KeralaNews

ഓര്‍മ്മയില്ലേ ആ കാഞ്ചനമാലയെ… ആ കാഞ്ചനമാലയുടെ സ്വപ്‌നം പൂവണിയുകയാണ് ഇവിടെ

മുക്കം : കാത്തിരുന്നു കാത്തിരുന്ന് ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ തീരത്താണ് കാഞ്ചനമാല. മുക്കത്തുകാരുടെ പ്രിയപ്പെട്ട ബി.പി.മൊയ്തീന്‍ (മാന്‍കാക്ക) ഓര്‍മയായിട്ട് നാളെ 34 വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകളുമായി ഇന്നും കഴിയുന്ന കാഞ്ചനമാലയുടെ മോഹങ്ങളും സ്വപ്നങ്ങളും കേന്ദ്രീകരിച്ച ബി.പി.മൊയ്തീന്‍ സേവാമന്ദിര്‍ കെട്ടിടത്തിന്റെ നിര്‍മാണവും പുരോഗമിക്കുന്നു.

 

സേവാമന്ദിറിന് സ്വന്തമായി അനുയോജ്യമായ കെട്ടിടം നിര്‍മിക്കുന്നതിന് നാട്ടുകാരും സേവാമന്ദിര്‍ പ്രവര്‍ത്തകരും ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിനിടയിലായിരുന്നു ദേവദൂതനെപ്പോലെ മലയാളികളുടെ പ്രിയ നടന്‍ ദിലീപ് കാഞ്ചനമാലയുടെയും സേവാമന്ദിറിന്റെയും കഥകള്‍ മാധ്യമങ്ങളില്‍ നിന്നറിഞ്ഞ് സഹായ ഹസ്തവുമായി എത്തിയത്. സേവാമന്ദിറിന്റെ ആദ്യഘട്ടത്തിലുള്ള ഒന്നാം നിലയുടെ നിര്‍മാണം ദിലീപ് ഏറ്റെടുക്കുകയായിരുന്നു. 30 ലക്ഷത്തോളം രൂപ ചെലവിലാണ് ആദ്യഘട്ട നിര്‍മാണം. കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മവും ദിലീപ് തന്നെ നേരിട്ടെത്തി നിര്‍വഹിച്ചു.
ഓണത്തോടനുബന്ധിച്ച് നിര്‍മാണം പൂര്‍ത്തിയാക്കാമെന്നാണു പ്രതീക്ഷ. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ അഗതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായുള്ള വൃദ്ധസദനവും വിശാലമായ ലൈബ്രറിയും പ്രവര്‍ത്തിക്കും. മറ്റ് നിലകളിലായിരിക്കും ഓഡിറ്റോറിയവും വിവിധ സന്നദ്ധ സംഘടനകളുടെ ആസ്ഥാനവുമെല്ലാം. വനിതകള്‍ക്കുള്ള വിവിധ തൊഴില്‍ പരിശീലന കേന്ദ്രങ്ങളും സേവാമന്ദിറില്‍ പ്രവര്‍ത്തിക്കും.

1982 ജൂലൈ 15ന് ഇരുവഴഞ്ഞിപ്പുഴയുടെ കൊടിയത്തൂര്‍ തെയ്യത്തുംകടവിലുണ്ടായ തോണി അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനിടയിലായിരുന്നു മൊയ്തീന്‍ മുങ്ങിപ്പോയത്. ധീരതക്കുള്ള രാഷ്ട്രപതിയുടെ മരണാനന്തര ബഹുമതിയും ലഭിച്ചു. മുക്കത്തെ ബലിയമ്പ്ര തറവാട്ടില്‍ പിറന്ന മൊയ്തീന്‍ മുക്കത്തെയും കോഴിക്കോട്ടെയും സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. ജീവിതത്തിലെ സാഹസികത പോലെ മൊയ്തീന്റെ കാഞ്ചനമാലയുമായുള്ള പ്രണയവും അക്കാലത്ത് ശ്രദ്ധേയമായിരുന്നു. ആര്‍.എസ് .ബിമലിന്റെ ‘എന്ന് നിന്റെ മൊയ്തീന്‍’ സിനിമയിലൂടെയാണ് മൊയ്തീന്റെ കഥ മുക്കത്തിന്റെ അതിരുകള്‍ കടന്നത്.

1985ല്‍ ആണ് മൊയ്തീന്റെ മാതാവ് അരീപറ്റ മണ്ണില്‍ ഫാത്തിമയുടെയും പി.ടി.ഭാസ്‌കര പണിക്കരുടെയും സഹായത്തോടെ ബി.പി.മൊയ്തീന്‍ സേവാമന്ദിറിന് തുടക്കം കുറിച്ചത്. 18,000 പുസ്തകങ്ങളുള്ള ബി.പി.മൊയ്തീന്‍ സ്മാരക ലൈബ്രറിയും പ്രവര്‍ത്തിച്ചിരുന്നു. ഇവയ്‌ക്കെല്ലാം പുതിയ മേല്‍ക്കൂരയൊരുങ്ങുകയാണ്. ഇപ്പോള്‍ മാളിക കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മുറിയില്‍ നിന്ന് ബി.പി.മൊയ്തീന്‍ സേവാമന്ദിറിന്റെ സ്വന്തം സ്മാരകത്തിലേക്കുള്ള ദൂരവും ദിനങ്ങളും കുറഞ്ഞ് കൊണ്ടേയിരിക്കുന്നു. സ്വപ്ന സാഫല്യത്തിലേക്കുള്ള കാഞ്ചനമാലയുടെ കാത്തിരിപ്പിന്റെ ദൈര്‍ഘ്യവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button