കൊച്ചി: ജിഷ കൊലക്കേസില്‍ അറസ്റ്റിലായ അമീര്‍ ഉള് ഇസ്ലാമിന് തീവ്രവാദ ബന്ധമുണ്ടോ എന്നറിയാന്‍ പ്രത്യേക അന്വേഷണസംഘം അസം തീവ്രവാദ വിരുദ്ധ സേനയുടെ സഹായം തേടി. അസമില്‍ അമീറിന്റെ വീട്ടിലെത്തിയ സംഘമാണ് ഇയാള്‍ക്ക് ഉള്‍ഫ, ബോഡോ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചത്.
ഇത്തരം സംഘടനകളില്‍പ്പെട്ട പലരും കേരളത്തില്‍ ഒളിവില്‍ കഴിയുന്ന പശ്ചാത്തലത്തിലാണ് അന്വേഷണം. ഇയാളുടെ തീവ്രവാദ ബന്ധം സംബന്ധിച്ച വ്യക്തമായ വിവരങ്ങളൊന്നും അസം പോലീസില്‍ നിന്നു ലഭിച്ചില്ല. തീവ്രവാദികളായ നിരവധി ആളുകള്‍ കേരളത്തിലേക്ക് ചേക്കേറിയിട്ടുണ്ടെന്നും ഇവരുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ലെന്നും മറുപടി ലഭിച്ചതായാണ് വിവരം. പത്താം വയസില്‍ വീടുവിട്ടിറങ്ങിയ ഇയാള്‍ കേരളത്തില്‍ എത്തുന്നതിനു മുന്‍പ് എവിടെയായിരുന്നു എന്ന് വ്യക്തമല്ല. വീടു വിട്ടിറങ്ങിയ ശേഷം വീട്ടുകാരുമായി ബന്ധമില്ലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ തുടരുന്ന നിസഹകരണം പരിശീലനം ലഭിച്ച തീവ്രവാദികള്‍ക്കു സമാനമാണ്. ഇയാള്‍ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അമീറിന്റെ സുഹൃത്തുക്കളായ അനര് ഉള് ഇസ്ലാം, അസജദ് ഉള് ഇസ്ലാം എന്നിവര്‍ക്കായുള്ള തെരച്ചില്‍ അസമില്‍ പുരോഗമിക്കുകയാണ്. നേരത്തേ ഇവരെ അസം പോലീസിന്റെ സാന്നിധ്യത്തില്‍ ചോദ്യംചെയ്തിരുന്നു. അന്ന് ഇവരില്‍ നിന്നു ശേഖരിച്ച വിരലടയാളവും ജിഷയുടെ വീട്ടില്‍ നിന്നു ലഭിച്ച വിരലടയാളവും തമ്മില്‍ സാമ്യമില്ലെന്നാണ് വിവരം. ഇതേത്തുടര്‍ന്ന്, ഇവര്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
അമീറിനെ മാനസിക രോഗിയാക്കി അന്വേഷണം വഴിതിരിച്ചു വിടാന്‍ നീക്കം നടക്കുന്നുണ്ട്. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇയാളുടെ മനോനില പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. പഴയ അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരാണ് ഇക്കാര്യം പ്രചരിപ്പിച്ചത്. എന്നാല്‍, ഇയാള്‍ക്ക് മാനസിക വൈകല്യമില്ലെന്നും ഇതുവരെ പ്രചരിച്ച കെട്ടുകഥകളില്‍ ഒന്നുമാത്രമാണ് ഇതെന്നും പുതിയസംഘം വെളിപ്പെടുത്തി.
ആദ്യ അന്വേഷണ സംഘത്തിനു സംഭവിച്ച ഗുരുതര വീഴ്ചകള്‍ക്കു കാരണം ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പടലപ്പിണക്കമായിരുന്നെന്നും വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നു. ഡിവൈ.എസ്.പി. റാങ്കിലുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ പാടേ അവഗണിക്കപ്പെട്ടെന്നും വിവരമുണ്ട്. കൊലപാതകത്തിനുശേഷം കാണാതായ അമീറിനെയും സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുക്കണമെന്ന് കൊച്ചി നഗരത്തില്‍ നിന്നെത്തിയ എസ്.ഐ. നേരത്തേതന്നെ ആവശ്യപ്പെട്ടെങ്കിലും നടപ്പായില്ല. പിന്നീട് പല ഉദ്യോഗസ്ഥരും അന്വേഷണം നടത്തിയത് സ്വന്തം ഇഷ്ടാനുസരണമാണെന്നും ആക്ഷേപമുണ്ട്.
കസ്റ്റഡിയില്‍ കിട്ടി ദിവസങ്ങളായിട്ടും കൊലപാതകത്തിനുപയോഗിച്ച ആയുധവും സംഭവസമയം ധരിച്ചിരുന്ന വസ്ത്രവും എവിടെയെന്ന സൂചന പോലും കിട്ടിയിട്ടില്ല. കേസില്‍ നിര്‍ണായക വഴിത്തിരിവുകളുണ്ടാക്കിയ പഴയ അന്വേഷണസംഘത്തിലെ പ്രമുഖരെ പാടേ അവഗണിച്ചത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. അവഗണന കടുത്തതോടെ പല ഉദ്യോഗസ്ഥരും കേസന്വേഷണത്തില്‍ നിന്ന് അകന്നു. രണ്ടോ മൂന്നോ ഉദ്യോഗസ്ഥരാണ് പ്രതിയെ സ്ഥിരമായി ചോദ്യം ചെയ്യുന്നത്. ഇവര്‍ക്കാകട്ടെ പുതിയ വിവരങ്ങളൊന്നും ശേഖരിക്കാനായിട്ടുമില്ല
Post Your Comments