പാകിസ്ഥാനുമായി ഇന്ത്യ പങ്കിടുന്ന അതിര്‍ത്തിയിലൂടെയുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം, മയക്കുമരുന്ന്‍ കടത്ത് എന്നിവയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ നൂതനമായ സര്‍വീലന്‍സ് സംവിധാനം ഇന്ത്യന്‍ സൈന്യം തയാറാക്കുന്നു.
ഓപ്പറേഷന്‍ ചക്രവ്യൂഹ് എന്ന്‍ നാമകരണം ചെയ്തിട്ടുള്ള സൈന്യത്തിന്‍റെ അഭേദ്യമായ ഈ ത്രിതല സുരക്ഷാസംവിധാനം പാകിസ്ഥാന്‍ പിന്തുണയോടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന ഭീകരരെ ഇല്ലായ്മ ചെയ്യാനോ, അറസ്റ്റ് ചെയ്യാനോ സൈനികഘടകങ്ങളെ സഹായിക്കും.
പത്താന്‍കോട്ട് ഭീകരാക്രമണത്തിനു ശേഷം ഒരു ഡസന്‍ ലേസര്‍ ഭിത്തികള്‍ പഞ്ചാബിലെ ഇന്ത്യാ-പാകിസ്ഥാന്‍ അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥാപിച്ചിരുന്നു. ഇസ്രായേലി സുരക്ഷാ സംവിധാനത്തിന്‍റെ മാതൃക പിന്തുടര്‍ന്നാണ് ഓപ്പറേഷന്‍ ചക്രവ്യൂഹിന്‍റെ സുരക്ഷാതലങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ളത്.
ആദ്യതലം
ആദ്യതല സുരക്ഷാസംവിധാനം ലൈന്‍ ഓഫ് കണ്‍ട്രോളില്‍ (എല്‍.ഒ.സി) തന്നെയാണ്. ഉന്നത സെന്‍സിറ്റീവ് ശേഷിയുള്ള സെന്‍സറുകള്‍, റഡാറുകള്‍, ഒപ്ടിക്കല്‍ ഫൈബര്‍, ഓട്ടോമേറ്റഡ് തോക്കുകള്‍ എന്നിവയുടെ ഒരു ശൃംഖല തന്നെ ഇവിടെ 24-മണിക്കൂറും നിരീക്ഷണത്തിലിരിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ഇന്‍റഗ്രേറ്റ് ചെയ്യപ്പെട്ട രീതിയില്‍ സജ്ജീകരിക്കപ്പെടും.
ഉന്നതഗുണനിലവാരമുള്ള സര്‍വീലന്‍സ് ക്യാമറകള്‍ ഘടിപ്പിച്ച ആകാശനിരീക്ഷണം നടത്താന്‍ ശേഷിയുള്ള മൈക്രോ-എയറോസ്റ്റാറ്റ് ബലൂണുകള്‍ എല്‍.ഒ.സിയിലെ ആകാശം സദാ നിരീക്ഷണവലയത്തില്‍ നിര്‍ത്തും. കണ്‍ട്രോള്‍ റൂമുമായി ഇന്‍റഗ്രേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഈ നിരീക്ഷണ സംവിധാനം കൊടുക്കുന്ന മുന്നറിയിപ്പുകള്‍ക്കനുസരിച്ച് അതിവേഗ പ്രതികരണ സംവിധാനവും ഉണ്ടാകും.
പക്ഷേ, ദക്ഷിണകാശ്മീരിലെ കനത്ത വനാവരണം കാരണം ഈ സെന്‍സര്‍-അധിഷ്ഠിത നിരീക്ഷണം എപ്പോഴും ഫലപ്രദമാകില്ല. ആദ്യതലത്തിലെ പ്രശ്നങ്ങള്‍ രണ്ടാം തലത്തില്‍ പരിഹരിക്കാനാണ് സൈന്യത്തിന്‍റെ ശ്രമം.
രണ്ടാംതലം
ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് തീവ്രവാദികളെ നിരീക്ഷിക്കുന്ന രീതിയാണ് രണ്ടാംതലത്തില്‍ അവലംബിച്ചിരിക്കുന്നത്. ഗ്രൗണ്ട്ട്രൂപ്പുകള്‍ക്ക് ഹാന്‍ഡ്-ഹെല്‍ഡ് തെര്‍മല്‍ ഇമേജേഴ്സും (എച്ച്.എച്ച്.ടി.ഐ) നല്‍കും. ഇതുപയോഗിച്ച് കനത്ത ഇരുട്ടില്‍വരെ തീവ്രവാദികളുടെ ചലനങ്ങള്‍ അറിയാന്‍ സാധിക്കും.
സൈന്യവും പാരാമിലിട്ടറി ഫോഴ്സുമാകും രണ്ടാംതലത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. ആദ്യതലം മറികടന്ന്‍ നുഴഞ്ഞുകയറുന്ന തീവ്രവാദികള്‍ തങ്ങളുടെ കാര്യകര്‍ത്താവുമായി കണ്ടുമുട്ടുന്നതും, അവര്‍ക്കായി തയാറാക്കിയിട്ടുള്ള ആക്ഷന്‍ പ്ലാന്‍ അറിയുന്നതും, വേണ്ട പണം കൈപ്പറ്റുന്നതും, വേണ്ട നിര്‍ദ്ദേശങ്ങളും മറ്റ് സഹായങ്ങളും സ്വീകരിക്കുന്നതും കനത്ത വനാവരണമുള്ള രണ്ടാംതലത്തിലെ മേഖലകളില്‍ വച്ചാണ്. തീവ്രവാദികളുടെ കാര്യകര്‍ത്താക്കള്‍ എന്ന്‍ സംശയിക്കപ്പെടുന്നവര്‍ ഇപ്പോള്‍ത്തന്നെ സൈന്യത്തിന്‍റെ നിരീക്ഷണത്തിലാണ്. രണ്ടാംതലത്തില്‍ വരുന്ന പ്രദേശങ്ങള്‍ ലോലാബ് താഴ്വര, രജ്വാര്‍ കാടുകള്‍, ബന്ദിപ്പോര, കാസികുണ്ഡ്, ഹാണ്ട്വാര, റാഫിയബാദ്, നൗഗം എന്നിവയാണ്.
മൂന്നാംതലം
മൂന്നാംതലം കാശ്മീര്‍ താഴ്വരയില്‍ത്തന്നെയാണ്. പോലീസ്, പാരാമിലിട്ടറി സൈനികഘടകം എന്നിവയുമായി സഹകരിച്ച് രഹസ്യവിവരങ്ങള്‍ പങ്കുവച്ച് നടപ്പിലാക്കുന്ന സുരക്ഷാസംവിധാനമാണ് മൂന്നാംതലത്തില്‍. മൂന്നാംതലത്തിലെ പ്രധാന മേഖലകള്‍ കുല്‍ഗാം, അനന്ത്നാഗ്, പുല്‍വാമ, ലോലാബ്, കേരന്‍, താങ്ങ്ധാര്‍ എന്നിവയാണ്.
Post Your Comments