NewsInternational

ബഹ്‌റൈനില്‍ മലയാളികളുടെ നേതൃത്വത്തില്‍ ‘കുട്ടിച്ചാത്തന്‍ സേവ’

മനാമ: ബഹ്‌റൈനില്‍ ഒരു സംഘം മലയാളികളുടെ നേതൃത്വത്തില്‍ അനധികൃത കുട്ടിച്ചാത്തന്‍ സേവ. ഗുദൈബിയയില്‍ ഇന്ത്യന്‍ ക്‌ളബിനു സമീപമുള്ള ഒരു ഫ്‌ളാറ്റ് കേന്ദ്രീകരിച്ചാണ് മാസങ്ങളായി കുട്ടിച്ചാത്തന്‍ സേവ നടക്കുന്നത്. ബഹ്‌റൈനില്‍ ബിസിനസ് രംഗത്തുള്ള ഒരു പ്രമുഖ മലയാളിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള സൗകര്യങ്ങളൊരുക്കിയത്. ഇയാള്‍ക്ക് ബിസിനസില്‍ ചില പ്രശ്‌നങ്ങളുണ്ടായപ്പോള്‍ അത് പരിഹരിക്കപ്പെട്ടത് തൃശൂരിലുള്ള ഒരു ചാത്തന്‍ സേവാകേന്ദ്രത്തില്‍ നിന്നാണെന്നും ഇതേ തുടര്‍ന്നാണ് ഇയാള്‍ ഇതിന്റെ ഉപകേന്ദ്രം എന്ന നിലക്ക് ബഹ്‌റൈനിലും കുട്ടിച്ചാത്തന്‍ സേവ തുടങ്ങിയതെന്നും പറയപ്പെടുന്നു.

ഇതിന്റെ പൂജക്കും മറ്റുമായി ഒരാളെ നാട്ടില്‍ നിന്ന് വിസ കൊടുത്ത് കൊണ്ടുവന്നിട്ടുണ്ട്. ഫ്‌ളാറ്റിന്റെ ഒരു മുറിയിലാണ് സേവ നടക്കുന്നത്. മറ്റൊരു പ്രധാനി നാട്ടില്‍ നിന്ന് ഇടക്കിടെ വന്നുപോകുകയും ചെയ്യുന്നുണ്ട്. ഇയാള്‍ എത്തിയാല്‍ ബഹ്‌റൈനിലെ പല പ്രമുഖരും പൂജക്കായി കൊണ്ടുപോകാറുണ്ട്.

എല്ലാ ദിവസവും പൂജ നടക്കാറുണ്ടെങ്കിലും ബുധന്‍,ശനി ദിവസങ്ങളിലാണ് പ്രധാന വഴിപാടുകള്‍. മാസത്തിലൊരിക്കല്‍ സവിശേഷ പൂജകളും നടക്കാറുണ്ട്. കലശത്തിനായി അന്ന് ഇടപാടുകാര്‍ കോഴിയും മദ്യവുമായാണ് എത്തുക. കോഴിയും മദ്യവും ഇവിടുത്തെ വഴിപാടാണ്. പൂജകള്‍ക്കുശേഷം കോഴിക്കറിയും ഭക്ഷണവും മദ്യസേവയും പതിവാണ്.

പൂജയുള്ള ദിവസങ്ങളില്‍ ഇന്ത്യന്‍ ക്‌ളബിനുസമീപം വലിയ തിരക്ക് കാണാറുണ്ട്. എന്നാല്‍, പൂജയും വഴിപാടും അതീവ രഹസ്യമായി നടത്തുന്നതിനാല്‍ എന്തിനാണ് ആളുകള്‍ പോയിവരുന്നത് എന്ന് മാത്രം പലര്‍ക്കും അറിയില്ല. ആരുടെയെങ്കിലും റഫറന്‍സിലാണ് പുതിയ ആളുകള്‍ വരുന്നത്. നേരിട്ട് എത്താന്‍ കഴിയില്ല. എന്നാല്‍, ബഹ്‌റൈനിലെ സാമൂഹിക രംഗത്തും മറ്റും സജീവമായ നിരവധി മലയാളികള്‍ ഇവിടെ സ്ഥിരം സന്ദര്‍ശകരാണ്. കുട്ടിച്ചാത്തന്‍ സേവയുടെ പ്രചാരകരായി ഇവരില്‍ പലരും മാറിക്കഴിഞ്ഞു. ‘വിഷ്ണുമായ’ എന്ന പേരില്‍ വാട്‌സ് ആപ് ഗ്രൂപ്പും ഇവര്‍ തുടങ്ങിയിട്ടുണ്ട്. നാട്ടില്‍ പൂജ ചെയ്യാനായി പലരോടും വന്‍ തുക ഈടാക്കിയതായും അറിയുന്നു.
ബിസിനസ്‌തൊഴില്‍ പ്രശ്‌നങ്ങള്‍, ശത്രു സംഹാരം, ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളുമായാണ് ആളുകള്‍ ഇവിടം സന്ദര്‍ശിക്കുന്നത്. കുട്ടിച്ചാത്തന്‍ സേവ പോലുള്ള ആരാധനകളും ആഭിചാരക്രിയകളും ബഹ്‌റൈനില്‍ നിയമവിരുദ്ധമാണ്. എന്നാല്‍, ഹിന്ദു ക്ഷേത്രങ്ങളും വിവിധ ക്രിസ്റ്റ്യന്‍ ചര്‍ച്ചുകളും നിയമവിധേയമായി തന്നെ ഇവിടെയുണ്ട്. 200 വര്‍ഷം പഴക്കമുള്ള ഹിന്ദുക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗള്‍ഫ് രാജ്യമെന്ന നിലക്ക് ബഹ്‌റൈന്റെ ബഹുസ്വര സംസ്‌കാരം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ഇതിനിടയില്‍ നടക്കുന്ന കുട്ടിച്ചാത്തന്‍ സേവ പോലുള്ള കാര്യങ്ങള്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങള്‍ക്കുപോലും ചീത്തപ്പേരുണ്ടാക്കുമെന്ന ഭയം നിലനില്‍ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button