തിരുവനന്തപുരം● മുതിര്‍ന്ന സി.പി.ഐ.എം നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഫേസ്ബുക്ക് പേജ് കാണ്മാനില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ച പേജാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായിരിക്കുന്നത്. https://www.facebook.com/OfficialVSpage/ എന്നതായിരുന്നു പേജിന്റെ വിലാസം. ഈ വിലാസത്തില്‍ കയറാന്‍ ശ്രമിക്കുന്നവര്‍ക്ക് “ഇപ്പോള്‍ ഈ ഉള്ളടക്കം ലഭ്യമല്ല” എന്ന മറുപടിയാണ് ഫേസ്ബുക്ക് നല്‍കുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ആരംഭിച്ച പേജ് മറ്റുപലനേതാക്കളുടെയും പേജുകളെ പിന്നിലാക്കി വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളിലാണ് താരമായി മാറിയത്. രാഷ്ട്രീയ എതിരാളികളുടെ ഉറക്കം കെടുത്തുകയും ഇടതു അനുഭാവികളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിയ്ക്കുകയും ചെയ്ത പേജ് സ്റ്റാറ്റസുകള്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് നല്കിയ മൈലേജ് ചില്ലറയല്ല. വി.എസും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള സ്റ്റാറ്റസ് പോര് ഏറെ മാധ്യമശ്രദ്ധ നേടുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം അധികം സജീവമല്ലാതിരുന്ന പേജില്‍ ജൂണ്‍ ഒന്നിനാണ് അവസാന പോസ്റ്റിട്ടത്. തന്റെ വീടുമാറ്റം സംബന്ധിച്ച് ‘മംഗളം’ പത്രത്തില്‍ വന്ന ആരോപണത്തിനോടുള്ള വിഎസിന്റെ പ്രതികരണമായിരുന്നു അത്.
വി.എസിന്റെ പേജ് കാണാതായത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. വി.എസിന്റെ പേജ് എതിരാളികള്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചതാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ അങ്ങനെയല്ല സ്വയം അടച്ചുപൂട്ടുകയായിരുന്നുവെന്നാണ് മറുവിഭാഗത്തിന്റെ വാദം.
അതേസമയം, വി.എസിന്റെ പേജ് ഫേസ്ബുക്ക് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നാണ് വി.എസിന്റെ ഓഫീസ് നല്കുന്ന വിശദീകരണം. വിഎസിന്റെ സന്തതസഹചാരിയും ഓഫീസിലെ പ്രധാനിയുമായിരുന്ന ശശിധരൻ നായരുടെ മേൽനോട്ടത്തിലായിരുന്നു പേജിൽ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ ഒരേസമയം പല സ്ഥലങ്ങളില്‍ നിന്നും (ഐ.പി വിലാസങ്ങളില്‍ നിന്നും പലർ ലോഗിൻ ചെയ്തതിനാൽ പേജിന്റെ ഉടമസ്ഥത തെളിയിക്കാൻ ഫേസ്ബുക്ക് ആവശ്യപ്പെടുകയും തുടര്‍ന്ന് ഫേസ്ബുക്ക്, പേജ് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നുവെന്നും വി.എസിന്റെ ഓഫീസ് അറിയിച്ചു.
പേജ് അപ്രത്യക്ഷമായതിനെ തുടർന്ന് തങ്ങൾ ഫേസ്ബുക്ക് അധികൃതരെ ബന്ധപ്പെട്ടിരുന്നുവെന്നും വിഎസ് അച്യുതാനന്ദന്റെ തിരിച്ചറിയൽ രേഖകൾ നല്കിയാല് പേജ് വീണ്ടെടുക്കാനാവുമെന്നും ശശിധരന് നായര്‍ വ്യക്തമാക്കി.
Post Your Comments