Kerala

പ്രമുഖ സീരിയല്‍ നടിയുടെ പേരില്‍ പെണ്‍വാണിഭം; പരാതിയുമായി നടി

തിരുവനന്തപുരം ● പ്രമുഖ സീരിയല്‍ നടിയുടെ ചിത്രങ്ങളും മൊബൈല്‍ നമ്പരും ദുരുപയോഗം ചെയ്ത് പെണ്‍വാണിഭം. ഒരു ഓണ്‍ലൈന്‍ പെണ്‍വാണിഭ സൈറ്റിലാണ് നടിയുടെ ചിത്രവും മൊബൈല്‍ നമ്പരും നല്‍കി പരസ്യം പ്രത്യക്ഷപ്പെട്ടത്. ഒരു രാത്രിയ്ക്കു അരലക്ഷം മുതല്‍ മുക്കാല്‍ ലക്ഷം വരെയാണ് നിരക്കെന്നും പരസ്യത്തില്‍ ഉണ്ടായിരുന്നു.

മലയാളത്തിലെ മുന്‍നിര ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലിലെ നായികയുടെ ചിത്രമാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭസൈറ്റില്‍ എത്തിയത്. പരസ്യം കണ്ട് ഇടപാടുകാര്‍ ഫോണിലേക്ക് വിളിക്കാന്‍ തുടങ്ങിയതോടെയാണ് ഇക്കാര്യം നടിയും അറിയുന്നത്. തുടര്‍ന്ന് ഇവര്‍ കേരള പോലീസിന്റെ ഹൈ-ടെക് സെല്ലില്‍ പരാതി നല്‍കി.

പരസ്യം വന്നതോടെ നടിയുടെ ഫേസ്ബുക്ക്‌ അക്കൗണ്ടിലേക്കും അശ്ലീല സന്ദേശങ്ങള്‍ പ്രവഹിച്ചിരുന്നു. ഇതോടെ നടി ഫേസ്ബുക്ക്‌ അക്കൗണ്ട്‌ നിര്‍ജീവമാക്കുകയും ചെയ്തു.

വിദേശത്ത് രജിസ്റ്റര്‍ ചെയ്ത സൗജന്യ ഓണ്‍ലൈന്‍ ക്ലാസിഫൈഡ്സ് വെബ്‌സൈറ്റുകളിലാണ് ഇത്തരത്തില്‍ പെണ്‍വാണിഭ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. അതിനാല്‍ തന്നെ ഇത് പോസ്റ്റ്‌ ചെയ്യുന്നവരെ കണ്ടെത്തുക ശ്രമകരമാണ്. ആര്‍ക്കും പരസ്യങ്ങള്‍ പോസ്റ്റ്‌ ചെയ്യാന്‍ കഴിയുമെന്നതിനാല്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button