NewsIndia

രണ്ടര കോടി വാഹനങ്ങള്‍ നിരത്തില്‍ നിന്നൊഴിവാക്കുന്നു പകരം വാങ്ങുന്നവയ്ക്ക് 50% നികുതിയിളവ്

ന്യൂഡല്‍ഹി : ദേശീയ വാഹന കൈമാറ്റ പരിപാടിയുടെ ഭാഗമായി 2.8 കോടി വാഹനങ്ങള്‍ നിരത്തില്‍ നിന്നൊഴിവാക്കുന്നതിനു സര്‍ക്കാര്‍ വിശദ പദ്ധതി തയാറാക്കി. പദ്ധതി നടപ്പാക്കുന്നതോടെ അന്തരീക്ഷ മലിനീകരണം 30% വരെ കുറയ്ക്കാനാവുമെന്നാണ പ്രതീക്ഷ. പ്രതിവര്‍ഷം 320 കോടി ലിറ്റര്‍ ഇന്ധനലാഭവുമുണ്ടാകും.

2005 മാര്‍ച്ച് 31നു മുന്‍പ് റജിസ്റ്റര്‍ ചെയ്ത വാഹനങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വൊളന്ററി വെഹിക്കിള്‍ ഫ്‌ലീറ്റ് മോഡേണൈസേഷന്‍ പ്ലാന്‍ (വി-വി.എം.പി) എന്ന പേരു സൂചിപ്പിക്കുന്നതുപോലെ പദ്ധതി നിര്‍ബന്ധിതമല്ല. എന്നാല്‍, ആകര്‍ഷക നിബന്ധനകളുള്ളതു കൊണ്ടു വാഹന ഉടമകളെ ആകര്‍ഷിക്കാനും ലക്ഷ്യം നേടാനും ബുദ്ധിമുട്ടുണ്ടാവില്ലെന്നു ഗതാഗത മന്ത്രാലയ വൃത്തങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ആകെ വാഹനങ്ങളുടെ 2.5% മാത്രമുള്ള ട്രക്കുകളും ബസുകളുമാണ് അന്തരീക്ഷ മലിനീകരണത്തിനു മുഖ്യ കാരണക്കാര്‍ (60%) എന്നു ഗതാഗത മന്ത്രാലയത്തിന്റെ പഠനരേഖ വെളിപ്പെടുത്തുന്നു. പത്തു വര്‍ഷത്തിലേറെ പ്രായമായ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം പുതിയ വാഹനങ്ങളെക്കാള്‍ പത്തിരട്ടിയോളം.

പ്രോത്സാഹനങ്ങളും പദ്ധതി ലക്ഷ്യങ്ങളും:

പകരം വാങ്ങുന്ന പുതിയ വാഹനങ്ങള്‍ക്കു 50% എക്‌സൈസ് നികുതിയിളവ്. സംസ്ഥാന സര്‍ക്കാരുകളുടെ പൊതുഗതാഗത വാഹനങ്ങള്‍ക്കു പൂര്‍ണ നികുതിയിളവ്.

.മികച്ച’സ്‌ക്രാപ്’ വില

.പഴയ വാഹനങ്ങള്‍ ശേഖരിച്ചു വില നിശ്ചയിക്കുന്നതിനു റീസൈക്ലിങ് കേന്ദ്രങ്ങള്‍

.വാഹനവില്‍പന കുതിച്ചുയരുന്നതു വഴി ഓട്ടമൊബീല്‍ മേഖലയ്ക്ക് ഉണര്‍വ്; ജിഡിപി വളര്‍ച്ച

.ബിഎസ് 4 നിബന്ധനകള്‍ പാലിക്കുന്ന വാഹനങ്ങള്‍ പകരം നിരത്തിലെത്തുന്നതോടെ അന്തരീക്ഷ മലിനീകരണത്തില്‍ 25-30% കുറവ്; ഇന്ധനലാഭം.

വില്‍പന വര്‍ധിക്കുമെന്നതു കണക്കിലെടുത്തു ബിഎസ് 4 നിര്‍ഗമന നിബന്ധനകള്‍ പാലിക്കുന്ന പുതിയ വാഹനങ്ങള്‍ക്കു പ്രത്യേക ഡിസ്‌കൗണ്ട് പ്രഖ്യാപിക്കണമെന്നു നിര്‍മാതാക്കളോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റീസൈക്ലിങ് കേന്ദ്രങ്ങളാണു പഴയ വാഹനങ്ങളുടെ സ്‌ക്രാപ് വില നിശ്ചയിക്കുക. വാഹനത്തിന്റെ ഭാരം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചുള്ള വിലനിര്‍ണയ മാനദണ്ഡങ്ങള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.

റീസൈക്ലിങ് കേന്ദ്രങ്ങളില്‍ വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് എന്നിവ നല്‍കുകയാണ് ആദ്യ പടി. രേഖകള്‍ നിയമാനുസൃതമെന്ന് ഉറപ്പാക്കുന്നതിനു പിന്നാലെ വാഹനം ഹാജരാക്കാന്‍ ആവശ്യപ്പെടും. സ്‌ക്രാപ് വിലയെക്കുറിച്ചു റീസൈക്ലിങ് കേന്ദ്രവും ഉടമയും ധാരണയിലെത്തിയാല്‍ വാഹനം നല്‍കി വിലയും വി-വി.എം.പി സര്‍ട്ടിഫിക്കറ്റും വാങ്ങാം. പുതിയ വാഹനം വാങ്ങുമ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാണു പഴയ വാഹനം റീസൈക്കിള്‍ ചെയ്യുക. ഇതോടെ വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാകും.

വെല്ലുവിളികള്‍ പലത്

ഇതേസമയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും വാഹന നിര്‍മാതാക്കള്‍ക്കുമൊപ്പം അസംഘടിത മേഖലയിലെ റീസൈക്ലിങ് കേന്ദ്രങ്ങളെ കോര്‍ത്തിണക്കി പദ്ധതി വിജയിപ്പിക്കാനാവുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന പ്രോത്സാഹന പദ്ധതികള്‍ ജനങ്ങള്‍ക്ക് ആകര്‍ഷകമാകണമെന്നുമില്ല. മൂന്നു കോടിയോളം വാഹനങ്ങള്‍ കാര്യക്ഷമമായി റീസൈക്കിള്‍ ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യം നിലവിലില്ലാത്തതും വെല്ലുവിളിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button