KeralaNews

ജിഷ കൊലക്കസില്‍ പ്രതി വലയിലായെങ്കിലും ഉത്തരം കിട്ടാന്‍ ഇനിയുമേറെ, സംശയങ്ങളും ബാക്കി

കൊച്ചി: ജിഷ വധക്കേസില്‍ കൊലയാളി പോലീസിന്റെ പിടിയിലായെങ്കിലും ചില ചോദ്യങ്ങള്‍ ഇനിയും ബാക്കിയാകുന്നു. പൂര്‍ണമാകാത്ത കഥപോലെയാണ് ജിഷ വധക്കേസ് അന്വേഷണവും അതിന്റെ ക്ലൈമാക്‌സുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇതുവരെ അജ്ഞാതനായി തുടര്‍ന്ന അന്യസംസ്ഥാനക്കാരനായ പ്രതി പെട്ടെന്ന് കീഴടങ്ങിയ മട്ടിലാണ് കാര്യങ്ങള്‍ വന്നിരിക്കുന്നത്. എവിടെ നിന്നാണ് പ്രതി കസ്റ്റഡിയിലായതെന്ന് കൃത്യമായി പോലീസ് പറയുന്നില്ല. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതും സാങ്കേതിക കാരണം പറഞ്ഞ് പോലീസ് നീട്ടിക്കൊണ്ടുപോകുകയാണ്.

അറസ്റ്റിലായ അമീറുല്‍ ഇസ്ലാം ജിഷയുടെ പരിചയക്കാരനായിരുന്നുവെന്ന് പോലീസ് പറയുന്നുണ്ട്. കൃത്യം നടത്തിയശേഷം ഇയാള്‍ അസമിലേക്ക് കടന്നുവെന്ന് പറയുന്ന പോലീസ് അന്യസംസ്ഥാനങ്ങളില്‍ സമഗ്രമായ അന്വേഷണവും നടത്തിയിരുന്നു. എന്നിട്ടും പ്രതി വലയിലാകാന്‍ ഇത്ര താമസിച്ചത് എങ്ങനെയാണെന്നതില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു

കൊലപാതകം നടന്ന 28നും പിറ്റേന്നും നാടുവിട്ടവരുടെ മുഴുവന്‍ പട്ടികയും പോലീസ് ശേഖരിച്ചിരുന്നു. എന്നിട്ടും അമീറുല്‍ പോയ കാര്യം പോലീസിന് കണ്ടെത്താനായില്ല. പ്രതി കുറ്റം സമ്മതിച്ചുവെന്ന് പുറത്തുപറയുന്ന പോലീസ് ഇയാളുടെ മൊഴി വിശദമാക്കുന്നില്ല.

സംഭവദിവസം രാവിലെ ജിഷ എവിടെയാണ് പോയത് ?, ജിഷയുടെ വയറ്റില്‍ കണ്ടെത്തിയ ഹോട്ടല്‍ ഭക്ഷണം ആരാണ് നല്‍കിയത് ?, ജിഷയെ കൊലപ്പെടുത്താനുള്ള പ്രേരണയായി പ്രതി പറയുന്ന നിസ്സാര കാരണങ്ങള്‍ യഥാര്‍ത്ഥമാണോ ?… ഈ ചോദ്യങ്ങള്‍ക്കൊന്നും പോലീസിന് ഉത്തരം കിട്ടിയിട്ടില്ല.

 അമീറുല്‍ ഇസ്ലാം പറഞ്ഞതായി പൊലീസ് വ്യാഴാഴ്ച അറിയിച്ച കുളിക്കടവിലെ പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് അറിയില്ലെന്ന് നാട്ടുകാര്‍. കനാലിലെ വീതികൂടിയ സ്ഥലമാണ് കുളിക്കടവായി ഉപയോഗിക്കുന്നത്. ഇവിടെയാണ് സ്ത്രീകള്‍ കുളിച്ചിരുന്നത്. കൊലപാതകത്തിന് കുറച്ചുദിവസം മുമ്പ് സ്ത്രീകളുടെ കുളിക്കടവില്‍ കയറിയ പ്രതിയെ ഒരു സ്ത്രീ കരണത്തടിക്കുകയായിരുന്നെന്നും ജിഷ കളിയാക്കിച്ചിരിച്ചെന്നും പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍, സമീപവാസികളായ സ്ത്രീകളാരും ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ല. സാധാരണ അയല്‍വാസികളുമായി ചങ്ങാത്തത്തിനില്ലാത്ത ജിഷ കുളിക്കടവിലും ആരോടും സൗഹൃദത്തിന് ഉണ്ടാകാറില്ല. മറ്റാരെങ്കിലും അലക്കുന്നതിനിടെ വെള്ളം തെറിച്ചാല്‍ മാറിപ്പോവുകയാണ് ചെയ്യാറെന്ന് അയല്‍വാസികള്‍ പറയുന്നു. ഇതോടെ കൊലപാതകത്തിനുള്ള ആദ്യകാരണമായി പൊലീസ് നിരത്തിയ കാര്യത്തില്‍ സംശയാലുക്കളാണ് നാട്ടുകാര്‍.

 

പ്രതിയും ജിഷയും തമ്മില്‍ പരിചയമോ ബന്ധമോ ഉണ്ടായിരുന്നുവോ എന്നതും പോലീസ് വ്യക്തമാക്കുന്നില്ല. പ്രതി പറയുന്ന അസമീസ് ഭാഷ മനസ്സിലാക്കാന്‍ പരിഭാഷകനെ ഉപയോഗിച്ചാണ് മൊഴിയെടുക്കുന്നത്. അസമീസ് മാത്രം അറിയുന്ന അമീറുലുമായി ജിഷ സംസാരിച്ചത് എങ്ങനെയായിരുന്നെന്ന ചോദ്യത്തിനും ഉത്തരമില്ല. ഇതാണ് ഞാന്‍ ആരെയും വിശ്വസിക്കാത്തത് എന്ന് ജിഷ അവസാനമായി പറഞ്ഞ മലയാളം വാക്കുകള്‍ അമീറുളിനോടായിരുന്നോയെന്ന ചോദ്യവും ഉത്തരം കിട്ടാതെ ബാക്കിയാകുന്നു.

പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താലേ ഇത് വ്യക്തമാകൂ. ജിഷയുമായി പ്രതിക്ക് നേരത്തേ പരിചയമുണ്ടായിരുന്നോ എന്നും വ്യക്തമാകാനുണ്ട്. കൊലക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്നും അറിയണം. പ്രതി ബംഗ്‌ളാദേശില്‍നിന്ന് കുടിയേറിയതാണെന്ന പ്രചാരണമുണ്ട്. കൊടും കുറ്റവാളിയാണ് പ്രതിയെന്നും ലൈംഗികവൈകൃതം പ്രകടിപ്പിക്കുന്ന ആളാണെന്നും പൊലീസ് മൊഴിയുടെ അടിസ്ഥാനത്തില്‍ പറയുന്നു. അസമിലും ബംഗാളിലുമായി ഇയാള്‍ക്കെതിരെ മറ്റുകേസുകള്‍ ഉണ്ടോ എന്നും ഉറപ്പാക്കണം. നാട്ടില്‍ ഇയാളുടെ വീട് കണ്ടത്തൊനോ മറ്റുവിശദാംശങ്ങള്‍ തേടാനോ ആയിട്ടില്ല. കേസിനെ ബലപ്പെടുത്തുന്ന ഒട്ടേറെ കണ്ണികള്‍ ഇനിയും വിളക്കിച്ചേര്‍ക്കാനുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button