ദോഹ: എണ്ണവിലയിടിവിനെ തുടര്‍ന്ന് ഖത്തറിലെ ഇന്ത്യന്‍ ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. ഖത്തര്‍ കെമിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കം 40 പേര്‍ക്കാണ് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്.
ഖത്തര്‍ പെട്രോളിയത്തിന്റെ ഓഹരി പങ്കാളിത്തമുള്ള നിരവധി കമ്പനികള്‍ നേരത്തെ തന്നെ നിരവധി ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. മാതൃ കമ്പനിയായ ഖത്തര്‍ പെട്രോളിയത്തിലാണ് പിരിച്ചു വിടല്‍ ആദ്യം തുടങ്ങിയത്. തുടര്‍ന്നു ക്യൂ പി യുടെ ഓഹരി പങ്കാളിത്തമുള്ള കാപ്‌കോ, റാസ്ഗ്യാസ്, ഖത്തര്‍ ഗ്യാസ്, ഖത്തര്‍ സ്റ്റീല്‍, കാഫ്‌കോ തുടങ്ങിയ കമ്പനികളിലും ജീവനക്കാരെ പിരിച്ചു വിട്ടു. ജീവനക്കാരെ പിരിച്ചു വിടലിന് പുറമെ ക്യൂ കമ്പനികള്‍ കര്‍ശനമായ ചെലവ് ചുരുക്കലും ആരംഭിച്ചിട്ടുണ്ട്.
സുരക്ഷാ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് ചെലവു ചുരുക്കല്‍ നടപ്പാക്കിയത്. ഇതിനു പുറമെ ഗ്രേഡും അലവന്‍സുകളും കുറക്കുന്നതുള്‍പെടെയുള്ള നടപടികളും ഉണ്ടായേക്കുമോ എന്ന ആശങ്കയിലാണ് ജീവനക്കാര്‍. ക്യൂ കമ്പനികള്‍ ചെലവു ചുരുക്കല്‍ എര്‍പെടുത്തിയതോടെ ഇവരുടെ ഉപകരാറുകള്‍ ഏറ്റെടുത്തു നടത്തിയിരുന്ന ഒട്ടേറെ ചെറിയ കമ്പനികളും ആശങ്കയിലാണ്. ഖത്തര്‍ ഒളിമ്പിക് കമ്മറ്റിയില്‍ നിന്ന് കഴിഞ്ഞ മാസം മുപ്പതിലധികം ജീവനക്കാരെ ഒഴിവാക്കിയിരുന്നു. കുടുംബസമേതം താമസിച്ചിരുന്ന പലരും കുടുംബത്തെ നാട്ടിലാക്കി ഖത്തറില്‍ തന്നെ തുടരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതെളുപ്പമാവില്ലെന്നാണ് സൂചന. അതേസമയം എണ്ണ വില അമ്പത് ഡോളറിനു മുകളിലെത്തിയത് പ്രവാസികള്‍ക്ക് അല്പമെങ്കിലും ആശ്വാസമാകുന്നുണ്ട്. ഭാവിയില്‍ കമ്പനികള്‍ കൂടുതല്‍ കര്‍ശനമായ നടപടികളിലേക്ക് നീങ്ങില്ലെന്ന പ്രത്യാശയും ചിലര്‍ പങ്കുവെക്കുന്നു.
Post Your Comments