KeralaNews

ഫേസ്ബുക്ക് സെല്‍ഫി കെണിയായി; 7 വര്‍ഷത്തിനുശേഷം കൊലപാതകി അറസ്റ്റില്‍

ചെന്നൈ: സോഷ്യല്‍ മീഡിയയിലെ സെല്‍ഫി ഭ്രമം അടുത്തകാലത്ത് ഏറെ ദുരന്തങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും നിന്നും മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ, ചെന്നൈ സ്വദേശിയുടെ സെല്‍ഫി ഭ്രമം പോലീസ് വര്‍ഷങ്ങളായി തേടിക്കൊണ്ടിരിക്കുന്ന കൊലപാതകിയിലേക്കുള്ള ചൂണ്ടയായി. ഭാര്യയെ കൊലപ്പെടുത്തി നാടുവിട്ട് ഒളിവില്‍ കഴിയുന്നയാളാണ് സെല്‍ഫിയില്‍ കുടുങ്ങിയത്. 2009 ഓഗസ്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയുമായുള്ള വഴക്കിനിടെ 45കാരനായ മണിയെന്നയാള്‍ കൊലപാതകം നടത്തുകയായിരുന്നു.

ഭാര്യ മറ്റൊരാളുമായി ബന്ധപ്പെടുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപ്പെടുത്തിയത്.
അരിയൂര്‍ സ്വദേശിയായ ഇയാള്‍ കൊലപാതകത്തിനുശേഷം നാടുവിടുകയും ചെയ്തു. പോലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ ഇയാളുടെ സെല്‍ഫി ഒരു ബന്ധു കണ്ടതോടെയാണ് പഴയ കേസിന് വീണ്ടും ജീവന്‍വെച്ചത്. പ്രതിയുടെ ബന്ധു ഇക്കാര്യം പോലീസ് അറിയിക്കുകയായിരുന്നു.ഫേസ്ബുക്ക് വഴി പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ചെന്നൈയിലെ ഒരു ഹോട്ടലില്‍ ജീവനക്കാരനായി കഴിയുകയാണെന്ന് കണ്ടെത്തി. കന്തസ്വാമി എന്ന വ്യാജപ്പേരിലാണ് ഇയാള്‍ ഹോട്ടലില്‍ കഴിഞ്ഞിരുന്നത്. പോലീസ് എത്തി പ്രതിയെ കൈയ്യോടെ പിടികൂടുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.

shortlink

Post Your Comments


Back to top button