ജമ്മുകശ്മീര്‍: ലഷ്‌കര്‍ ഇ തൊയ്ബയില്‍ പെട്ട 50 തീവ്രവാദികള്‍ അതിര്‍ത്തി കടന്ന് കശ്മീരിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. മഞ്ഞുവീഴ്ച തുടങ്ങുന്നതിന് മുമ്പായി ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ മധ്യതെക്ക് കശ്മീരില്‍ പരമാവധി ദുരന്തം വിതയ്ക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്.
മാച്ചില്‍ മേഖലയിലൂടെയാണ് 20 തീവ്രവാദികള്‍ കടന്നുകയറിയത്. ഇവരില്‍ അഞ്ചുപേര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഇതിനോടകം കൊല്ലപ്പെട്ടു.
ശേഷിക്കുന്ന 15 പേര്‍ ഒളിച്ചുതാമസിക്കുന്നതായി സംശയിക്കുന്ന മലങ്‌പോറ, ബന്ദിപ്പോര മേഖലകളില്‍ സൈന്യം തിരച്ചില്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. 91 തദ്ദേശീയ തീവ്രവാദികളും 54 വിദേശ കൂലിപ്പടയാളികളും കാശ്മീര്‍ താഴ്‌വരയില്‍ സജീവമാണെന്നാണ് ജമ്മു കാശ്മീര്‍ സര്‍ക്കാരിന്റെ അറിയിപ്പ്. ശനിയാഴ്ച സി.ആര്‍.പി.എഫിന്റെ വാഹനം ആക്രമിച്ച രണ്ട് പേര്‍ ഇവരില്‍പെട്ടവരാണെന്നും സംശയിക്കുന്നു. മുന്നറിയിപ്പുണ്ടായിട്ടും ആക്രമണം നടന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
സുരക്ഷാ ഏജന്‍സികളുടെ ഭാഗത്തുനിന്നും അറിയിപ്പുകള്‍ കിട്ടിയാലുടന്‍ സംസ്ഥാന പോലീസും സി.ആര്‍.പി.എഫും സദാ സന്നദ്ധരാവണമെന്ന് സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സി.ആര്‍.പി.എഫ്. കൃഷ്ണ റെഡ്ഡി പറഞ്ഞു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 2015ല്‍ സമാധാന അന്തരീക്ഷത്തിലേക്ക് അടുക്കുകയായിരുന്ന ഇന്ത്യ-പാക് ബന്ധം 2016ന്റെ തുടക്കത്തോടെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണെന്നും ജമ്മു കശ്മീര്‍ ഡി.ജി.പി. രാജേന്ദ്ര കുമാര്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അമര്‍നാഥ് തീര്‍ത്ഥാടനം പോലും ഭീകരാക്രമണ ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments