NewsLife Style

നിങ്ങളുടെ ജീവിതം ടിവിക്കു മുന്നിലാണോ ? എങ്കില്‍ കരുതിയിരിക്കുക.. മരണം തൊട്ടടുത്ത്

ഇന്നത്തെ നമ്മുടെ ജീവിതത്തിന്റെ മുക്കാല്‍ ദിവസവും ഇന്റര്‍നെറ്റിന് മുന്നിലോ ടിവിക്ക് മുന്നിലോ ആയിരിക്കും. ആയാസമില്ലാത്ത ഈ ഇരുപ്പ് മനുഷ്യന്റെ ആയുസിന്റെ കാര്യത്തിലും പ്രതിഫലിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

അമിതമായി ടിവി കാണുന്നത് നിങ്ങളെ വേഗം മരണത്തിലേക്കു നയിക്കുമെന്നാണ് പഠന ഫലങ്ങള്‍. ഒരു ദിവസം അഞ്ചു മണിക്കൂറോ അതിലധികമോ ടിവി കാണുന്ന മുതിര്‍ന്നവര്‍ക്കു ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചു മരിക്കാനുള്ള സാധ്യത രണ്ടര ഇരട്ടിയാണെന്ന് ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയിലെ ഒരുസംഘം ഗവേഷകര്‍ കണ്ടെത്തി.

40 മുതല്‍ 79 വയസ്സുവരെ പ്രായമുള്ള 86,024 പേരില്‍, 1988 മുതല്‍ 1990 വരെയുള്ള കാലയളവിലായിരുന്നു പഠനം. ഇവര്‍ എത്രസമയം ടിവി കാണുന്നതിനു ചെലവഴിക്കുന്നു എന്നതായിരുന്നു അന്വേഷിച്ചത്.

പഠനത്തില്‍ പങ്കെടുത്ത 59 പേര്‍ 19 വര്‍ഷത്തിനുള്ളില്‍ പള്‍മണറി എംബോളിസം മൂലം മരണമടഞ്ഞു. ശ്വാസകോശധമനികളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണിത്. ഹൃദയം നിലച്ച് ഉടനടി മരണം സംഭവിക്കാന്‍ ഇതു കാരണമാകുന്നു.

ദിവസം രണ്ടര മണിക്കൂറില്‍ കുറവുസമയം ടിവി കാണുന്നവരെ അപേക്ഷിച്ച് രണ്ടര മുതല്‍ മുതല്‍ അഞ്ചു മണിക്കൂര്‍ വരെ ടിവി കാണുന്നവരില്‍ പള്‍മണറി എംബോളിസം മൂലം മരിച്ചവരുടെ എണ്ണം 70 ശതമാനം വര്‍ധിച്ചു. ടിവി കാണുന്ന സമയത്തില്‍ ഓരോ രണ്ടു മണിക്കൂറും കൂടുംതോറും മരണസംഖ്യയില്‍ 40 ശതമാനം വര്‍ധനയും അഞ്ചോ അതിലധികമോ മണിക്കൂര്‍ ടിവി കാണുന്നവരില്‍ രണ്ടര ഇരട്ടി വര്‍ധനയുമുണ്ടായി.

പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനില്‍ പള്‍മണറി എംബോളിസം ബാധിച്ചവരുടെ എണ്ണം കുറവാണ്. എന്നാല്‍ ഇത് ഇപ്പോള്‍ ഉയര്‍ന്നു തുടങ്ങി. ഉദാസീനരും ദീര്‍ഘനേരം ഒരേയിരുപ്പ് ഇരിക്കുന്നവരുമായ ആളുകളുടെ എണ്ണം ജപ്പാനിലും കൂടുകയാണെന്ന് ഇക്കാര്യത്തില്‍ പഠനം നടത്തിയ ഹിരോയാസു ഐസോ പറഞ്ഞു.

പഠനം പറയുന്നതിലും ഗുരുതരമാണ് കാര്യങ്ങളെന്നു ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ശ്വാസകോശധമനികളില്‍ രക്തം കട്ട പിടിച്ചുണ്ടാകുന്ന മരണം അധികം റിപ്പോര്‍ട്ട് ചെയ്യാറില്ല. കാരണം രോഗനിര്‍ണയം ബുദ്ധിമുട്ടാണ്. നെഞ്ചുവേദനയും ഹ്രസ്വമായ ശ്വാസോച്ഛ്വാസവുമാണ് ഇതിന്റെ പ്രകടമായ ലക്ഷണങ്ങള്‍.

പൊണ്ണത്തടി, പ്രമേഹം, പുകവലി, രക്താതിമര്‍ദം മുതലായ ഘടകങ്ങളും ഇതിനെ സ്വാധീനിക്കുന്നുണ്ട്. മണിക്കൂറുകളോളം ടിവി കാണുന്നതുമൂലം ഉണ്ടാകുന്ന പൊണ്ണത്തടിയും പള്‍മണറി എംബോളിസവും തമ്മില്‍ ബന്ധമുണ്ട്.

ഇപ്പോള്‍ വീഡിയോ സ്ട്രീമിങ് വന്നതോടെ ടെലിവിഷന്‍ പരിപാടികളുടെ പല എപ്പിസോഡുകള്‍ ഒറ്റയിരുപ്പില്‍ കാണുന്നത് മിക്കവരുടെയും ശീലമായി മാറിക്കഴിഞ്ഞു.

ഒരുപാടുസമയം ടിവി കാണുന്നവര്‍ക്കായി ഗവേഷകര്‍ ചില നിര്‍ദേശങ്ങള്‍ നല്‍കുന്നു. കാലിലും തുടര്‍ന്ന് ശ്വാസകോശങ്ങളിലും രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കാനായി ചില എളുപ്പമാര്‍ഗങ്ങളുണ്ട്.

ഓരോ മണിക്കൂര്‍ ഇടവിട്ട് എഴുന്നേറ്റു നില്‍ക്കുക, കയ്യും കാലും നിവര്‍ത്തുക, ചുറ്റും നടക്കുക, ടിവി കാണുമ്പോള്‍തന്നെ അഞ്ചു മിനിറ്റുനേരം കാലിലെ മസിലുകളെ റിലാക്‌സ് ചെയ്യിക്കുക തുടങ്ങിയവ ചെയ്യാവുന്നതാണ്. നീണ്ട വിമാനയാത്ര ചെയ്യുന്നവര്‍ക്കും ഇതു ചെയ്യാം. ഇടയ്ക്ക് വെള്ളം കുടിക്കുന്നതും നല്ലതാണ്. ശരീരഭാരം കൂടി അമിതവണ്ണം വരാനുള്ള സാധ്യത കുറയ്ക്കാന്‍ ഇതു സഹായിക്കും. കംപ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ് ഇവയുടെ ഉപയോഗവും ഗവേഷകര്‍ പരിശോധിച്ചു.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേണലായ സര്‍ക്കുലേഷനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button