NewsInternational

മനുഷ്യക്കടത്തിനെതിരെ പഞ്ചവത്സര പദ്ധതി : ഇന്ത്യയും യു.എ.ഇയും കൈക്കോര്‍ക്കുന്നു

.

ദുബായ് : മനുഷ്യക്കടത്തിനെതിരെയും വനിതകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനും പഞ്ചവല്‍സര പദ്ധതിക്ക് യു.എ.ഇയും ഇന്ത്യയും കൈക്കോര്‍ക്കുന്നു.  ഇന്ത്യയില്‍ നിന്ന് ദുബായിലേയ്ക്ക് ഗാര്‍ഹിക തൊഴിലിനായി പോകുന്നവരാണ് മനുഷ്യക്കടത്തിന്റെ വലയിലകപ്പെടുന്നത്. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ദുബായി കേന്ദ്രീകരിച്ച് പഞ്ചവത്സര പദ്ധതിയ്ക്ക് തുടക്കമിടുന്നത്.   ‘നിങ്ങളെ സംരക്ഷിക്കുന്നതു ഞങ്ങള്‍ക്കു സന്തോഷം നല്‍കുന്നു’ എന്ന പേരില്‍ ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രനും (ഡിഫ്‌വാക്) ദുബായ് പൊലീസും ചേര്‍ന്നു തുടക്കമിട്ട പദ്ധതി വ്യാപക ബോധവല്‍ക്കരണവും ഇരകളുടെ സംരക്ഷണവും ലക്ഷ്യമിടുന്നു.

മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും സഹായം നല്‍കുകയെന്നതും പദ്ധതിയുടെ ഭാഗമാണ്. കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യും. മനുഷ്യക്കടത്തിനെതിരെ പ്രതിരോധക്കോട്ട തീര്‍ക്കാനുള്ള നടപടികള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ രാജ്യം തുടങ്ങിയിരുന്നു. മനുഷ്യക്കടത്തു നടത്തുന്നവരെയും അതുമായി സഹകരിക്കുന്നവരെയും നിയമവിരുദ്ധമായി രാജ്യത്തു കടക്കുന്നവരെയും വെറുതെ വിടില്ല.

യുഎഇ ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹിക മൂല്യങ്ങള്‍ക്കെതിരാണ് മനുഷ്യക്കടത്ത്. ഇരകള്‍, സാക്ഷികള്‍, സമൂഹം, ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ നാലുവിഭാഗങ്ങളെ കേന്ദ്രീകരിച്ചു ബോധവല്‍ക്കരണം ആവശ്യമാണ്. കേവലം ശിക്ഷാ നടപടികള്‍കൊണ്ടു മാത്രം ഇതു പൂര്‍ണമായും തടയാനാവില്ല. ഇതിനിരയാകുന്നവര്‍ അവരുടെ രാജ്യങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങണം. സ്വന്തം രാജ്യത്തിനും എത്തിച്ചേരുന്ന രാജ്യത്തിനും എതിരായ കുറ്റകൃത്യമാണു മനുഷ്യക്കടത്ത്.

നടപടികള്‍ ഊര്‍ജിതമാക്കി ഇന്ത്യയും രംഗത്ത് വന്നിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കും പ്രാതിനിധ്യമുള്ള ജോയിന്റ് ടാസ്‌ക് ഫോഴ്‌സിനാണ് മനുഷ്യക്കടത്തിനെതിരായ നടപടികളുടെയും മേല്‍നോട്ടം. മനുഷ്യക്കടത്തു തടയാനും ഇരകളെ രക്ഷിക്കാനും പുനരധിവസിപ്പിക്കാനും ലക്ഷ്യമിടുന്ന ബൃഹദ്പദ്ധതിക്കാണു തുടക്കമായത്. മനുഷ്യക്കടത്ത് ഏതു രീതിയിലായാലും ശക്തമായ നടപടി സ്വീകരിക്കും. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും അതുവഴി ഇത്തരം കുറ്റകൃത്യങ്ങള്‍ പൂര്‍ണമായും തടയാനാകുമെന്നും പ്രതീക്ഷിക്കുന്നു.

സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമാണ് കൂടുതലായും മനുഷ്യക്കടത്തിനു വിധേയരാകുന്നത്. പൊലീസും മറ്റ് അന്വേഷണ സംഘങ്ങളും ഈ ദൗത്യത്തില്‍ പങ്കാളികളാകുന്നുണ്ട്. വിലപ്പെട്ട വിവരങ്ങള്‍ പരസ്പരം കൈമാറി നടപടികള്‍ ഏകോപിപ്പിക്കും. ദക്ഷിണേഷ്യയില്‍ പ്രതിവര്‍ഷം ഒന്നര ലക്ഷത്തിലേറെ പേര്‍ മനുഷ്യക്കടത്തിന് ഇരകളാകുന്നതായാണു റിപ്പോര്‍ട്ട്.

മാഫിയ സംഘങ്ങള്‍ ആസൂത്രിതമായി നടത്തുന്ന നീക്കങ്ങളായതിനാല്‍ ഈ എണ്ണം ഇതിലും വളരെ കൂടുതലാണെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. നാട്ടിന്‍പുറങ്ങളിലെ പാവപ്പെട്ട വീടുകളിലുള്ളവരാണ് കെണിയില്‍ അകപ്പെടുന്നത്. വിദേശരാജ്യങ്ങളിലെ നഗരങ്ങളില്‍ ജോലിയും ആകര്‍ഷക ശമ്പളവും സുഖജീവിതവും വാഗ്ദാനം ചെയ്ത് ഇരകളെ സ്വാധീനിക്കുന്നു. പണം നല്‍കിയും സ്വാധീനിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button