷ്യസ്) ആയിരിക്കും 80 വര്‍ഷത്തിനകം മിഡില്‍ഈസ്റ്റിലുണ്ടാകുകയെന്നായിരുന്നു പഠനം. അന്നു പക്ഷേ അത് അധികമാരും കണക്കിലെടുത്തില്ല. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കിടെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കൊടുംചൂടിന്റെ ഞെട്ടലിലാണിപ്പോള്‍ കുവൈറ്റും ഇറാഖുമെല്ലാം.
മധ്യപൗരസ്ത്യ ദേശത്ത് ഇന്നേവരെയുണ്ടായതില്‍ വച്ച് ഏറ്റവും കൊടുംചൂടാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച കുവൈത്തിലെ മിട്രിബായില്‍ രേഖപ്പെടുത്തിയത്129.9 ഡിഗ്രി ഫാരന്‍ഹീറ്റ് (54 ഡിഗ്രി). ചൂടില്‍ പ്രദേശം വെന്തുരുകിയതോടെ മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി അധികൃതരും രംഗത്തു വന്നുകഴിഞ്ഞു. സൂര്യാതപം ഏല്‍ക്കാതെ നോക്കണമെന്നും നിര്‍ജലീകരണം ഒഴിവാക്കാന്‍ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നുമാണ് മുന്നറിയിപ്പ്.
സ്വകാര്യ കാലാവസ്ഥാനിരീക്ഷണ വെബ്‌സൈറ്റായ ‘വെതര്‍ അണ്ടര്‍ഗ്രൗണ്ട്’ ആണ് ചരിത്രത്തിലെ ഏറ്റവും വലിയ ചൂടിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിന് ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്റെ സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.
സ്ഥിരീകരിച്ചു കഴിഞ്ഞാല്‍, ഡെത്ത് വാലിക്കപ്പുറത്ത് ഭൂമിയില്‍ ഇന്നേവരെ രേഖപ്പെടുത്തിയതില്‍ വച്ചേറ്റവും വലിയ താപനിലയായിരിക്കും കുവൈറ്റിലേത്. കിഴക്കന്‍ കാലിഫോര്‍ണിയയിലെ ഡെത്ത് വാലി എന്നറിയപ്പെടുന്ന പ്രദേശമാണ് ലോകത്തെ ഏറ്റവും വരണ്ടതായി അറിയപ്പെടുന്നത്. 1913 ജൂലൈ 10ന് രേഖപ്പെടുത്തിയ 56.7 ഡിഗ്രിയാണ് ഡെത്ത്‌വാലിയില്‍ ഇന്നേവരെ രേഖപ്പെടുത്തിയ ഏറ്റവും രൂക്ഷമായ താപനില. ഇതിന് തൊട്ടടുത്തെത്തിയിരിക്കുകയാണ് കുവൈത്തിലെ താപനില. അതായത് വെറും 2.7 ഡിഗ്രിയുടെ മാത്രം കുറവ്. ഇറാഖിലും വ്യാഴാഴ്ച രേഖപ്പെടുത്തിയത് രാജ്യത്ത് ഇന്നേവരെയുള്ളതില്‍ ഏറ്റവും രൂക്ഷമായ ചൂടാണ്. സൗദിയിലും യുഎഇയിലും പലയിടത്തും കനത്ത ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. മധ്യപൗരസ്ത്യ ദേശത്ത് ചിലയിടങ്ങളില്‍ താപനില അളക്കാനുള്ള സംവിധാനത്തിന്റെ കൂടിയ അളവും കടന്ന് ചൂടെത്തിയെന്നും വെതര്‍ അണ്ടര്‍ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ത്തന്നെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകുന്നില്ല. എന്നാല്‍ വൈകാതെ തന്നെ ഈ ചൂട് കുറയാനും സാധ്യതയുള്ളതായും റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments