
തിരുവനന്തപുരം ● പ്രസ് ക്ലബ്ബിൽ മദ്യശാല പ്രവർത്തിക്കുന്നു എന്നും എക്സൈസ് കമ്മീഷണർ ശ്രീ. ഋഷിരാജ് സിങ്ങിന്റെ നിർദ്ദേശപ്രകാരം അത് അടച്ചുപൂട്ടി എന്നുമുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്ന് പ്രസ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.
പ്രസ് ക്ലബ്ബ് സങ്കേതം എന്ന ഒരു മദ്യശാല പ്രവർത്തിക്കുന്നില്ല. റിക്രിയേഷൻ ഹാളിൽ പത്രക്കാർ ഉച്ചയ്ക്കും വൈകുന്നേരവും ഒത്തുകൂടാറുണ്ട്. ടേബിൾ ടെന്നീസ്, കാരംസ്, ചെസ് തുടങ്ങിയ ഇൻഡോർ കായിക വിനോദങ്ങളിൽ ഏർപ്പെടാറുണ്ട്. വിശ്രമ വേളകളിൽ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങൾ സജീവ ചർച്ചക്ക് വിധേയമാക്കുന്നവരുമുണ്ട്. സെക്രട്ടറിയേറ്റിലും അതിനു മുന്നിലും തിരക്കേറിയ മാധ്യമപ്രവർത്തനങ്ങൾ നടത്തി ക്ഷീണിക്കുന്നവർക്ക് ഒന്നിരിക്കാനുള്ള ഇടം പോലും ലഭ്യമല്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് അകലെയുള്ള സ്വന്തം സ്ഥാപനങ്ങളിലേക്ക് പോവുക പ്രയാസകരവുമാണ്. ഈ ന്യൂനത പരിഹരിക്കുന്നതിനാണ് 1964 ൽ പ്രസ് ക്ലബ്ബ് ആരംഭിച്ചതു മുതൽ വിശ്രമ സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രസ് ക്ലബ്ബിന്റെ റിക്രിയേഷൻ സെന്ററിൽ മദ്യം ശേഖരിച്ചു വെയ്ക്കുകയോ വിൽക്കുകയോ ചെയുന്നില്ല. അടുത്ത കാലത്തായി പ്രസ് ക്ലബ്ബിനേയും തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരേയും അപമാനിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. അംഗത്വം ലഭിക്കാത്തവരും അച്ചടക്ക നടപടിക്ക് വിധേയമായവരും സ്വന്തം മുഖത്ത് തുപ്പുന്നതിൽ സുഖം കണ്ടെത്തുന്നവരുമാണ് ഇതിനു പിന്നിൽ.
റിക്രിയേഷൻ ക്ലബ്ബ് അടച്ചുപൂട്ടണമെന്ന് എക്സൈസ് വകുപ്പിലെ ഒരുദ്യോഗസ്തനും നിർദ്ദേശിച്ചിട്ടില്ല. അംഗങ്ങൾ ആവശ്യപ്പെടുമ്പോൾ കായിക വിനോദങ്ങൾക്ക് ഇത് തുറന്നുകൊടുക്കറുമുണ്ട്. പ്രസ് ക്ലബ്ബിന് ഭൂഗർഭ അറയില്ല. സ്റ്റാർ ഹോട്ടലുകളിലെ ബാറുകളോട് കിടപിടിക്കുന്ന ഹാളുകളുമില്ലന്ന് ഭാരവാഹികൾ അറിയിച്ചു.
Post Your Comments