NewsIndia

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി : മന്ത്രിസഭ പുനഃസംഘടന നാളെ

ന്യൂഡല്‍ഹി: പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ ചൊവ്വാഴ്ച പുനഃസംഘടിപ്പിക്കും. ചൊവ്വാഴ്ച രാവിലെ11 മണിക്ക് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നേക്കും. 
ഏതാനും മാസങ്ങളായി മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ചില സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പുനഃസംഘടനയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുനഃസംഘടനയില്‍ കൂടുതല്‍ പ്രാധാന്യം ലഭിച്ചേക്കും. ഉത്തര്‍പ്രദേശില്‍നിന്ന് രണ്ട് മന്ത്രിമാരെയെങ്കിലും ഉള്‍പ്പെടുത്തിയായിരിക്കും പുനഃസംഘടനയുണ്ടാവുക എന്നാണ് സൂചന.
ആഭ്യന്തരം, ധനം, വിദേശകാര്യം, പ്രതിരോധം എന്നീ വകുപ്പുകളില്‍ അഴിച്ചുപണി നടക്കാന്‍ സാധ്യതയില്ല. യുവജനകായിക മന്ത്രിയായിരുന്ന സര്‍ബാനന്ദ സോനോവാള്‍ ആസാം മുഖ്യമന്ത്രിയായ ഒഴിവില്‍ പുതിയ ആള്‍ കേന്ദ്രമന്ത്രിയാകും. ന്യൂനപക്ഷ കാര്യ മന്ത്രി നജ്മ ഹെപ്തുള്ളയ്ക്ക് പകരം മുഖ്താര്‍ അബ്ബാസ് നഖ്വി മന്ത്രിയായേക്കും. പീയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്ക് കാബിനറ്റ് പദവി ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. അനുപ്രിയ പട്ടേല്‍, മെഹന്ത് ആദിത്യാനന്ദ് തുടങ്ങിയവര്‍ അടക്കം അഞ്ചിനും പത്തിനുമിടയില്‍ പുതിയ മന്ത്രിമാര്‍ മന്ത്രിസഭയില്‍ പുതിയതായി ഉള്‍പ്പെടുത്തപ്പെട്ടേക്കും.

പുനഃസംഘടനയില്‍ മന്ത്രിമാരുടെ ഇതുവരെയുള്ള പ്രകടനങ്ങള്‍ മാനദണ്ഡമാകുമെന്നാണ് സൂചന. മന്ത്രിസഭാ തീരുമാനങ്ങളും സര്‍ക്കാരിന്റെ നയപരിപാടികളും നടപ്പാക്കുന്നതില്‍ മന്ത്രിമാരുടെ പ്രകടനങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രിസഭയിലെ അംഗങ്ങളുമായി പ്രധാനമന്ത്രി മൂന്നുവട്ടം കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. നിലവില്‍ പ്രധാനമന്ത്രി അടക്കം 66 മന്ത്രിമാര്‍ ആണ് കേന്ദ്ര മന്ത്രിസഭയില്‍ ഉള്ളത്. ഭരണഘടനാ പ്രകാരം 82 മന്ത്രിമാര്‍ വരെ ആകാം. ഈ സാഹചര്യത്തിലാണ് പുതിയ ആള്‍ക്കാരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്.
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഒരു മാസത്തോളമായി ബിജെപിയില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ബിജെപി പ്രസിഡന്റ് അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രധാനമന്ത്രി ജൂലായ് ഏഴിന് നാലു ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച തന്നെ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button