തിരുവനന്തപുരം: കാറപടകത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച വിശാലിന്റെ അവയവങ്ങള്‍ നാലു പേര്‍ക്ക് പുതുജീവനേകും. കോരാണി മുക്കോല ചെമ്പകമംഗലം സതീശ വിലാസത്തില്‍ സതീശന്‍ നായരുടെ മകന്‍ വിശാലിന്റെ (15) ഹൃദയവും കരളും വൃക്കകളുമാണ് ദാനം ചെയ്യുക. തൃശൂര്‍ പട്ടിക്കാട് സ്വദേശിനി സന്ധ്യയ്ക്കാണ് (27) ഹൃദയം വച്ച് പിടിപ്പിക്കുന്നത്. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെയും വൃക്കകള്‍ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കുമാണ് മാറ്റിവയ്ക്കുക.
പെരിപാര്‍ട്ടം കാര്‍ഡിയോ മയോപ്പതി എന്ന ഗുരുതരമായ ഹൃദ്രോഗം ബാധിച്ച സന്ധ്യയ്ക്ക് ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സന്ധ്യയ്ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സന്ധ്യയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയം മാറ്റി വയ്ക്കാനായുള്ള കാത്തിരിപ്പിനൊടുവിലാണ് ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചു എന്ന വാര്‍ത്ത എത്തിയത്. തുടര്‍ന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.രാജീവ് വഴി മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ അതിവേഗത്തില്‍ നീക്കുകയായിരുന്നു. പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ദ്ധന്‍ ഡോ. ജോസ് പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി ഹൃദയവുമായി നേവിയുടെ ഡോണിയര്‍ വിമാനത്തില്‍ കൊച്ചിയിലെത്തിച്ചു. കാലതാമസം കൂടാതെ ഹൃദയം ആശുപത്രിയില്‍ എത്തിക്കുന്നതിന് നാവിക ആസ്ഥാനം മുതല്‍ ലിസി ആശുപത്രി വരെ കൊച്ചിയില്‍ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്
കഴിഞ്ഞ 16ാം തീയതി വൈകിട്ടാണ് സ്‌കൂളില്‍ നിന്ന് വിട്ടീലേക്ക് പോകവേ മുക്കോല ജംഗ്ഷന് സമീപം വച്ച് കാറിടിച്ച് വിശാലിന് ഗുരുതരമായി പരിക്കേറ്റത്. മണ്ണന്തല പൊലീസ് ഉടന്‍ തന്നെ വിശാലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗം ഐ.സി.യുവില്‍ കഴിഞ്ഞ വിശാലിന്റെ മസ്തിഷ്‌ക മരണം ഇന്നലെ വൈകിട്ടോടെ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് അവയവദാനത്തിനുള്ള വഴിയൊരുങ്ങിയത്. ബന്ധുക്കള്‍ അനുകൂല നിലപാട് എടുത്തപ്പോള്‍ കാര്യങ്ങള്‍ വേഗത്തിലായി. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്‌ളോക്കിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ അവയവദാനത്തിനായുള്ള ശസ്ത്രക്രിയ ആരംഭിച്ചു. ലിസി ആശുപത്രിയിലെ മെഡിക്കല്‍ സംഘവും മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. ഹൃദയം കൊണ്ടുപോകാനായി എയര്‍ ആംബുലന്‍സ് സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങി.
Post Your Comments