ന്യൂഡെല്‍ഹി : പാകിസ്ഥാനില്‍ പെട്ടു പോയി തിരികെയെത്തിയ ഇന്ത്യന്‍ യുവതി ഗീതയുടെ മാതാപിതാക്കളെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് തുടരുന്നു. ബധിരയും മൂകയുമായ ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ട്രെയിന്‍ യാത്രാസൗകര്യം ചെയ്തു കൊടുക്കുമെന്ന് കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് ഗീത ഇന്ത്യയിലേക്ക് തിരിച്ചു വന്നത്. ഗീതയുടെ ചിത്രങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ നല്‍കിയിരുന്നു. ഇതിനുശേഷം വിവിധയിടങ്ങളില്‍ നിന്ന് പ്രതികരണങ്ങള്‍ ഉണ്ടായെങ്കിലും അതൊക്കെ ഗീത നിഷേധിക്കുകയായിരുന്നുവെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി സഹകരിച്ച് ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.
തന്റെ വീട് ഒരു റെയില്‍വേ സ്‌റ്റേഷന് അടുത്തായിരുന്നുവെന്നും ബിഹാറിലൂടെയും ജാര്‍ഘണ്ടിലൂടെയും ട്രെയിന്‍ യാത്ര നടത്തിയാല്‍ തനിക്കത് തിരിച്ചറിയാന്‍ കഴിയുമെന്നുമാണ് ഗീത ഇപ്പോള്‍ പറയുന്നത്. അതിനാല്‍ മാതാപിതാക്കളെ കണ്ടെത്താനുള്ള യാത്രയ്‌ക്കൊരുങ്ങുകയാണ് ഗീത. ഇതിനായുള്ള എല്ലാ സഹായവും റയില്‍വേ മന്ത്രാലയം നല്‍കും. യാത്രയിലുടനീളം ഒരു സഹായിയും ഗീതയ്ക്ക് ഉണ്ടാകും.
Post Your Comments