ന്യൂഡല്‍ഹി : ഇന്ത്യയുടെ ആയുധ ശേഖരത്തില്‍ ഇനി വരുണാസ്ത്രവും. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഭാരമേറിയ ടോര്‍പ്പിഡോ വരുണാസ്ത്രം ബുധനാഴ്ച നാവികസേനയുടെ ആയുധ ശേഖരത്തിന്റെ ഭാഗമായി. ഡല്‍ഹിയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബയുമടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു വരുണാസ്ത്രത്തിന്റെ നാവിക സേനാ പ്രവേശനം.
വരുണാസ്ത്രം ആയുധശേഖരത്തില്‍ ഉള്‍പ്പെടുത്തിയതോടു കൂടി ടോര്‍പ്പിഡോ നിര്‍മിക്കാന്‍ ശേഷിയുള്ള അപൂര്‍വ്വം വന്‍കിട രാജ്യങ്ങളുടെ കൂട്ടത്തിലേക്കാണ് ഇന്ത്യയും എത്തുന്നത്. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം-ഡി.ആര്‍.ഡി.ഒയുടെ നേവല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കല്‍ ലബോറട്ടറിയാണ് ഇത് വികസിപ്പിച്ചത്. മുങ്ങിക്കപ്പലുകള്‍ക്കും കപ്പലുകള്‍ക്കുമെതിരെ വെള്ളത്തില്‍ കൂടി പ്രയോഗിക്കാവുന്ന മിസൈല്‍ രൂപത്തിലുള്ള ആയുധമാണ് ടോര്‍പിഡോ.
പത്തുവര്‍ഷമായി ദിവസവും ഏതാണ്ട് 20 മണിക്കൂറോളം പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് വരുണാസ്ത്രമെന്ന് പ്രൊജക്ട് ഡയറക്ടര്‍ പി ത്രിമൂര്‍ത്തലു പറഞ്ഞു. കയറ്റുമതി ലക്ഷ്യമിട്ട് കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഗവേഷണ പരീക്ഷണങ്ങള്‍ തുടരാന്‍ മന്ത്രി പരീക്കര്‍ ഡി.ആര്‍.ഡി.ഒയോട് ആവശ്യപ്പെട്ടു. സാധാരണയായി മുങ്ങിക്കപ്പലുകളിലാണ് ടോര്‍പ്പിഡോ വിന്യസിക്കുന്നത്. എന്നാല്‍ ഭാരംകൂടിയ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വരുണാസ്ത്രം യുദ്ധക്കപ്പലുകളില്‍ നിന്നും ഉപയോഗിക്കാനാവും.
Post Your Comments