NewsIndia

രാജ്യസഭ: ഏഴ് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് ഇന്ന്

ന്യൂഡല്‍ഹി: ഏഴു സംസ്ഥാനങ്ങളില്‍ ഇന്ന് നടക്കുന്ന വോട്ടെടുപ്പില്‍ ഫോട്ടോഫിനിഷ് ഫലങ്ങള്‍ പ്രതീക്ഷിക്കുകയാണ് പാര്‍ട്ടികള്‍. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ പരമാവധി സീറ്റുകള്‍ നേടുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. കോണ്‍ഗ്രസിനാകട്ടെ, രാജ്യസഭയെന്ന പിടിവള്ളി കൈവിടാതെ നോക്കേണ്ടതുണ്ട്. ഏഴ് സംസ്ഥാനങ്ങളില്‍ ഫലപ്രവചനം അസാധ്യമാക്കുന്ന വിധത്തില്‍ കടുത്ത പോരാട്ടമാണ്.

15 സംസ്ഥാനങ്ങളില്‍ നിന്നായി രാജ്യസഭയിലേക്ക് ഒഴിവു വന്ന 57 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എട്ടു സംസ്ഥാനങ്ങളിലെ 30 സീറ്റുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ ജയിച്ചു. ബാക്കിയുള്ള 27 സീറ്റുകളിലേക്ക് പ്രമുഖ പാര്‍ട്ടികള്‍ക്ക് പുറമെ വ്യവസായികളും ധനികരായ കക്ഷിരഹിതരും രംഗത്തുണ്ട്. മല്‍സരരംഗത്തുള്ള കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, നിര്‍മല സീതാരാമന്‍, മുക്താര്‍ അബ്ബാസ് നഖ്‌വി, ചൗധരി ബീരേന്ദ്രസിങ് എന്നിവരുടെ വിജയം ഉറപ്പായിട്ടുണ്ട്. സുരേഷ് പ്രഭു, പീയൂഷ് ഗോയല്‍ എന്നിവര്‍ എതിരില്ലാതെ ജയിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനെയും ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര സോഷ്യലിസ്റ്റ് പ്രീതി മഹാപാത്രയെയും കേന്ദ്രീകരിച്ചാണ് യു.പിയിലെ പോരാട്ടം. സ്വന്തം സ്ഥാനാര്‍ഥികളായ സതീഷ് ചന്ദ്ര, അശോക് സിദ്ധാര്‍ഥ് എന്നിവരെ ജയിപ്പിക്കാന്‍ വേണ്ടതിനെക്കാള്‍ 12 വോട്ട് കൂടുതലുള്ള ബി.എസ്.പിയുടെ പിന്തുണയില്ലാതെ സിബലിന് ജയിക്കാനാവില്ല.

എന്നാല്‍, ആരെ ബി.എസ്.പി പിന്തുണക്കുമെന്ന് പാര്‍ട്ടി നേതാവ് മായാവതി ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ബി.എസ്.പി ഇതിനകം പിന്തുണ നല്‍കിയിട്ടുള്ളതാണ് സിബലിന്റെ ആശ്വാസം. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സുപ്രീംകോടതി അഭിഭാഷകന്‍ വിവേക് ടിങ്കക്ക് ഒരു വോട്ടാണ് ജയിക്കാന്‍ പുറത്തുനിന്ന് കിട്ടേണ്ടത്. അത് നല്‍കുമെന്നാണ് മായാവതിയുടെ വാഗ്ദാനം. യു.പിയില്‍ 29 എം.എല്‍.എമാരുള്ള കോണ്‍ഗ്രസിന് കപില്‍ സിബലിനെ ജയിപ്പിക്കാന്‍ അഞ്ചു പേരുടെകൂടി പിന്തുണ കിട്ടണം.

പാര്‍ട്ടിയില്‍ തിരിച്ചത്തെിയ അമര്‍ സിങ്, ബേനിപ്രസാദ് വര്‍മ എന്നിവരടക്കം ഏഴുപേരെയാണ് ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്. പക്ഷേ, ഏഴാമന് ഒമ്പത് ആദ്യ വോട്ടുകളുടെ കുറവുണ്ട്. എട്ട് എം.എല്‍.എമാരുള്ള അജിത് സിങ്ങിന്റെ ആര്‍.ജെ.ഡിക്കാണ് സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണ. 41 എം.എല്‍.എമാരുള്ള ബി.ജെ.പിക്ക് ശിവപ്രതാപ് ശുക്‌ളയെ ജയിപ്പിക്കാന്‍ വേണ്ടതിനെക്കാള്‍ ഏഴ് വോട്ട് കൂടുതലുണ്ട്. അത് മഹാപാത്രക്കാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. കര്‍ണാടകത്തില്‍ മൂന്നാമതൊരു സീറ്റ് പിടിക്കാന്‍ തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. ജനതാദള്‍എസാകട്ടെ, വിമതപ്രശ്‌നം നേരിടുകയാണ്. ജനതാദള്‍എസിന്റെ എം.എല്‍.എമാരെയും സ്വതന്ത്രരെയും കോഴ നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന്റെ പുകമറയിലാണ് കര്‍ണാടകത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യം പക്ഷേ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു.

122 എം.എല്‍.എമാരുള്ള കോണ്‍ഗ്രസിന് രണ്ടു സീറ്റില്‍ ജയിക്കാം. മുന്‍ മന്ത്രിമാരായ ജയറാം രമേശ്, ഓസ്‌കര്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ഇതുവഴി രാജ്യസഭയിലത്തെുന്നത്. മിച്ചമുള്ള 33 വോട്ടുകള്‍ മുന്നില്‍ക്കണ്ട് മുന്‍ ഐ.പി.എസ് ഓഫിസര്‍ കെ.സി. രാമമൂര്‍ത്തിയെ മൂന്നാമത്തെ സ്ഥാനാര്‍ഥിയാക്കിയിട്ടുമുണ്ട്. ജയത്തിന് പക്ഷേ 45 വോട്ട് വേണം. 40 അംഗങ്ങളുള്ള ജനതാദള്‍എസിന്റെ അഞ്ചു പേര്‍ പാളയത്തില്‍ പട നടത്തുകയാണ്. അവര്‍ കോണ്‍ഗ്രസിനെ സഹായിച്ചേക്കുമെന്നാണ് സൂചനകള്‍.

ജനതാദള്‍എസിനാകട്ടെ, സ്വന്തം സ്ഥാനാര്‍ഥി ബി.എം. ഫാറൂഖിനെ ജയിപ്പിക്കാന്‍ അഞ്ച് വോട്ടുകൂടി വേണം. 44 അംഗങ്ങളുള്ള ബി.ജെ.പിക്ക് നിര്‍മല സീതാരാമനെ രാജ്യസഭയില്‍ എത്തിക്കാന്‍ ഒരു വോട്ടുകൂടി കിട്ടണം.

ഹരിയാനയില്‍ സീ മീഡിയ മേധാവി സുഭാഷ് ചന്ദ്രയും ഐ.എന്‍.എല്‍.ഡി സ്ഥാനാര്‍ഥി ആര്‍.കെ. ധവാനും തമ്മിലാണ് ഒരു സീറ്റിന് ഏറ്റുമുട്ടല്‍ നടക്കുന്നത്. ബി.ജെ.പിക്ക് 11 വോട്ടിന്റെ കുറവുണ്ട്. ഐ.എന്‍.എല്‍.ഡിക്ക് 12 വോട്ട് വേണം. ധവാനെ അനുകൂലിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button