ഹൈദരാബാദ്: സ്കൂളില്‍ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്‍ മൂന്നാം ക്ലാസുകാരന്‍റെ തൊഴിയേറ്റ ഒന്നാം ക്ലാസുകാരന്‍ നീലോഫര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞു. 5-വയസുകാരനായ മൊഹമ്മദ് ഇബ്രാഹിമിനാണ് തികച്ചും നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ ജീവന്‍ നഷ്ടമായത്. ബഞ്ചാരാ ഹില്‍സ് പോലീസ് മേഖലയിലെ ഐഎഎസ് കോളനിയിലായിരുന്നു മൊഹമ്മദ് ഇബ്രാഹിം താമസിച്ചിരുന്നത്.
മൊഹമ്മദ് ഇബ്രാഹിം പഠിച്ചിരുന്ന സ്കൂളില്‍ ഇന്‍റര്‍വല്ലിന്‍റെ സമയത്ത് മുതിര്‍ന്ന വിദ്യാര്‍ഥിയുമായി ഉണ്ടായ തര്‍ക്കത്തില്‍ നിന്നാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തിന്‍റെ തുടക്കം. മൊഹമ്മദ് ഇബ്രാഹിം പറഞ്ഞകാര്യം ഇഷ്ടപ്പെടാതിരുന്ന മുതിര്‍ന്ന വിദ്യാര്‍ഥി അവന്‍റെ വയറ്റിലും സ്വകാര്യഭാഗങ്ങളിലും ക്ഷതമേല്‍ക്കുന്ന വിധം തൊഴിക്കുകയായിരുന്നു. അദ്ധ്യാപകരോടോ, സഹപാഠികളോടോ ഒന്നും പറയാതിരുന്ന മൊഹമ്മദ് ഇബ്രാഹിം വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും അവശനായി.
മേരു ക്യാബ് ഡ്രൈവറായ മൊഹമ്മദ് ഇബ്രാഹിമിന്‍റെ അച്ഛന്‍ അബ്ദുള്‍ മുജീബ് വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ കണ്ടത് നാഭിയില്‍ നിന്നും രക്തസ്രാവം ഉണ്ടായി അവശനായി കിടക്കുന്ന മകനെയാണ്. ഉടന്‍തന്നെ മൊഹമ്മദ് ഇബ്രാഹിമിനെ നീലോഫര്‍ ഹോസ്പിറ്റലില്‍ എത്തിച്ചു.
ഡോക്ടര്‍മാരുടെ സംഘം മൊഹമ്മദ് ഇബ്രാഹിമിനെ രണ്ട് തവണ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അവന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.
മകന്‍റെ മരണത്തെത്തുടര്‍ന്ന്‍ അബ്ദുള്‍ മുജീബ് ബഞ്ചാരാ ഹില്‍സ് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. സ്വകാര്യഭാഗങ്ങളിലുണ്ടായ പരിക്ക് മൂലം സംഭവിക്കുന്ന വസോവഗല്‍ ഷോക്ക് മൂലമാണ് മൊഹമ്മദ് ഇബ്രാഹിമിന്‍റെ മരണം സംഭവിച്ചതെന്ന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു.
Post Your Comments