Kerala

കോടിക്കണക്കിന് രൂപയുടെ തൊഴില്‍ തട്ടിപ്പ് നടത്തിയ മുംബൈ സ്വദേശി അറസ്റ്റില്‍

കൊച്ചി : കോടിക്കണക്കിന് രൂപയുടെ തൊഴില്‍ തട്ടിപ്പ് നടത്തിയ മുംബൈ സ്വദേശി അറസ്റ്റില്‍. വിദേശ തൊഴില്‍ തട്ടിപ്പുകാരെ കണ്ടെത്താന്‍ സിറ്റി പൊലീസ് നടത്തിയ ഓപ്പറേഷന്‍ ഓവര്‍സീസിലാണ് മുംബൈ സ്വദേശി കാന്തില്‍ ഷാ(42) എന്നയാള്‍ കുടുങ്ങിയത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റാക്കറ്റ് അഞ്ചു മാസത്തിനിടെ കേരളത്തില്‍ നിന്നു പത്തു കോടിരൂപയോളം തട്ടിയെടുത്തതായാണു പൊലീസിന്റെ നിഗമനം.

പുല്ലേപ്പടിയിലായിരുന്നു ഇവരുടെ മാന്‍പവര്‍ കണ്‍സല്‍ട്ടന്‍സി പ്രവര്‍ത്തിച്ചിരുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസിന് ഇതുവരെ ലഭിച്ച പരാതികളുടെ വെളിച്ചത്തില്‍ 1.50 കോടി രൂപയുടെ തട്ടിപ്പാണു കാന്തില്‍ ഷാ നടത്തിയത്. നഴ്‌സിങ് അടക്കമുള്ള തൊഴിലുകള്‍ വാഗ്ദാനം ചെയ്താണു തട്ടിപ്പു നടത്തിയത്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന അനധികൃത റിക്രൂട്ടിങ് ഏജന്‍സികള്‍ പൂട്ടിയതോടെ മലയാളികളായ തൊഴില്‍ അന്വേഷകരെ വലയിലാക്കാന്‍ ഇതരസംസ്ഥാന റിക്രൂട്‌മെന്റ് റാക്കറ്റ് രംഗത്ത് എത്തിയിരുന്നു.

ഈ റാക്കറ്റിന്റെ ഭാഗമാണു കാന്തില്‍ഷായും കൂട്ടരുമെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. ഇതിനു പുറമെ മൂന്നു ലക്ഷം രൂപ വീതം നഷ്ടപ്പെട്ട 140 തൊഴില്‍ അന്വേഷകര്‍ സിറ്റി പൊലീസിനു പരാതി നല്‍കിയിട്ടുണ്ട്. വ്യാജ വീസ നല്‍കി കബളിപ്പിക്കുന്ന തട്ടിപ്പ് ഏജന്‍സികള്‍ ഓഫിസും പൂട്ടി മുങ്ങുകയാണ് പതിവ്. മലയാളികളെ ഇടനിലക്കാരാക്കിയാണു കാന്തില്‍ഷായും സംഘവും തട്ടിപ്പു നടത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button