Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNews

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് ടി.എന്‍ പ്രതാപന്‍

കൊച്ചി: കോൺഗ്രസിന്‍റെ പോഷക സംഘടനകള്‍ മുരടിക്കാന്‍ കാരണം അവയെ ജില്ല തിരിച്ച് ഗോത്രത്തലവൻമാരും മാനേജർമാരും പങ്കിട്ടെടുക്കുന്നത് കാരണമാണെന്ന കടുത്ത വിമർശനമുന്നയിച്ചു കൊണ്ട് മുൻ എംഎൽഎ ടി.എൻ. പ്രതാപൻ രംഗത്ത്. 14 ജില്ലകളെ ഏഴുവീതം പങ്കുവയ്ക്കാൻ ചിലർ കാത്തുനിൽക്കുന്നതിനാലാണു കെഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും പുനഃസംഘടന വൈകുന്നതെന്നും തന്‍റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പ്രതാപൻ കുറ്റപ്പെടുത്തുന്നു. കഴിവിന്‍റെ അടിസ്ഥാനത്തിൽ കടന്നുവരാൻ ആഗ്രഹിക്കുന്നവരുടെ വഴി ഇവരെല്ലാം ചേർന്നു മുടക്കുകയാണ്.

യൂത്ത് കോൺഗ്രസ്, കെഎസ്‌യു പുനഃസംഘടനകൾ നടക്കാത്തതിനെച്ചൊല്ലി കോൺഗ്രസിലെ വിദ്യാർഥി, യുവജന പ്രവർത്തകർക്കുള്ള അമർഷത്തിന്‍റെ പശ്ചാത്തലത്തിലാണു പ്രതാപന്‍റെ പ്രതികരണം. പുനഃസംഘടന വൈകുന്നതിൽ പ്രതിഷേധിച്ചു രാജിവച്ച കണ്ണൂർ ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസിനും മലപ്പുറം ജില്ലാ പ്രസിഡന്റ് ജിഷാം പുലാമന്തോളിനും അഭിവാദ്യമർപ്പിച്ചുകൊണ്ടാണ് പോസ്റ്റ്.

പ്രതാപന്‍റെ കുറിപ്പ് വായിക്കാം:

കെഎസ്‌യുവിന് ഒരു പാരമ്പര്യമുണ്ട്, ഒപ്പം സംസ്കാരവും. അതിൽ വിദ്യാഭ്യാസവും പ്രായവുമൊക്കെ ഘടകങ്ങളാണ്. നേതാക്കളുടെ താളത്തിനൊത്ത് തുള്ളുന്നവരാവാറില്ല കെഎസ്‍യു നേതാക്കൾ. വയലാർജിയും എകെയും നമ്മളെ പഠിപ്പിച്ച പാരമ്പര്യവും അതാണ്. അവസാനം നമ്മൾ പി.ടി. തോമസിൽ വരെ ആ ഗുണം കണ്ടിട്ടുണ്ട്. മാതൃപ്രസ്ഥാനത്തിൽ വീതംവയ്പുകളും, കഴിവും പ്രാപ്തിയും ഗുണവും നോക്കാതെ ഇഷ്ട തോഴരെ വാഴിക്കലുമെല്ലാം നടക്കുമ്പോഴും, കെഎസ്‍യു കോൺഗ്രസ്സിനകത്തെ ഗുണമേന്മയുടെ വിളനിലമായിരുന്നു. ഈ വിത്ത് കുത്തിമുളച്ചാണ് കേരളത്തിലെ കോൺഗ്രസ്സിന് പത്തായം നിറക്കാനുള്ള വിഭവം നൽകിയത്. പക്ഷേ, ഇപ്പോഴത്തെ കെഎസ്‌യു നേതാക്കളിൽ ചിലരെ കാണുമ്പോൾ സഹതാപം തോന്നുന്നു. അവിടെയാണ് മലപ്പുറം ജില്ലാ പ്രസിഡന്റ് ജിഷാം പുലാമന്തോളും കണ്ണൂർ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസും ആൺകുട്ടികളാകുന്നത്. അവർക്ക് 27 വയസ്സ് കഴിഞ്ഞു. സ്വയം സമ്മതിക്കുന്നു. ഞങ്ങൾ മാറി പുതിയ തലമുറയ്ക്ക് അവസരം കൊടുക്കണമെന്ന് അവർ പറയുന്നു. പകരം മറ്റൊന്നും അവർ ആവശ്യപ്പെടുന്നുമില്ല. ഇത് പഴയ കെഎസ്‍യു പാരമ്പര്യത്തിന്‍റെ ബാക്കിപത്രമാണ്. മുതിർന്ന നേതാക്കളേ, നിങ്ങളോട് ഒരു അപേക്ഷ: ഈ അനുജന്മാരെയെങ്കിലും നേർവഴിക്ക് വിടൂ.

ഇങ്ങനെയാണ് പ്രതാപൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button