News Story

അലിഞ്ഞാൽ ഐസ്ക്രീം, ഉറച്ചാൽ കരിമ്പാറ- മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് അഡ്വ. എ.ജയശങ്കര്‍

ഐസ്ക്രീം കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന ഹര്‍ജിയെ എതിര്‍ത്ത പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ.ജയശങ്കര്‍. ആയിരം റജീനമാർ പീഡിപ്പിക്കപ്പെട്ടാലും ഒരു കുഞ്ഞാലിയും ശിക്ഷിക്കപ്പെടരുത് എന്നാണ് പിണറായി വിജയന്‍റെ തത്വശാസ്ത്രമെന്ന് ജയശങ്കര്‍ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു. അതുകൊണ്ടാണ് ഐസ്ക്രീം കേസ് സി.ബി.ഐ.ക്ക് വിടണമെന്ന വി.എസ്.ന്റെ ഹർജിയെ സർക്കാർ എതിർത്തത്. അലിഞ്ഞാൽ ഐസ്ക്രീമും ഉറച്ചാൽ കരിമ്പാറയുമാണ്‌ പിണറായി എന്നും ജയശങ്കര്‍ പരിഹസിച്ചു.

ആപത്തുകാലത്തു കുഞ്ഞാലിയെ സഹായിച്ചാൽ വേറെയും ഉപകാരം പ്രതീക്ഷിക്കാം. 2021 ൽ മുസ്‌ലിം ലീഗിനെകൂട്ടി ഇടതുമുന്നണി വികസിപ്പിക്കാം. ഭരണ തുടർച്ച ഉണ്ടാക്കാം. പിന്നെ ആചന്ദ്രതാരം അമർന്നിരുന്ന് ഭരിക്കാം. പച്ചചെങ്കൊടി പാറിക്കാം. സുപ്രീം കോടതി വി.എസ്.ന്റെ ഹർജി പരിഗണിച്ച അതേദിവസം ഹൈക്കോടതിയിൽ സഖാവ് സാന്റിയാഗോ മാർട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരായി സ്വത്തു കണ്ടുകെട്ടാനുള്ള നടപടി റദ്ദാക്കണം എന്നാവശ്യപ്പെതും ജയശങ്കര്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ജയശങ്കറിന്റെ ഫേസ്ബുക്ക്‌ കുറിപ്പിന്റെ പൂര്‍ണരൂപം

അലിഞ്ഞാൽ ഐസ്ക്രീം, ഉറച്ചാൽ കരിമ്പാറ. അതാണ് സഖാവ് പിണറായി വിജയൻ, വിപ്ലവ കേരളത്തിന്റെ സൂര്യതേജസ്സ് ; മൂന്നരക്കോടി മലയാളികളുടെ മഹാനായ മുഖ്യമന്ത്രി.

ആയിരം റജീനമാർ പീഡിപ്പിക്കപ്പെട്ടാലും ഒരു കുഞ്ഞാലിയും ശിക്ഷിക്കപ്പെടരുത് എന്നാണ് വിജയേട്ടന്റെ ജീവിത തത്വശാസ്ത്രം. അതുകൊണ്ടാണ് ഐസ്ക്രീം കേസ് സി.ബി.ഐ.ക്ക് വിടണമെന്ന വി.എസ്.ന്റെ ഹർജിയെ സർക്കാർ എതിർത്തത്. ഖജനാവിൽ അഞ്ചുപൈസയില്ലാത്ത കാലത്തും ധവളപത്രം മറന്ന് കെ.കെ.വേണുഗോപാലന്റെ അങ്കച്ചേകവനാക്കിയതും ചോദിച്ച കാശ് എണ്ണിക്കൊടുക്കുന്നതും.
ഒന്നാമത് സി.ബി.ഐ. എന്നുപറയുന്നത് നമ്മുടെ പോലീസിനെ പോലെയോ വിജിലൻസിനെ പോലെയോ സ്വതന്ത്രമായ സംവിധാനമല്ല. കൂട്ടിലടച്ച തത്തയാണ്. ലാവ് ലിൻ കേസിൽ പാവം വിജയേട്ടനെതന്നെ നട്ടംതിരിച്ച കൂട്ടരാണ്. കാര്യം കുഞ്ഞാലിക്കുട്ടി ലീഗുകാരനാണ്, പ്രതിപക്ഷ ഉപനേതാവാണ് എങ്കിലും തങ്കപ്പെട്ട മനുഷ്യനാണ്. അദ്ദേഹത്തെ സി.ബി.ഐ.ക്ക് വിട്ടുകൊടുക്കുന്നത് തികഞ്ഞ ക്രൂരതയാണ്, മനുഷ്യാവകാശ ലംഘനമാണ്.

പിന്നെ ഇത് വെറും പ്രതിപക്ഷ ബഹുമാനത്തിന്റെ മാത്രം പ്രശ്നമല്ല. ഐസ്ക്രീം പാർലർ അട്ടിമറിക്കേസ് സി.ബി.ഐ. അന്വേഷിച്ചാൽ പ്രതിഫലം വാങ്ങാതെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി പ്രവർത്തിക്കുന്ന മുതിർന്ന അഭിഭാഷകൻ ആപ്പിലാവും. മലബാർ അക്വാ ഫാമിന്റെ ബാങ്ക് വായ്പ വീട്ടിയതാര് എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടി വരും. വിജയേട്ടൻ നിസ്വാർതഥമതിയായ മറ്റൊരു നിയമോപദേഷ്ടാവിനെ കണ്ടുപിടിക്കേണ്ടിവരും.

ആപത്തുകാലത്തു കുഞ്ഞാലിയെ സഹായിച്ചാൽ വേറെയും ഉപകാരം പ്രതീക്ഷിക്കാം. 2021 ൽ മുസ്‌ലിം ലീഗിനെകൂട്ടി ഇടതുമുന്നണി വികസിപ്പിക്കാം. ഭരണ തുടർച്ച ഉണ്ടാക്കാം. പിന്നെ ആചന്ദ്രതാരം അമർന്നിരുന്ന് ഭരിക്കാം. പച്ചചെങ്കൊടി പാറിക്കാം. സുപ്രീം കോടതി വി.എസ്.ന്റെ ഹർജി പരിഗണിച്ച അതേദിവസം ഹൈക്കോടതിയിൽ സഖാവ് സാന്റിയാഗോ മാർട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരായി. സ്വത്തു കണ്ടുകെട്ടാനുള്ള നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടു.

രക്തസാക്ഷികൾ സിന്ദാബാദ്, രക്തപതാക സിന്ദാബാദ്!
രക്തപതാകത്തണലിൽ വിരിയും സിക്കിം ലോട്ടറി സിന്ദാബാദ്!!

shortlink

Related Articles

Post Your Comments

Related Articles


Back to top button