KeralaNews

കൊച്ചിയില്‍ നടുറോഡില്‍ അതിക്രമത്തിനിരയായ യുവതിയുടെ രഹസ്യമൊഴി : വിവാദം കൊഴുത്തു: ഗവ.പ്ലീഡര്‍ക്കെതിരെ കുരുക്ക് മുറുകുന്നു

കൊച്ചി: തന്നെ കടന്നു പിടിച്ചത് ഗവ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ തന്നെയെന്ന് കൊച്ചിയില്‍ നടുറോഡില്‍ അതിക്രമത്തിനിരയായ യുവതിയുടെ രഹസ്യമൊഴി. തന്റെ മകന്‍ തെറ്റു ചെയ്‌തെന്ന് സമ്മതിച്ചും കേസില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടും അഭിഭാഷകന്റെ പിതാവ് മുദ്രപത്രത്തില്‍ യുവതിക്ക് കത്ത് നല്‍കിയ കാര്യവും പുറത്ത് വന്നു. ഇതിനിടെ പൊലീസ് കള്ളക്കേസെടുത്തു എന്നാരോപിച്ച് ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അഭിഭാഷകര്‍ ഇന്നുച്ചക്ക് സെന്‍ട്രല്‍സ്റ്റേഷനിലേക്ക് പ്രകടനം നടത്തുന്നുണ്ട്.

ഹൈക്കോടതിയിലെ ഗവ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ നടുറോഡില്‍ കടന്നു പിടിച്ചെന്ന ആരോപണമാണ് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. പ്രതിയെ താന്‍ വ്യക്തമായി കണ്ടിട്ടില്ലെന്ന് കാട്ടി യുവതി ഒപ്പിട്ട ഒരു സത്യവാങ്മൂലം ,പ്രതിഭാഗം ഹാജരാക്കിയതിനെ തുടര്‍ന്ന് ധനേഷിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് യുവതി കോടതിയിലെത്തി ധനേഷിനെതിരെ രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. തന്നെ കടന്നുപിടിച്ച് ഓടിയ ആളെ നാട്ടുകാര്‍ ഒടിച്ചിട്ടു പിടികൂടിയെന്നും ഇയാളെ തന്നെയാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയതെന്നും മൊഴിയില്‍ പറയുന്നു. പ്രതിയെ ഇനിയും കണ്ടാല്‍ തിരിച്ചറിയുമെന്നും വനിതാ മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ മൊഴിയിലുണ്ട്.

ഇതിനിടെ തന്റെ മകന്‍ തെറ്റ് ചെയ്തതായി സമ്മതിച്ച് അഭിഭാഷകന്റെ പിതാവ്,യുവതിക്ക് മുദ്രപത്രത്തില്‍ ഒപ്പിട്ട് നല്‍കിയ കത്തും പുറത്തു വന്നു. പ്രതിയെ അറിയില്ലെന്ന് സത്യവാങ്മൂലത്തില്‍ നിര്‍ബന്ധിച്ച് ഒപ്പിടിച്ചതിന് പകരമായാണ് ഇത്തരമൊരു കത്ത് യുവതിക്ക് ല്‍കിയത്.
ധനേഷിന്റെ സഹോദരനും അയല്‍വാസിയും സാക്ഷികളായി ഇതില്‍ ഒപ്പിട്ടുണ്ട്. സ്ത്രീപീഡനത്തിന് ശിക്ഷ കിട്ടാവുന്ന കുറ്റം തന്റെ മകന്‍ ചെയ്തിട്ടുണ്ടെന്ന് ഈ കത്തില്‍ സമ്മതിക്കുന്നുണ്ട്. ഇനി മേലില്‍ ഇതിന്റെ പേരില്‍ തന്റെ മക്കളോ ബന്ധുക്കളോ യുവതിയെ ശല്യപ്പെടുത്തില്ലെന്നും കത്തിലുണ്ട്.

shortlink

Post Your Comments


Back to top button