കൊച്ചി: ഇറച്ചികോഴി വില കുത്തനെ കൂടിയതോടെ ഹോര്‍മോണ്‍ കുത്തിവച്ച മറുനാടന്‍ കോഴികള്‍ കേരളത്തിലേക്ക് ഒഴുകുന്നു. രണ്ടാഴ്ചയ്ക്കിടെ 50 ഓളം രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എറണാകുളം മാര്‍ക്കറ്റിലെ മൊത്ത വില്പന കേന്ദ്രത്തില്‍ ഇന്നലെ കിലോയ്ക്ക് 130 രൂപയാണ് ഇറച്ചികോഴി വില. ചില്ലറ വില്പന 140 രൂപയിലെത്തി. കഴിഞ്ഞ ആഴ്ച ഇത് 100 രൂപയില്‍ താഴെയായിരുന്നു. ഈ അവസരം പരമാവധി മുതലെടുക്കാനാണ് അന്യസംസ്ഥാന ലോബിയുടെ ശ്രമം.
തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തുന്ന ഇറച്ചികോഴികളുടെ വളര്‍ച്ചകളുടെ വിവിധഘട്ടങ്ങളുടെ പ്രത്യേകതകള്‍ ഞെട്ടിക്കുന്നതാണ്. കോഴിക്കുഞ്ഞു വിരിഞ്ഞു പതിനാലാം ദിവസം ഇവയുടെ തൊലിക്കടിയില്‍ ഇഞ്ചക്ഷന് കൊടുക്കും. കാളയുടെ കൊഴുപ്പ്, ഇന്‍സ്ട്രജന്‍ ഹോര്‍മോണ്‍, കെമിക്കല്‍ സ്റ്റെബിലൈസറുകള്‍ എന്നിവ അടങ്ങിയ ഇന്ജക്ഷന് നല്കുമ്പോള് രണ്ടാഴ്ച കൊണ്ട് ഇറച്ചികോഴി കുഞ്ഞുങ്ങള്‍ ബലൂണ്‍ പോലെ വീര്‍ക്കും. ഇതിനു നടക്കാനോ പറക്കാനോ പോലും കഴിയില്ല. ഇക്കാരണത്താല്‍ ഇരുപതു മുതല്‍ മുപ്പതു ദിവസം വരെ പ്രായമുള്ള കോഴികള്‍ക്ക് രണ്ടര മുതല്‍ മൂന്നര കിലോ വരെ തൂക്കം വരും. ഒരു മാസത്തിനകം ഇത്തരം കോഴികളെ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കും. കാരണം നാല്പ്പത്തഞ്ചു ദിവസം കഴിഞ്ഞാല്‍ ഇന്‍ഞ്ചക്ഷന്റെ വീര്യം കുറഞ്ഞു കോഴി ചത്തുപോകും.
കേരളത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം പ്രാബല്യത്തില്‍ വരാനിരിക്കെ വരുംദിവസങ്ങളില്‍ കോഴിവില വര്‍ധിക്കാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.
ഇതര സംസ്ഥാനങ്ങളില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫാമുകളിലെ കോഴികള്‍ കൂട്ടത്തോടെ ചത്തിരുന്നു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഈ സമയത്ത് ഇതര സംസ്ഥാന ഫാമുകള്‍ക്ക് നേരിടേണ്ടിവന്നത്. ഈ നഷ്ടം നികത്താനാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കോഴി വില ഉയര്‍ത്താന്‍ വന്‍കിട ഫാമുകള്‍ ശ്രമിക്കുന്നത്.
ഇത്തരം വന്‍കിട ഫാമുകളാണ് കേരളത്തിലെ കോഴി വില നിയന്ത്രിക്കുന്നതെന്ന് മുന്‍പും ആരോപണം ഉയര്‍ന്നിരുന്നു. ഇടനിലക്കാരുടെ കമ്മിഷനും കഴിഞ്ഞാല്‍ മലയാളി ഇരട്ടി വില നല്കി കോഴി വാങ്ങേണ്ടി വരുമെന്നു ചുരുക്കം. പ്രതിദിനം 1450 ടണ്‍ ഇറച്ചി കോഴി ഇതര സംസ്ഥാന ഫാമുകളില്‍നിന്നും കേരളത്തിലെത്തുന്നുണ്ടെന്നാണ് കണക്ക്. ഒരു മാസം ഇത് 43,500 ടണ്‍ ഇറച്ചിയോളം വരും. ഇതര സംസ്ഥാനങ്ങളിലെ കോഴി ഫാമുകളില്‍ ഒരു കിലോ ഇറച്ചി കോഴി ഉത്പാദിപ്പിക്കാന്‍ 40 മുതല്‍ 60 രൂപ വരെ മതിയെന്നാണ് കണക്ക്. ഇതാണ് കേരളത്തിലെത്തുമ്പോള്‍ ഇരട്ടിയിലധികം വിലയാകുന്നത്. ട്രോളിങ് നിരോധനം പിന്‍വലിക്കുന്നതുവരെ കേരളത്തിലേക്കുള്ള ഇറച്ചികോഴി വില ഇതേ നിലയില്‍ നിലനിര്‍ത്താനാണ് ഇതര സംസ്ഥാന ഫാമുകളുടെ ലക്ഷ്യം. റംസാന് പ്രമാണിച്ച് വരും ആഴ്ചകളില്‍ വില ഇനിയും വര്‍ധിപ്പിക്കാനും നീക്കമുണ്ട്.
കോഴി വില വര്‍ധിച്ചത് സംസ്ഥാനത്തെ ഹോട്ടലുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. കോഴി വിഭവങ്ങള്‍ തയാറാക്കുന്ന ഹോട്ടലുകള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ് വില വര്ധനവുമൂലം ഉണ്ടായിരിക്കുന്നത്. തട്ടുകടകളിലും മറ്റും ചത്ത കോഴികളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. വില നിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വരുംദിവസങ്ങളില്‍ അനിയന്ത്രിതമായ വര്‍ധനവുണ്ടാകുമെന്നും വ്യാപാരികള്‍ സൂചിപ്പിക്കുന്നു.
ഇറച്ചികോഴികളില്‍ അടങ്ങിയിരിക്കുന്ന വിഷാംശം കണ്ടെത്തുന്നതിനോ വിലക്ക് ഏര്‍പ്പെടുത്തുന്നതിനോ അധികൃതര്‍ മടിക്കുകയാണ്. കേരള തമിഴ്നാട് അതിര്‍ത്തിയില്‍ നൂറുകണക്കിനു കോഴി ഫാമുകളാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ മൊത്ത വ്യാപാരികള്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് ഇടനിലക്കാരേയും മൊബൈല്‍ ഓഫീസ് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ആര്യങ്കാവില്‍ സംയുക്ത ചെക്ക് പോസ്റ്റും തെന്മലയില് മൃഗസംരക്ഷണ ചെക്ക് പോസ്റ്റും നിലവിലുണ്ടെങ്കിലും വാഹന പരിശോധന മാത്രമാണു നടക്കുന്നത്. ഈ അവസ്ഥ തുടര്‍ന്നാല്‍ പുത്തന്‍ ഭക്ഷണസംസ്ക്കാരം പുലര്‍ത്തുന്ന പുതുതലമുറ രോഗത്തിന് അടിമയാകുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
Post Your Comments