ന്യൂഡല്‍ഹി : ഇന്ത്യയിലേക്ക് 200 ലധികം പാക് തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ കാത്തിരിക്കുന്നെന്ന് വെളിപ്പെടുത്തല്‍. സൈനീക വൃത്തങ്ങളാണ് ആയുധധാരികളായ തീവ്രവാദികളെക്കുറിച്ച് അറിയിച്ചത്. എന്നാല്‍ നുഴഞ്ഞു കയറ്റം തടയാനായി ശക്തമായ സുരക്ഷയാണ് ഒരുക്കുന്നതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനായ ആര്.ആര് നിംബോര്‍ക്കര്‍ പറഞ്ഞു.
ഇവരെ തടയാന്‍ അതിര്‍ത്തിയില്‍ സൈന്യം പൂര്‍ണ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഭീകരരെക്കുറിച്ച് പൂര്‍ണമായ വിവരമോ ഇവരുടെ ലക്ഷ്യമെന്താണെന്നോ അറിയില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിവിധ തീവ്രവാദി സംഘടനകള്‍ സംഘടിതമായ രീതിയില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത് ഇതാദ്യമല്ല. എല്ലാ കാലവും ഇന്ത്യയിലേക്ക് കടക്കാന്‍ അവര്‍ ശ്രമിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തി വഴി നുഴഞ്ഞു കയറുന്ന തീവ്രവാദികളില്‍ ചിലരെ അപ്പോള്‍ തന്നെ സൈന്യം വധിക്കാറുണ്ട്. നുഴഞ്ഞു കയറാനുള്ള ശ്രമം വിജയിക്കുന്ന ചുരുക്കം ചിലര്‍ക്ക് സേന അതിര്‍ത്തിയില്‍ ഒരുക്കുന്ന രണ്ടാമത്തെയും മൂന്നാമത്തെയും സുരക്ഷാ സംവിധാനങ്ങള്‍ കടക്കാന്‍ കഴിയില്ലെന്നും സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Post Your Comments