അബുദാബി ● യു.എ.ഇയുടെ ഇന്ത്യയിലെ രണ്ടാമത്തെ കോണ്‍സുലേറ്റ് ഉടന്‍ കേരളത്തില്‍ തുറക്കും. ഇതുസംബന്ധിച്ച രേഖകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവയ്ക്കും. യു.എ.ഇയുടെ രണ്ടാമത്തെ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ആരംഭിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും പക്ഷേ, ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം യു.എ.ഇ വിദേശകാര്യ മന്ത്രാലയം നടത്തേണ്ടതുണ്ടെന്നും യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാരാമന്‍ പറഞ്ഞു.
രണ്ടാമത്തെ കോണ്‍സുലേറ്റ് തുറക്കുന്നത് വിസ മുതലായ നടപടിക്രമാങ്ങള്‍ എളുപ്പത്തിലാക്കും. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും ശക്തിപ്പെടുത്തുമെന്നും സീതാരാമന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് മണക്കാട് ആകും പുതിയ കോണ്‍സുലേറ്റ് പ്രവര്‍ത്തിയ്ക്കുക. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ഇന്ത്യന്‍ നയതന്ത്ര വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കോണ്‍സുലേറ്റ് തുറക്കുന്നത് സംബന്ധിച്ച് ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ.അഹമ്മദ് അബ്ദുല്‍റഹ്മാന്‍ അല്‍ ബന്നയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രണ്ട്മാസം മുന്‍പ് ചര്‍ച്ച നടത്തിയിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ട രേഖകളില്‍ ഒപ്പുവയ്ക്കുന്നതോടെ കോണ്‍സുലേറ്റ് പ്രവര്‍ത്തനമാരംഭിക്കും.
യു.എ.ഇയില്‍ തൊഴില്‍ തേടുന്ന ആയിരക്കണക്കിന് ദക്ഷിണേന്ത്യക്കാര്‍ക്ക് കേരളത്തിലെ പുതിയ കോണ്‍സുലേറ്റ് അനുഗ്രഹമാകും.
Post Your Comments