Editorial

ബ്രെക്സിറ്റ്: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ചാല്‍ ഇന്ത്യയ്ക്കെന്ത്?

യൂറോപ്പിനെ സംബന്ധിച്ച് ഈ ആഴ്ച അതീവപ്രാധാന്യമുള്ളതാണ്. യോറോപ്യന്‍ യൂണിയനിലെ പ്രമുഖ അംഗങ്ങളിലൊന്നായ ബ്രിട്ടന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച് ജനങ്ങളുടെ ഹിതപരിശോധന നടത്തുന്നു. ഹിതപരിശോധനയുടെ ഫലം അനുസരിച്ച് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന്‍ പുറത്തുപോവുകയോ യൂണിയനില്‍ തുടരുകയോ ചെയ്യും. തുടര്‍ന്നാല്‍ കുഴപ്പങ്ങളൊന്നും ഇല്ല. ആഗോളവിപണിയിലെ സാമ്പത്തിക-വാണിജ്യ-ലാഭ-നഷ്ട കണക്കുകള്‍ക്ക് സ്ഥിരത കൈവരികയും, ബ്രിട്ടന്‍ പുറത്തുപോകുമോ എന്ന ആശങ്കയില്‍ നിന്ന്‍ ഉടലെടുത്ത ‘റിസ്ക്‌-ഓണ്‍’ വികാരത്തിന്‍റെ ലഘുകരണം വഴി ലോകവ്യാപാരച്ചന്തയ്ക്ക് ഒരുണര്‍വ്വ് ലഭിക്കുകയും ചെയ്യും. അല്ലെങ്കില്‍, കാര്യങ്ങള്‍ ഇന്ത്യയ്ക്കുള്‍പ്പെടെ ചെറിയ ആശങ്കകള്‍ക്ക് വക നല്‍കുന്നതാണ്.

ബ്രെക്സിറ്റിന് അനുകൂലമായ തീരുമാനമാണ് ബ്രിട്ടീഷ്കാര്‍ കൈക്കൊള്ളുന്നതെങ്കില്‍ ബ്രിട്ടീഷ് കറന്‍സിയായ പൗണ്ടും, യൂറോപ്യന്‍ യൂണിയന്‍ കറന്‍സിയായ യൂറോയും ദുര്‍ബലപ്പെടും. ഇതോടെ വിപണിയില്‍ അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കും. വിദേശനാണ്യശേഖരത്തില്‍ 19-ശതമാനത്തോളം പൗണ്ടും യൂറോയുമുള്ള ഇന്ത്യയ്ക്ക് ഇത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. ഇടപാടുകാര്‍ തങ്ങളുടെ പെയ്മെന്‍റ് ഡോളറില്‍ മതി എന്ന് നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങിയാല്‍ ഡോളറിനുള്ള ഡിമാന്‍ഡ് വര്‍ദ്ധിക്കുകയും, രൂപ ഡോളറിനു മുന്നില്‍ ദുര്‍ബലപ്പെടുകയും ചെയ്യും. ഇങ്ങനെ സംഭവിച്ചാല്‍ ഒരു രൂപയ്ക്ക് 70 ഡോളര്‍ എന്ന നിലവരെ വരും എന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ ഇത് 67.24 രൂപ ആണ്.

ഇന്ത്യയും യൂറോപ്പുമായുള്ള വ്യാപാരബന്ധങ്ങളേയും ബ്രെക്സിറ്റ് ബാധിക്കും. ഒറ്റയ്ക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിച്ചന്ത എന്നു വിളിക്കാവുന്നത് യൂറോപ്യന്‍ യൂണിയനെയാണ്. 2015-16 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ബ്രിട്ടനുമായുള്ള ഉഭയകക്ഷി വ്യാപാരബന്ധം 14.02-ബില്ല്യണ്‍ ഡോളറിന്‍റേതായിരുന്നു. ഇതില്‍ത്തന്നെ 8.83-ബില്ല്യണ്‍ ഡോളറിന്‍റെയത്രയും മൂല്യം കയറ്റുമതിയായിരുന്നപ്പോള്‍, 5.19-ബില്ല്യണ്‍ ഡോളര്‍ മൂല്യം മാത്രമായിരുന്നു ഇറക്കുമതിക്ക്. അതായത് ബ്രിട്ടനുമായുള്ള വ്യാപാരബന്ധത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമായി 3.14-ബില്ല്യണ്‍ ഡോളറിന്‍റെ വ്യാപാരമിച്ചം ഉണ്ടായിരുന്നു. ബ്രെക്സിറ്റ് ആണ് സംഭവിക്കുന്നതെങ്കില്‍ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയിലുണ്ടാകുന്ന അസ്ഥിരത ഈ വ്യാപാരബന്ധത്തെ പ്രതികൂലമായി ബാധിക്കും.

ബ്രെക്സിറ്റ് യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളുടേയും സമ്പദ്ഘടനയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇത്, യൂറോപ്യന്‍ യൂണിയനില്‍ തുടരുന്ന രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധങ്ങളേയും ബാധിക്കും.

ഇന്ത്യയില്‍ നടന്നിട്ടുള്ള, അല്ലെങ്കില്‍ നടക്കാനിരിക്കുന്ന നിക്ഷേപങ്ങളെ ബ്രെക്സിറ്റ് ബാധിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു. ബ്രെക്സിറ്റോടെ ബ്രിട്ടനില്‍ നടക്കാന്‍ സാധ്യതയുള്ള നിക്ഷേപങ്ങള്‍ നടക്കാതെ വരികയും, അവ വിപണിയില്‍ സ്ഥിരതയുള്ള മറ്റുരാജ്യങ്ങളിലേക്ക് വഴിമാറി പോവുകയും ചെയ്യും. ബ്രെക്സിറ്റിന്‍റെ ഫലമായി ഡോളര്‍ കരുത്താര്‍ജ്ജിക്കുകയും, രൂപ ദുര്‍ബലപ്പെടുകയും ചെയ്യുമ്പോള്‍, വിപണിയിലെ ക്ഷണികമായ ഇത്തരം ഉയര്‍ച്ചതാഴ്ചകളില്‍ ആശങ്കാകുലരാകുന്ന നിക്ഷേപകര്‍ ഇന്ത്യയില്‍ മുതല്‍മുടക്കാന്‍ മടിക്കുകയും, പൗണ്ടിന്‍റെ മൂല്യത്തകര്‍ച്ചയിലും സ്ഥിരത കൈവിടാന്‍ സാധ്യതയില്ലാത്ത ഡോളര്‍, യെന്‍ മുതലായ കറന്‍സികള്‍ ഉള്ള വിപണിയില്‍ മുതല്‍മുടക്കുകയും ചെയ്യും. അമേരിക്കയ്ക്കും, ചൈനയ്ക്കുമാകും ഇതിന്‍റെ നേട്ടം. ചുരുക്കിപ്പറഞ്ഞാല്‍, മൂലധനം നഷ്ടസാധ്യതയുള്ള വിപണികളില്‍ നിന്ന്‍ സ്ഥിരത വാഗ്ദാനം ചെയ്യുന്ന വിപണികളിലേക്ക് വഴിമാറി ഒഴുകും.

ബ്രെക്സിറ്റോടെ ഇന്ത്യന്‍ വ്യവസായലോകത്തിന് യൂറോപ്പിലേക്കുള്ള
പ്രവേശനകവാടം ആണ് നഷ്ടമാകുന്നത്. പല ഇന്ത്യന്‍ കമ്പനികളും ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതും, ലണ്ടനില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ഉള്ളവയുമാണ്. 800-ഓളം ഇന്ത്യന്‍ കമ്പനികള്‍ ഇത്തരത്തില്‍ ഉള്ളവയാണെന്ന് ഗവണ്മെന്‍റ് തന്നെ പറയുന്നു. യൂറോപ്യന്‍ വിപണിയിലേക്കുള്ള ഈ കുറുക്കുവഴി ബ്രെക്സിറ്റോടെ ഇന്ത്യന്‍ കമ്പനികളെ സംബന്ധിച്ച് അടയും.

യോറോപ്യന്‍ യൂണിയനുമായി ഒരു സ്വതന്ത്രവ്യാപാര കരാര്‍ ഉണ്ടാക്കാന്‍ 2007 മുതല്‍ ഇന്ത്യ ശ്രമിച്ചു വരികയാണ്. ബ്രെക്സിറ്റ് സംഭവിക്കുകയാണെങ്കില്‍ ഇക്കഴിഞ്ഞ ഒമ്പതു വര്‍ഷക്കാലത്ത് ബ്രിട്ടനെക്കൂടി മനസ്സില്‍ക്കണ്ടു കൊണ്ട് ഇന്ത്യ നടത്തിയ നയതന്ത്രഇടപെടലുകള്‍ മുഴുവന്‍ മാറ്റിയെഴുതി ആദ്യം മുതല്‍ക്കേ പിന്നെയും തുടങ്ങണം.

ഇന്ത്യയുടെ ഐടി മേഖലയുടെ 17 ശതമാനവും ബ്രിട്ടനെ ആശ്രയിച്ചാണ്
നിലനില്‍ക്കുന്നത്. ബ്രെക്സിറ്റ് ഈ അവസ്ഥയില്‍ അപ്രതീക്ഷിതമായ ഫലങ്ങള്‍ ഉണ്ടാക്കും. ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന വിഭാഗം പറയുന്ന ഒരു കാരണം യൂറോപ്പില്‍ നിന്ന്‍ ബ്രിട്ടനിലേക്ക് കുടിയേറുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതാണ് തങ്ങളെ ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ്. അങ്ങനെയാകുമ്പോള്‍ ബ്രെക്സിറ്റ് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റത്തേയും സാരമായി ബാധിക്കും. പക്ഷേ, ബ്രെക്സിറ്റാണ് ഫലമെങ്കില്‍ സമീപഭാവിയില്‍ത്തന്നെ കഴിവുള്ള ഒരു തൊഴില്‍ശക്തിയുടെ ആവശ്യം ഏറ്റവുമധികം വേണ്ടിവരിക ബ്രിട്ടനായിരിക്കും. ബ്രെക്സിറ്റ് മൂലം രാജ്യത്തിന്‍റെ സമ്പദ്ഘടനയില്‍ ഉണ്ടാകുന്ന ആഘാതത്തെ മറികടക്കാന്‍ എല്ലാമേഖലയിലും മികച്ചൊരു തൊഴില്‍ശക്തി ഒരുക്കിയെടുത്തുള്ള കൂട്ടായ പ്രയത്നത്തിലൂടെ മാത്രമേ ബ്രിട്ടനു സാധിക്കൂ. അങ്ങിനെവരുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റത്തിന് അവസരങ്ങള്‍ ഒരുപാടാണ്‌ എന്ന് വാദിക്കുന്നവരും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button