തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് ദില്ലി വിമാനത്താവളത്തിൽ വച്ച് ഡിഎംകെ എംപി തിരുച്ചി ശിവയെ അണ്ണാ ഡിഎംകെ എംപി ശശികല പുഷ്പ മുഖത്തടിച്ചു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. തുടര്‍ന്നാണ് ശശികല പുഷ്പയെ അണ്ണാ ഡിഎകെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. എംപിസ്ഥാനം രാജി വയ്ക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ രാജിവയ്ക്കില്ല എന്ന് വ്യക്തമാക്കി ശശികല പുഷ്പ രാജ്യസഭയിൽ വിതുമ്പി. ഇന്നലെ പോയസ് ഗാർഡനിൽ വിളിച്ചു വരുത്തി തന്നെ ജയലളിത കരണത്തടിച്ചു എന്നാണ് ശശികല പുഷ്പ പറയുന്നത്.
എന്നെ അവർ ഇന്നലെ അടിച്ചു. എന്നെ പീഡിപ്പിച്ചു. ഭർത്താവിനോട് പോലും സംസാരിക്കാൻ അനുവദിക്കാതെ ഡെപ്യൂട്ടി സ്പീക്കർ തമ്പി ദുരൈ എന്നെ ഇവിടെ കൊണ്ടുവരികയായിരുന്നു. എനിക്ക് സംരക്ഷണം വേണം. ശശികല പറയുന്നു.
കോൺഗ്രസ് ശശികലയെ പിന്തുണച്ചു. പരാതി എഴിതി നല്കാൻ ഉപാദ്ധ്യക്ഷൻ പിജെ കുര്യൻ നിർദ്ദേശിച്ചു.
എന്നാൽ അണ്ണാ ഡിഎംകെ മറ്റൊരു കഥയാണ് വെളിപ്പെടുത്തുന്നത്. തിരുച്ചി ശിവയും ശശികല പുഷ്പയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരുടെയും ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ട് വ്യത്യസ്ത പാർട്ടികളിൽ നില്ക്കുന്ന എംപിമാർക്കിടയിലെ ഈ ബന്ധം ജയലളിതയെ ചൊടിപ്പിച്ചു. രണ്ടുമാസം മുമ്പ് ജയലളിത ശശികലയുടെ രാജി ആവശ്യപ്പെട്ടു. എന്നാൽ ഇത് ഒഴിവാക്കാനുള്ള നാടകത്തിന്റെ ഭാഗമായി ജയലളിതയെ അപമാനിച്ചതിന് തിരുച്ചി ശിവയെ ശശികല അടിച്ചു എന്ന കഥ പ്രചരിപ്പിച്ചു എന്നാണ് അണ്ണാ ഡിഎംകെയുടെ വാദം.
Post Your Comments