ന്യൂഡല്‍ഹി ● അന്താരാഷ്ട്ര സെക്സ് റാക്കറ്റ് തലവനോടൊപ്പമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം.എസ് ധോണിയുടെ ചിത്രങ്ങള്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു. അന്താരാഷ്ട്ര പെണ്‍വാണിഭ സംഘത്തലവാനും വിരമിച്ച സൈനികനുമായ കേണല്‍ അജയ് അഹ്‌ലാവത്തോടൊപ്പമുള്ള ചിത്രമാണ് എ.ബി.പി ന്യൂസ് ചാനല്‍ പുറത്തുവിട്ടത്.
വിദേശരാജ്യങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ എത്തിച്ച് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര പെണ്‍വാണിഭസംഘത്തിന്റെ മുഖ്യ സൂത്രധാരനാണ് അഹ്‌ലാവത്ത്. ഡല്‍ഹി സഫ്ദര്‍ജംഗിലെ A2/141ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. ധോണി ഇയാളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായാണ് റിപ്പോര്‍ട്ട്. അടുത്തിടെ പോലീസ് അഹ്‌ലാവത്തിന്റെ വസതിയില്‍ നടത്തിയ റെയ്ഡിനിടെയാണ് ചിത്രങ്ങള്‍ കണ്ടെത്തിയത്. ഇയാളുടെ ഗുഡ്ഗാവിലെ ഫാംഹൗസില്‍ ജന്മദിനാഘോഷത്തിനും മറ്റു ചടങ്ങുകള്‍ക്കും ധോണി സ്ഥിരസാന്നിധ്യമായിരുന്നത്രേ! ധോണിയെക്കൂടാതെ മറ്റുചില താരങ്ങളും ഇയാളുമായി ബന്ധം പുലര്‍ത്തിയിരുന്നതായി സൂചനയുണ്ട്. അഹ്‌ലാവത്തിനൊപ്പം ധോണിയും മറ്റൊരു ഇന്ത്യന്‍ താരം സുരേഷ് റെയ്നയും നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.
അഹ്‌ലാവത്തിന്റെ വസതിയിലും മറ്റുസ്ഥാപനങ്ങളിലും സ്ഥിരസന്ദര്‍ശകാനായ ധോണി 2010 ല്‍ ഇയാളോടൊപ്പമാണ് ജന്മദിനം ആഘോഷിച്ചത്. ധോണിയുടെ വിവാഹസല്‍ക്കാരവും ഇയാളുടെ ഫാം ഹൗസിലായിരുന്നു നടത്തിയത്. പുറത്തുവന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ധോണിയെ പോലീസ് ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
വിദേശത്ത് നിന്ന് പെണ്‍കുട്ടികളെ എസ്കോര്‍ട്ട് എന്നപേരിലെത്തിച്ച് വ്യവസായികള്‍ക്കും ഉന്നതര്‍ക്കും അഹ്‌ലാവത്ത് കാഴ്ചവച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഫ്ലാറ്റില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെ ദേഹമാസകലം മുറിവുകളോടെ റഷ്യന്‍ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നത് കണ്ടെത്തിയിരുന്നു. യാത്രാരേഖകളെല്ലാം സംഘം തട്ടിയെടുത്തിയിരിക്കുകയാണെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. സെക്സ് റാക്കറ്റ് ആരോപണത്തിന് പുറമേ സ്വര്‍ണക്കടത്ത് കേസിലും ഇയാള്‍ പ്രതിയാണ്.
Post Your Comments