NewsIndia

“ലോകത്തിന്‍റെ പ്രതിഫലനം”, അതാണ്‌ ഇരുനൂറിലധികം വര്‍ഷം പഴക്കമുള്ള കേരളത്തിലെ ഈ ജുമാ മസ്ജിദ്

കേരളത്തിലെ പുരാതന മുസ്ലീം ദേവാലയങ്ങളില്‍ ഏറ്റവും പ്രമുഖമായതാണ് പാളയം ജുമാ മസ്ജിദ്. മസ്ജിദ്-ഇ ജഹാന്‍-നുമ (ലോകത്തെ പ്രതിഫലിപ്പിക്കുന്ന ദേവാലയം) എന്നാണ് പാളയം ജുമാ മസ്ജിദ് അറിയപ്പെടുന്നത്.

ബ്രിട്ടീഷ്കാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്തെ രണ്ടാം റെജിമെന്‍റ് തിരുവനന്തപുരം പാളയത്ത് താവളമുറപ്പിച്ചിരുന്ന 1813-ല്‍ തുടങ്ങുന്നു പാളയം ജുമാ മസ്ജിദിന്‍റെ ചരിത്രം. ഈദ് പ്രാര്‍ത്ഥനകള്‍ക്കായി പട്ടാളപ്പള്ളി എന്നപേരില്‍ ചെറിയ രീതിയിലാണ് പാളയം ജുമാ മസ്ജിദ് ആരംഭിക്കുന്നത്. പിന്നീട് 1824-ല്‍ ആറാം റെജിമെന്‍റിന് പാളയത്ത് പോസ്റ്റിംഗ് ലഭിച്ച സമയത്ത് റെജിമെന്‍റ് ഓഫീസര്‍മാര്‍ പട്ടാളപ്പള്ളി നിന്നിരുന്ന സ്ഥലം വാങ്ങുകയും, മുവാസിനെ നിയമിച്ച് ആധാരരേഖകളുടെ ചുമതല ഏല്‍പ്പിക്കുകയും, ഖാസിയെ നിയമിക്കുകയും ചെയ്തു. 1848-ല്‍ പതിനാറാം റെജിമെന്‍റിന്‍റെ കാലത്താണ് മോസ്ക്കില്‍ കാര്യമായ നവീകരണങ്ങള്‍ നടത്തിയത്. പിന്നീട് കാലാകാലങ്ങളില്‍ നടപ്പിലാക്കപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ പാളയം ജുമാ മസ്ജിദ് വികസിച്ചു കൊണ്ടിരുന്നു.

പിന്നീട് 1960-കളിലാണ് അന്നത്തെ ഖാസി ഇമാം മൗലവി ഷെയ്ഖ് അബുള്‍ ഹസന്‍ അലി അല്‍-നൂറിയുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ പാളയം ജുമാ മസ്ജിദ് ഇന്ന്‍ നാം കാണുന്ന മാതൃകയില്‍ നിര്‍മ്മിച്ചത്. 1967-ല്‍ അന്നത്തെ ഇന്ത്യന്‍ പ്രസിഡന്‍റ് ഡോ. സക്കീര്‍ ഹുസൈനാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ പാളയം ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തത്.

സ്വാതന്ത്ര്യ സമര സേനാനിയും, ബഹുഭാഷാ പണ്ഡിതനും ആയിരുന്ന ഷെയ്ഖ് അബുള്‍ ഹസന്‍ അലി അല്‍-നൂറിയാണ് പാളയം ജുമാ മസ്ജിദിന്‍റെ ആദ്യ ഇമാം. 1959 മുതല്‍ 1979 വരെയുള്ള രണ്ട് ദശാബ്ദക്കാലത്ത് അദ്ദേഹം പാളയം ജുമാ മസ്ജിദിന്‍റെ ഇമാം പദവി അലങ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button