ന്യൂഡല്‍ഹി : മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി ഉപഭോക്താക്കളെ ആകര്‍ഷിച്ച് ആവശ്യമായ സ്പീഡ് നല്‍കാത്ത മൊബൈല്‍ ഓപറേറ്റര്‍ കമ്പനികളെ പൂട്ടാൻ ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) പുതിയ സംവിധാനമേര്‍പ്പെടുത്തി. ഫോണുകളില്‍ ഇന്റര്‍നെറ്റ് ഡാറ്റാ സ്പീഡ് നിരീക്ഷിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കാനും സഹായിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്പാണ് ട്രായ് പുറത്തിറക്കിയിരിക്കുന്നത്.
മൈസ്പീഡ് എന്നു പേരിട്ട ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ കീഴില്‍ പുറത്തിറക്കുന്ന ആദ്യ ആപ്പ് ആണിത്. നാലു ഭാഗങ്ങളാണ് ആപ്പിനുള്ളത്. ആദ്യത്തേത് സ്പീഡ് പരിശോധനയാണ്. ഫോണിലെ 3ജി, ഫോര്‍ജി കണക്ഷന്റെ സ്പീഡും വൈഫൈയുടെ സ്പീഡും ഇതുപയോഗിച്ച് പരിശോധിക്കാം. രണ്ടാമത്തെ ഭാഗം ഹിസ്റ്ററി പേജാണ്. ഓരോ തവണയും നടത്തിയ സ്പീഡ് പരിശോധനയുടെ വിവരങ്ങള്‍ ഇവിടെ രേഖപ്പെടുത്തിവയ്ക്കും. ഓരോ തവണയും പരിശോധന നടത്തിയ ലൊക്കേഷന്‍ എവിടെയെന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതുവഴി എവിടെയെല്ലാം, എപ്പോഴൊക്കെ സ്പീഡ് കുറവായിരുന്നുവെന്ന് കണ്ടെത്താം. മൂന്നാം ഭാഗത്ത് ഈ ഹിസ്റ്ററി ഡാറ്റയുടെ വിശദമായ വിശകലനമാണ്. ഇതിനു പുറമെ സെന്‍ഡ് ടു ട്രായ് എന്ന ബട്ടണുമുണ്ട്. ഇതുപയോഗിച്ച് വിവരങ്ങള്‍ ട്രായിക്ക് കൈമാറുകയുമാവാം. എന്തായാലും ഈ ആപ്പ് ഉപഭോക്താക്കൾക്ക് ഗുണകരമാകുമോ എന്ന് നോക്കാം
Post Your Comments