NewsInternational

മൃഗസ്നേഹികളുടെ പ്രതിഷേധത്തിനിടെ ചൈനയില്‍ പട്ടിയിറച്ചിയുത്സവം

ബെയ്ജിങ്: മൃഗസ്നേഹികളുടെ കടുത്ത എതിര്‍പ്പിനിടയില്‍ ചൈനയിലെ യൂലിന്‍ നഗരത്തില്‍ പട്ടിയിറച്ചിയുത്സവം തുടങ്ങി. ഗുവാങ്സി പ്രവിശ്യയിലാണ് ആയിരങ്ങള്‍ പങ്കെടുക്കുന്ന പട്ടിയിറച്ചിയുത്സവത്തിന് തുടക്കം കുറിച്ചത്. എല്ലാ വര്‍ഷവും ജൂണ്‍ 21-ന് നടക്കുന്ന ഈ ഉത്സവത്തിന് ഇക്കുറി എതിര്‍പ്പുമായെത്തിയവരുടെ എണ്ണം കൂടി. നായ്ക്കളെ കൊല്ലരുതെന്നും മാംസം വില്‍ക്കരുതെന്നുമാവശ്യപ്പെട്ട് മൃഗസ്നേഹികള്‍ സ്ഥലത്തെത്തിയെങ്കിലും ആരും ഗൗനിക്കാത്ത അവസ്ഥയാണ്.

പരമ്പരാഗതമായി തങ്ങള്‍ ആഘോഷിക്കുന്ന ഉത്സവമാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വേനല്‍ക്കാലത്താണ് ചൈനയിലും ദക്ഷിണകൊറിയയിലും ഇത്തരം ആഘോഷം നടത്തുന്നത്. നായയൊന്നിന് 3000-ത്തിനും 7000-ത്തിനും ഇടയിലാണ് വില. ഭക്ഷണത്തിനായി നായ്ക്കളെ അപ്പോള്‍ത്തന്നെ കൊന്ന് പാകംചെയ്തു കൊടുക്കുന്നവരുമുണ്ട്. ചൂടിനെ അകറ്റാന്‍ പട്ടിയിറച്ചിക്കാകുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. വന്‍ സുരക്ഷാസന്നാഹമാണ് പോലീസ് ഉത്സവസ്ഥലത്തേര്‍പ്പെടുത്തിയത്.

നാട്ടുകാരും വിദേശികളുമായ മൃഗസ്നേഹികള്‍ വന്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് പട്ടിയിറച്ചിയുത്സവം പോലീസ് കാവലിലായത്. പട്ടിയിറച്ചിയുത്സവം നിരോധിക്കണമെന്നാവശ്യപ്പെട്ട് ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍, ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍, ആനിമല്‍ ഹോപ്പ് ആന്‍ഡ് വെല്‍നെസ്സ് ഫൗണ്ടേഷന്‍ തുടങ്ങിയ വിദേശസംഘടനകള്‍ രംഗത്തെത്തി. നായ്ക്കളെ ജീവനോടെ തൊലിയുരിക്കുന്നതും തൂക്കിക്കൊല്ലുന്നതും കത്തിക്കുന്നതും നിര്‍ത്തണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. നായ്ക്കളെ കൊന്നുതിന്നുന്നതിനെതിരെ ഒരുകോടിപ്പേര്‍ ഒപ്പിട്ട നിവേദനം അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button