തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷവും തമ്മില്‍ നേരിയ വാക്കേറ്റം. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിനിടെയായിരുന്നു വാക്കേറ്റമുണ്ടായത്. രാഷ്ട്രീയമായ പ്രതികാര നടപടി ജീവനക്കാര്‍ക്ക് നേരെ ഉണ്ടായിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. പിന്നീട് ശക്തമായ ഭാഷയില്‍ ഇരുവിഭാഗവും ഏറ്റുമുട്ടുകയായിരുന്നു.
പി.ടി.തോമസിന് സ്ഥലജല വിഭ്രമം ബാധിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ പിണറായി വിജയൻ തുടർന്നു. സ്ഥലജല വിഭ്രമം എന്താണെന്ന് ആദ്യം പഠിക്കണം. എന്നിട്ട് വന്നാൽമതി. വെറുതെ ബഹളം വയ്ക്കാൻ മാത്രം പഠിച്ചാൽ പോര. ഇവിടെ പറഞ്ഞില്ലേ ഭയപ്പെടുത്താൻ നോക്കേണ്ടെന്ന്, ആ മര്യാദ അങ്ങോട്ടും വേണം. ആദ്യം മര്യാദ പഠിച്ചിട്ടുവരണം. എന്നിട്ട് സംസാരിക്കാൻ ശ്രമിക്കണം – പിണറായി പറഞ്ഞു.
മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. മുഖ്യമന്ത്രിയുടെയും പി.ടി.തോമസിന്റെയും പ്രസംഗം കേള്‍ക്കുമ്പോള്‍ ആര്‍ക്കാണ് സ്ഥലജല വിഭ്രാന്തിയെന്ന് ഈ സഭയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയില്‍ നിന്നും നമ്മളിത് പ്രതീക്ഷിച്ചിട്ടില്ല. മെമ്പര്‍മാര്‍ക്ക് പലതും പറയാമെന്നും ചെന്നിത്തല പറഞ്ഞു.
മാനദണ്ഡം നോക്കാതെയാണ് ജീവനക്കാരെ സ്ഥലം മാറ്റിയതെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ പോലും പരിഗണിച്ചില്ലെന്നും ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എ.കെ. ബാലന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ മറുപടി ഉദ്ധരിച്ചുകൊണ്ടാണ് തുടങ്ങിയത്.
മനുഷ്യത്വരഹിതമായി ആരെയെങ്കിലും മാറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തുമെന്നും ജീവനക്കാര്‍ക്ക് സംഘടനകളുണ്ടെങ്കിലും എല്ലാവരെയും ഒരുപോലെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തുടര്‍ന്ന് പ്രമേയത്തിന് അവതരാണുമതി നിഷേധിച്ചു. എന്നാല്‍ പ്രതിപക്ഷം പ്രതിഷേധിച്ചുകൊണ്ടുതന്നെ സഭയില്‍ തുടരുകയും ചെയ്തു.
Post Your Comments