മലപ്പുറം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ ഭാര്യക്ക് ചട്ടംലംഘിച്ച് ഉദ്യോഗക്കയറ്റം നല്‍കിയതായി പരാതി. മന്ത്രിയുടെ ഭാര്യ ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പലായി നിയമിച്ചതിനെതിരെ സഹപ്രവര്‍ത്തകരാണ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഇവരുടെ പ്രിന്‍സിപ്പല്‍ നിയമനം ഹയര്‍സെക്കണ്ടറി വകുപ്പ് തടഞ്ഞുവച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ ഭാര്യ ഫാത്തിമകുട്ടിയെ പ്രിന്‍സിപ്പലായി നിയമിച്ച സ്കൂള്‍ മാനേജരുടെ നടപടി ചട്ടലംഘനമാണെന്ന് ഇതേ സ്കൂളിലെ അധ്യാപകരായ പ്രീത, കെ നാരായണന് എന്നിവരാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
മുന്‍ പ്രിന്‍സിപ്പലിന്റെ വിരമിക്കലിനെ തുടര്‍ന്ന് കഴിഞ്ഞമാസം മെയ് ഒന്നിനാണ് ഫാത്തിമകുട്ടിക്ക് പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കിയത്. ചട്ടംലംഘിച്ചുള്ള പ്രിന്‍സിപ്പല്‍ നിയമനത്തെ ചോദ്യം ചെയ്ത് പ്രീത, നാരായണന് എന്നിവര്‍ സ്കൂള്‍ മാനേജര്‍ക്കും, ഹയര്‍സെക്കണ്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ക്കും പരാതിനല്‍കി. പ്രിന്‍സിപ്പല്‍ നിയമനത്തിന് ആദ്യം പരിഗണിക്കേണ്ടത് സീനിയോറിറ്റിയാണ്. എന്നാല്‍ ഫാത്തിമക്കുട്ടി, പ്രീത, നാരായണന് എന്നിവര്‍ ഒരേ ദിവസം സര്‍വീസില്‍ പ്രവേശിച്ചവരാണ്. അതിനാല്‍ മൂവര്‍ക്കും 16 വര്‍ഷത്തെ തുല്യ സര്‍വീസാണുള്ളത്. ഇങ്ങനെവന്നാല്‍ രണ്ടാമതായി പരിഗണിക്കേണ്ടത് ജനന തീയതിയാണ്. പ്രീതക്ക് ഫാത്തിമക്കുട്ടിയേക്കാളും മൂന്നു വര്‍ഷം പ്രായക്കൂടുതലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രീത പരാതി ഉന്നയിച്ചിട്ടുള്ളത്. ഇതിനാധാരമായ സര്‍ക്കാര്‍ രേഖകളും പരാതിക്കാരി മാനേജര്‍ക്കും ഹയര്‍സെക്കണ്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഹൈസ്കൂളില്‍ അധ്യാപികയായിരുന്നതിന്റെ മുന്‍കൂര്‍ പരിചയം ഫാത്തിമക്കുട്ടിക്കുണ്ടെന്നും ഇത് സീനിയോരിറ്റിയായി പരിഗണിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മാനേജര്‍ ഇവരെ പ്രിന്‍സിപ്പലായി നിയമിച്ചത്. എന്നാല്‍ ഒരേ കാറ്റഗറിയില്‍പെട്ട ജോലിയല്ലാത്തതിനാല്‍ പ്രമോഷന് ഇത് ബാധകമല്ലെന്നും പരാതിക്കാര്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി പരാതിപ്പെടുന്നു. ചട്ടങ്ങള്‍ പാലിച്ച് തന്നെയാണ് മാനേജര്‍ തന്നെ നിയമിച്ചതെന്നും പ്രമോഷനുവേണ്ടി മാനേജേരോട് അവകാശവാദം ഉന്നയിച്ചിരുന്നില്ലെന്നും ഫാത്തിമക്കുട്ടി പറഞ്ഞു. ഫാത്തിമക്കുട്ടിയെ പ്രിന്‍സിപ്പലായി നിയമിച്ചുകൊണ്ടുള്ള മാനേജരുടെ നടപടി മലപ്പുറം ഹയര്‍സെക്കണ്ടറി ഡപ്യൂട്ടി ഡയറക്ടര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.
Post Your Comments