തിരുവനന്തപുരം: കാണാതായ മകളെ കുറിച്ച് പൊട്ടിക്കരഞ്ഞാണ് ഈ അമ്മ മനസ്സ് തുറന്നത്. തമിഴ്‌നാട്ടില്‍ ബി.ഡി.എസ് വിദ്യാര്‍ഥിനിയായിരിക്കേയാണ് തന്റെ മകളായ നിമിഷയെ ഈസ വിവാഹം കഴിച്ചത്. വെറും നാലുദിവസത്തെ പരിചയം വച്ചാണ് അവര്‍ വിവാഹിതരായത്. ബെറ്റ്‌സണെന്നാണ് ഭര്‍ത്താവിന്റെ പേര്. പിന്നീട് മതം മാറി ഈസാ എന്നാക്കി. നിമിഷയും മതം മാറിയെന്നും ആ പയ്യന്‍ പറഞ്ഞു. മകളെ എങ്ങനെ കണ്ടെത്തിയെന്ന അമ്മയുടെ ചോദ്യത്തിനു തങ്ങള്‍ മതം മാറിയവരാണെന്നും അങ്ങനെയുള്ള സംഘത്തില്‍നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്നുമാണ് ഈസാ അറിയിച്ചത്. പെണ്‍കുട്ടി പഠിച്ചിരുന്ന കോളജിലെ സീനിയര്‍ വിദ്യാര്‍ഥികളാണ് ഇങ്ങനെ മതംമാറിയവര്‍ക്ക് മതംമാറിയവരെത്തന്നെ പങ്കാളികളാക്കിക്കൊടുത്തത്. അതിലൊരാളാണ് ഈ പെണ്‍കുട്ടിയെ പരിചയപ്പെടുത്തിത്തന്നത്.
പിന്നീട് പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരെ പൊലീസ് സ്റ്റേഷനിലും കോടതിയിലും ഹാജരാക്കി. 18 തികഞ്ഞ ഒരാള്‍ക്കു ഏതു മതം സ്വീകരിക്കാനും അവകാശമുണ്ടെന്നായിരുന്നു മജിസ്‌ട്രേറ്റ് പറഞ്ഞത്. അങ്ങനെ മകളെ ആ പയ്യനൊപ്പം വിട്ടു. മൂന്നു മാസത്തേക്കു പിന്നീട് ഇവരെക്കുറിച്ചു ഒരു വിവരവും ഇല്ലായിരുന്നു. നാലുമാസം കഴിഞ്ഞപ്പോള്‍ മകളുടെ ഫോണ്‍ വരാന്‍ തുടങ്ങി. താന്‍ സന്തോഷവതിയാണെന്നും പാലക്കാടാണെന്നും തന്നെ ഇവിടെ വന്ന് കാണാമെന്നും മകള്‍ പറഞ്ഞു.
തുടര്‍ന്ന് താന്‍ അവിടെപ്പോയി അവളെ കണ്ടു. ഈസയുടെ വീട്ടുകാരോടു സംസാരിക്കുകയും ചെയ്തു. മകള്‍ മതം മാറിയതൊന്നും പ്രശ്‌നമല്ലെന്നും തനിക്കു മകളെ തിരിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ടു. പിന്നീട് താന്‍ അവിടെനിന്നും മടങ്ങി. ഇതിനിടയില്‍ മകള്‍ ഗര്‍ഭിണിയായി. മകള്‍ വീട്ടിലേക്കു വരാമെന്നും പിന്നീട് സമ്മതിച്ചു. വീട്ടിലെത്തിയ മകളെ താന്‍ സ്വീകരിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്തു. മൂന്നു മണിക്കൂര്‍ തന്നോടൊപ്പം ചിലവഴിച്ചതിനു ശേഷം തിരിച്ചു പോയി.
മൂന്നു ദിവസം കഴിഞ്ഞ് ഒരു ഫോണ്‍ വന്നു. തങ്ങള്‍ ശ്രീലങ്കയിലേക്കു പോകുകയാണെന്നും ഇനി ചിലപ്പോള്‍ വിളിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞു. എന്നാല്‍ മകളുടെ ശബ്ദം കേള്‍ക്കണമെന്നു നിര്‍ബന്ധം പിടിച്ചപ്പോള്‍ വാട്ട്‌സാപ്പ് വഴി മെസേജുകളും ശബ്ദസന്ദേശങ്ങളും അയച്ചിരുന്നു. പയ്യന്റെ വീട്ടുകാര്‍ക്കും കാര്യമായ വിവരമൊന്നും ഇല്ലായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ നാലു വരെ മകളുടെ മെസേജുകള്‍ വന്നു കൊണ്ടിരുന്നു. പിന്നീട് മെസേജുകള്‍ കണ്ടില്ല. മകളെക്കുറിച്ചു വിവരമില്ലാത്തതിനാല്‍ ജൂണ്‍ 15ന് പാലക്കാട് ചെന്ന് ഇസായുടെ മാതാപിതാക്കളെയും കൂട്ടി ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇക്കാര്യം ഡി.ജി.പി സെന്‍ കുമാറിനേയും ശ്രീലേഖ ഐ.പി.എസിനെയും ഇക്കാര്യങ്ങള്‍ അറിയിച്ചു. എന്നാല്‍ കാര്യമായ അന്വേഷണമൊന്നും ഉണ്ടായില്ലെന്ന്
ആറ്റുകാല്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മ ബിന്ദു പറഞ്ഞു. പിന്നീട് പത്രത്തിലാണ് അറിയുന്നത് 16 പേരെ കാണാനില്ലെന്നും അതിലൊരു പെണ്‍കുട്ടി തന്റെ മകളാണെന്നും. മകളുടെ ഡെലിവറി ഓഗസ്റ്റ് 31നാണ്. അതുവിചാരിച്ചെങ്കിലും എന്തെങ്കിലും ചെയ്ത് മകളെ തിരികെക്കൊണ്ടുവരണമെന്ന് ശ്രീലേഖയോട് അപേക്ഷിച്ചിരുന്നു. തനിക്കു നീതികിട്ടണമെന്ന് പറഞ്ഞിരുന്നു. ആരും ചെവിക്കൊണ്ടില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് ബിന്ദു പറഞ്ഞു.
പാലക്കാട് സ്വദേശി ഈസയുടെ ഭാര്യ ഫാത്തിമ എന്ന നിമിഷയുടെ അമ്മയാണ് ബിന്ദു.
Post Your Comments