തിരുവനന്തപുരം● സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഗീതാഗോപിനാഥിനെ നിയമിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാർഹമാണ്. അതേസമയം, ഗീതാ ഗോപിനാഥിനെ നിയമിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തേപ്പറ്റി ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്. സഹപ്രവർത്തകനിൽ വിശ്വാസമില്ലാത്തതു കൊണ്ടാണോ പുതിയ ഉപദേശകയെ വെക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത് എന്ന സംശയം ദൂരീകരിക്കാൻ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
നരേന്ദ്രമോദി സർക്കാരിനെ പ്രകീർത്തിക്കുന്ന ഗീതാഗോപിനാഥിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തുന്നത് ഇടത് സാമ്പത്തിക നയങ്ങൾ കാലഹരണപ്പെട്ടെന്ന തിരിച്ചറിവു കൊണ്ടാണോയെന്നും വ്യക്തമാക്കണം. എന്തായാലും ഗീതാഗോപിനാഥിനെ നിയമിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാർഹമാണ്. മാറുന്ന കാലത്തിന് അനുസൃതമായ ചിന്തകൾ നാടിൻറെ പുരോഗതിക്ക് അനിവാര്യമാണ്. ആധുനിക കാലഘട്ടത്തിന് ചേരുന്ന തരത്തിലേക്ക് ചിന്തകളും നിലപാടുകളും മാറ്റാൻ തയ്യാറാണെന്ന പിണറായിയുടെ സമീപനം നല്ലത് തന്നെ. ഇത്രകാലം ഇടത് പക്ഷം പിന്തുടർന്നു വന്ന സാമ്പത്തിക നയങ്ങൾ കേരളത്തിന്റെ പുരോഗതിയെ പിറകോട്ടടിക്കാൻ മാത്രമാണ് സഹായിച്ചിട്ടുളളത്.
ഇത് തിരിച്ചറിഞ്ഞാണ് പിണറായി പുതിയ തീരുമാനം എടുത്തത് എന്ന് വേണം കരുതാൻ. അതിവേഗം വളരുന്ന ലോകത്തിനും ഭാരതത്തിനും പുറം തിരിഞ്ഞു നിൽക്കാൻ കേരളത്തിന് മാത്രമായി സാധിക്കില്ല. ഇന്നല്ലെങ്കിൽ നാളെ നമുക്കും അതിനൊപ്പം ചേരേണ്ടി വരും. അതിന് ഗീതാ ഗോപിനാഥിനെപ്പോലെയുള്ളവരുടെ ഉപദേശങ്ങൾ സഹായകമാകുമെങ്കിൽ അത് സ്വീകരിക്കുന്നതിൽ തെറ്റില്ല. ഭരണകക്ഷി ചെയ്യുന്നതിനെയെല്ലാം എതിർക്കുക എന്ന മൗഢ്യം ബിജെപിക്കില്ല. നാടിന് നന്മ ഉണ്ടാകാൻ സഹായകമായ നിലപാടുകൾ ആരു സ്വീകരിച്ചാലും ബിജെപി അവർക്കൊപ്പമുണ്ടാകും.
പക്ഷേ അപ്പോഴും നവലിബറൽ സാമ്പത്തിക നയങ്ങളുടെ മറ പിടിച്ച് നാടിന്റെ പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും കുത്തകകൾ ചൂഷണം ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്താൻ ഭരണാധികാരികൾ ജാഗ്രത പുലർത്തണം. ഗീതാഗോപിനാഥ് നൽകുന്ന ഉപദേശങ്ങൾ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കണം. നാടിന് നന്മയുണ്ടാക്കുന്ന ഉപദേശങ്ങൾ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന് ഉറപ്പാക്കാനുള്ള ബാധ്യത മുഖ്യമന്ത്രി നിറവേറ്റണം. ലോകത്തിലെ ഏറ്റവും നല്ല ഉപദേശങ്ങൾ കിട്ടുന്ന ആളായി നമ്മുടെ മുഖ്യമന്ത്രി മാറട്ടെ എന്ന് ആശംസിക്കുന്നു. ആ ഉപദേശങ്ങൾ ജനാധിപത്യം പുലരാൻ സാമൂഹ്യ രംഗത്തും ഉപയോഗിക്കണം. രാഷ്ട്രീയ എതിരാളികള്‍ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന ഫാസിസ്റ്റ് ചിന്താഗതി അവസാനിപ്പിക്കാനും പിണറായി വിജയൻ തയ്യാറായാൽ കേരളത്തിന്റെ പുരോഗതി സാധ്യമാകും. അതിന് ബിജെപിയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതയും കുമ്മനം പ്രസ്താവനയില്‍ അറിയിച്ചു.
Post Your Comments