Kerala

സാക്കിര്‍ നായിക്കിനെ പിന്തുണച്ച് മുസ്ലിംലീഗ് ; രൂക്ഷവിമര്‍ശവുമായി ബിജെപി

കോഴിക്കോട് : മുംബൈയിലെ വിവാദ മുസ്‌ലിം പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് പിന്തുണയുമായി മുസ്ലീം ലീഗ്. ഇസ്ലാമിലെ സമാധാന സിദ്ധാന്തത്തിന്റെ പ്രചാരകനാണ് അദ്ദേഹം. യാതൊരു സാഹചര്യത്തിലും മറ്റുള്ള മതത്തില്‍പ്പെട്ടവരെ ആക്രമിക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.

സാക്കിര്‍ നായിക്ക് ഇത്രയുംകാലം നിഗൂഢ കേന്ദ്രങ്ങളില്‍ അല്ലായിരുന്നു. മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം നടത്തുന്നത്. നിരവധി പ്രസംഗങ്ങള്‍ നടത്തുകയും പുസ്തകങ്ങള്‍ എഴുതുകയും ചെയ്ത വ്യക്തിയാണ് നായിക്ക്. ഭീകരവാദത്തെ ശക്തമായി എതിര്‍ത്ത ഒരു വ്യക്തിയെ, ഭീകരവാദത്തിന്റെ പ്രോത്സാഹകനായി അവതരിപ്പിക്കുന്ന വളരെ വിചിത്രമായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍, മുസ്ലിം ലീഗിന്റെ ശ്രമം അത്യന്തം അപകടകരമെന്ന് ബിജെപി പ്രതികരിച്ചു. രാജ്യത്തിന്റെ അഖണ്ഡതയെ ദോഷകരമായി ബാധിക്കുന്ന നിലപാടാണ് ലീഗ് നേതൃത്വത്തിന്റേതെന്നും ബിജെപി സംസ്ഥാന വക്താവ് ജെ.ആര്‍. പത്മകുമാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button