
ദമ്മാം ● സൗദി അറേബ്യയിലെ ജുബൈലില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തി റോഡരുകില്‍ ഉപേക്ഷിച്ച കേസില്‍ പ്രതികള്‍ പിടിയിലായി. രണ്ട് ഇന്ത്യക്കാരും, രണ്ട് സൗദികളുമാണ് അറസ്റ്റിലായത്. കോഴിക്കോട് കൊടുവളളി മണിപുരം ചുളളിയാട്ട് പൊയിൽ വീട്ടിൽ വേലാട്ടുകുഴിയിൽ സമീര്‍ (35) ആണ് കൊല്ലപ്പെട്ടത്. മൊബൈല്‍ ഷോപ്പ് ജീവനക്കാരനായിരുന്ന സമീറിന്റെ മൃതദേഹം ജുബൈൽ വർക്ക് ഷോപ്പ് ഏരിയയിൽ റോഡരികിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്.
പെരുന്നാള്‍ ദിവസമാണ് സമീറിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഇതിനു രണ്ട് ദിവസം മുന്‍പ് സമീറിനെയും കോഴിക്കോട് സ്വദേശി ഫവാസിനെയും അജ്ഞാതസംഘം തട്ടികൊണ്ട് പോയിരുന്നു. സൗദിയിൽ പുതിയതായി എത്തിയ തനിക്ക് ഭാഷ വശമില്ലാത്തതിനാൽ ക്രൂരമായ മർദ്ധനത്തിന് ശേഷം തന്നെ വഴിയിൽ തളളിയിട്ടതായി ഫവാസ് സുഹൃത്തുക്കളോട് പറഞ്ഞു. സമീറിനെയും ഇവർ ക്രൂരമായി മർദ്ധിച്ചു. അതിന്റെ പിറ്റേ ദിവസമാണ് മൃതദേഹം ജുബൈലിൽ റോഡരുകിൽ കണ്ടെത്തിയത്.
18 ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. സമീറിന്റെ മൃതദേഹം ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അഹമ്മദ് കുട്ടി- ഖദീജ ദമ്പതികളുടെ മകനാണ് സമീർ. ആയിഷയാണ് ഭാര്യ മക്കള്‍ : മുഹമ്മദ് സിനാൻ , സന ഫാത്തിമ്മ.
Post Your Comments